Kerala
കയ്പമംഗലത്ത് എട്ടുപേര്‍ മരിച്ച അപകടം; നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കി അമിത വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലെന്നു കണ്ടെത്തി
കാറില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും മദ്യലഹരിയിലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി
തൃശൂര്‍ | കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചത്, നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കി അമിത വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണെന്നു കണ്ടെത്തി. റൂം എടുക്കുന്നതിനു വേണ്ടി എട്ടംഗസംഘം തളിക്കുളം പത്താംകല്ലില്‍ നാട്ടുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതോടെ നാട്ടുകാര്‍ വാടാനപ്പിള്ളി പോലീസിന് വിവരം കൈമാറുകയായിരുന്നു.
പോലീസ് എത്തുമെന്നായതോടെ സംഘം വേഗത്തില്‍ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിടിയിലാകാതിരിക്കാന്‍ അമിതവേഗത്തില്‍ കൊച്ചിയിലേക്ക് കടക്കുന്നതിനിടയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത് എന്നാണ് കണ്ടെത്തല്‍. കാറില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ എട്ടുപേരും മദ്യലഹരിയിലെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. വിശദ പരിശോധനയ്ക്കായി സാമ്പിളുകള്‍ കാക്കനാട് കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു.
നാട്ടുകാരുമായി ഇവര്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതുമായി ബന്ധപ്പെട്ടു തളിക്കുളം പത്താംകല്ലിലെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. മൂന്നുപീടിക ബൈപാസിന്റെ തുടക്കത്തിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കിയ സെല്‍റ്റോസ് കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുവായൂര്‍ ഭാഗത്തു നിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു കാര്‍.
പനമ്പിക്കുന്നില്‍ മൂന്നുപീടിക വരെ മാത്രമേ ദേശീയപാതയിലൂടെ വാഹനങ്ങള്‍ പോകുകയുള്ളൂ. പണി നടക്കുന്നതിനാല്‍ ഇവിടെ നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങി വേണം സഞ്ചരിക്കാന്‍. ഈ സ്ഥലത്താണ് ദേശീയപാതയില്‍ ലോറി നിര്‍ത്തിയിട്ടിരുന്നത്. അതിവേഗത്തിലെത്തിയ കാര്‍ സര്‍വീസ് റോഡിലേക്ക് ഇറങ്ങാന്‍ സാധിക്കാതെ നേരെ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
Content Highlights:
Eight Tamil Nadu students died in a horrific car crash at Kaipamangalam in Thrissur. Investigation revealed they were speeding to escape police after clashing with locals in Thalikulam while drunk. Their speeding car rammed into a parked lorry near the NH bypass service road entry.




