Connect with us

Operation Lotus

277 എം എല്‍ എമാരെ വാങ്ങാന്‍ ബി ജെ പി ചെലവാക്കിയത് 5,500 കോടി: കെജ്രിവാള്‍

വിവിധ സംസ്ഥാന സര്‍ക്കാറുകളെ അട്ടിമറിക്കുന്നത് കോടികള്‍ മുടക്കിയുള്ള ചാക്കിട്ടുപിടുത്തത്താല്‍

Published

|

Last Updated

ന്യൂഡല്‍ഹി |  വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകളെ അട്ടിമറിക്കാനായി എം എല്‍ എമാരെ വാങ്ങാന്‍ ബി ജെ പി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കോര്‍പറേറ്റുകളുടെ പണം ഉപയോഗിച്ചു ബി ജെ പി നടത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തെ സംബന്ധിച്ചായിരുന്നു കെജ്രിവാളിന്റെ വെളിപ്പെടുത്തല്‍.
വിവിധ പാര്‍ട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീട് ബി ജെ പിയില്‍ ചേര്‍ന്നത് ഇതുവരെ 277 എം എല്‍ എമാരാണ്. അവര്‍ക്ക് 20 കോടി വീതം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ ആകെ 277 എം എല്‍ എമാര്‍ക്കായി 5,500 കോടിയാണ് ബി ജെ പി ചെലവാക്കിയിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡല്‍ഹിയിലെ 40 എ എ പി എം എല്‍ എമാരെ വാങ്ങാന്‍ 800 കോടി ബി ജെ പി വിലപറഞ്ഞതായി കഴിഞ്ഞദിവസം കേജ്രിവാള്‍ ആരോപിച്ചിരുന്നു. വെള്ളിയാഴ്ച ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് പുതിയ ആരോപണം കേജ്രിവാള്‍ ഉന്നയിച്ചത്.

ബി ജെ പിയുടെ ഈ കുതിരക്കച്ചവടമാണ് രാജ്യത്ത് നാണ്യപ്പെരുപ്പം വര്‍ധിപ്പിക്കുന്നത്. ജനങ്ങളുടെ പണം വച്ചാണ് അവര്‍ എം എല്‍ എമാരെ വാങ്ങിയത്. സാധാരണക്കാരുടെ ചെലവില്‍ എം എല്‍ എമാരെ വാങ്ങുകയാണ് ബി ജെ പി. നാണ്യപ്പെരുപ്പം കാരണം പാവപ്പെട്ട ജനങ്ങളുടെ ജീവിതം തുലാസ്സിലാണ്.

ഇന്ത്യയിലുടനീളം ബി ജെ പി ‘ഓപ്പറേഷന്‍ ലോട്ടസ്’ നടത്തിക്കൊണ്ടിരിക്കുന്നു. അടുത്തിടെ അവര്‍ മഹാരാഷ്ട്ര സര്‍ക്കാറിനെ അട്ടിമറിച്ചു. ഇപ്പോള്‍ ജാര്‍ഖണ്ഡിനെയാണ് നോട്ടമിടുന്നത്. വീണ്ടും ഡല്‍ഹിയില്‍ കണ്ണുവെക്കുന്നതായും കേജ്രിവാള്‍ പറഞ്ഞു.

 

ഉദ്ധവ് താക്കറെ സര്‍ക്കാറിനെ അട്ടിമറിച്ചപ്പോള്‍ ഓപ്പറേഷന്‍ താമരയില്‍ വീഴുന്ന ആറാമത്തെ സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയശേഷമാണ് ഒന്നിന് പിന്നാലെ മറ്റൊന്നായി ബി ജെ പി ഇതര സര്‍ക്കാറുകള്‍ വീഴ്താന്‍ തുടങ്ങിയത്. ഗോവ, അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, മേഘാലയ എന്നിങ്ങനെ രാജ്യത്തിന്റെ എല്ലാ ദിക്കിലും ഓപ്പറേഷന്‍ താമരയിലൂടെ ബി ജെ പി അധികാരത്തിലെത്തി. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കോണ്‍ഗ്രസ് നേതാക്കളില്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ച ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഗോവയില്‍ ബി ജെ പി ഭരണം പിടിച്ചത്. 15 കോണ്‍ഗ്രസ് എം എല്‍ എമാരെയും 2 ജെ ഡി എസ് എം എല്‍ എമാരെയും ബി ജെപി യില്‍ കൊണ്ടുവന്നാണ് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ കര്‍ണാടകത്തില്‍ അട്ടിമറിച്ചിട്ടത്.

ആം ആദ് മി പാര്‍ട്ടി പിളര്‍ത്താന്‍ കൂട്ടു നില്‍ക്കുകയാണെങ്കില്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനം നല്‍കിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

 

Latest