National
ബിഹാറില്‍ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ഉപദ്രവിച്ച കേസ്; രക്ഷപ്പെടാന്‍ ശ്രമിച്ച മുഖ്യപ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി
പട്നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ജാമുയിയില്‍ സെപ്തംബര്‍ 19നാണ് സംഭവം നടന്നത്.
പാറ്റ്‌ന | ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് വെടിവെച്ച് പിടികൂടി. കേസിലെ പ്രധാന പ്രതിയായ നന്ദന്‍ യാദവിനാണ് വെടിയേറ്റത്.സംഭവത്തില്‍ നന്ദന്‍ യാദവിന്റെ സുഹൃത്ത് ഹരിറാമും അറസ്റ്റിലായിട്ടുണ്ട്
ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പോലീസ് പിടികൂടാനെത്തിപ്പോള്‍ ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് നന്ദന്‍ യാദവിനെ പോലീസ് വെടിവെച്ചു വീഴ്ത്തിയത്. രക്ഷപ്പെടാന്‍ ഓടവെ ഹരിറാമിന് വീണ് കാലിന് ഒടിവ് പറ്റുകയുമുണ്ടായി. ഇരുവരെയും ജാമുയി സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതുവരെ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം വിഷയം രാഷ്ട്രീയമായി വലിയ ചര്‍ച്ചയായതോടെ സര്‍ക്കാറിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി സമ്രാട്ട് ചൗധരി ഉടന്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി.
രാത്രി വൈകി സഞ്ചരിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ആരെങ്കിലും ഉപദ്രവിച്ചാല്‍ പിറ്റേദിവസം രാവിലെ താന്‍ രാജി വെക്കുമെന്നും മുഖ്യമന്ത്രി മുമ്പ് നടത്തിയ അവകാശവാദം തേജസ്വി യാദവ് ഓര്‍മ്മിപ്പിച്ചു.
ഇതിനിടയില്‍ ഇരയായ പെണ്‍കുട്ടിയുടെ മുഖമോ തിരിച്ചറിയുന്ന വിവരങ്ങളോ വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എ ഡി ജി പി .കെ സുഹിത അനുപം മുന്നറിയിപ്പ് നല്‍കി. പോക്സോ നിയമപ്രകാരം ഇത് കുറ്റകരമാണെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Bihar police shot and captured prime accused Nandan Yadav while his accomplice Hariram was also arrested in connection with the Jamui assault case. Opposition leader Tejashwi Yadav demanded the resignation of CM Samrat Choudhary over law and order. Police warned of strict action against sharing victim visuals.





