Editorial
തുര്‍ക്കുമാന്‍ ഗേറ്റിനെ ഓര്‍മിപ്പിക്കുന്നു ബെംഗളൂരു യലഹങ്ക
കുടിയൊഴിപ്പിക്കപ്പെട്ട ബെംഗളൂരു യലഹങ്കയിലെ ഇരകള്‍ക്ക് അടിയന്തര പുനരധിവാസ പാക്കേജ് നടപ്പാക്കേണ്ടതുണ്ട്. താത്കാലികമായി സര്‍ക്കാര്‍ ചെലവില്‍ താമസ സംവിധാനം ഒരുക്കുകയും സ്ഥിരം വീടുകള്‍ നിര്‍മിച്ചു നല്‍കി സുരക്ഷിതമായ താമസം ഉറപ്പാക്കുകയും വേണം.
ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെയും അസമിലെ ഹിമന്ത ബിശ്വ സര്‍ക്കാറിന്റെയും ഫാസിസ്റ്റ് ഭരണ ശൈലി കടമെടുത്തിരിക്കുന്നു കര്‍ണാടക സര്‍ക്കാര്‍. പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന ബെംഗളൂരു യലഹങ്ക ഫഖീര്‍ കോളനിയിലെയും വസീം ലേഔട്ടിലെയും നൂറുകണക്കിനു വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് പ്രായം ചെന്നവരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളെ വഴിയാധാരമാക്കിയിരിക്കുകയാണ് സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ്സ് ഭരണകൂടം. തണുത്തു വിറക്കുന്ന ബെംഗളൂരുവില്‍ കൈക്കുഞ്ഞുങ്ങളുമായി തെരുവില്‍ കഴിയേണ്ട അവസ്ഥയാണ് കുടിയിറക്കപ്പെട്ടവര്‍ക്ക്. 30 വര്‍ഷത്തിലേറെയായി ഇവിടെ താമസിച്ചു വരുന്ന 350ലേറെ വരുന്ന കുടുംബങ്ങളെയാണ് സര്‍ക്കാര്‍ നിഷ്‌കരുണം വീടുകള്‍ തകര്‍ത്ത് കുടിയിറക്കിയത്.
യു പിയിലെ ബുള്‍ഡോസര്‍ രാജിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന കോണ്‍ഗ്രസ്സ്, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തും സംഘ്പരിവാറിന്റെ ഹിംസാത്മക നയം നടപ്പാക്കുന്നതിനെതിരെ ദേശീയതലത്തില്‍ കടുത്ത വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കായി നീക്കിവെച്ച സ്ഥലമാണിതെന്നും കുടുംബങ്ങള്‍ അനധികൃതമായി കൈയേറിയാണ് വീട് വെച്ചതെന്നുമാണ് അധികൃത ഭാഷ്യം. കെട്ടിടം അനധികൃതമാണെങ്കില്‍ നടപടിയെടുക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ട്. അതുപക്ഷേ നിയമപരമായ ചട്ടങ്ങള്‍ പാലിച്ചായിരിക്കണം. ആദ്യം നോട്ടീസ് നല്‍കണം. മറുപടിക്കും സ്വന്തം ഭാഗം വിശദീകരിക്കാനും വീട്ടുകാര്‍ക്ക് 45-60 ദിവസം വരെ സമയം നല്‍കണം. ജുഡീഷ്യല്‍ പരിഹാരം തേടുന്നതിന് ചുരുങ്ങിയത് എട്ട് ആഴ്ചത്തെ കാലയളവ്. പുനരധിവാസ പദ്ധതികള്‍ തുടങ്ങി സുപ്രീം കോടതി മുന്നോട്ടുവെച്ച ഇത്തരം വ്യവസ്ഥകളൊന്നും പാലിക്കാതെ പെട്ടെന്നൊരു ദിവസം പുലര്‍ച്ചെ നാല് മണിക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ നാല് ബുള്‍ഡോസറുകളും 150 പോലീസുകാരുമെത്തി വീടുകള്‍ പൊളിച്ചു നീക്കുന്നത് ഭരണപരമായ അവകാശമല്ല, പൗരാവകാശങ്ങളെ കവര്‍ന്നെടുക്കലാണ്. പാവപ്പെട്ടവന്റെ കണ്ണീരിന്റെ മേലാകരുത് വികസനവും പദ്ധതി പ്രവര്‍ത്തനങ്ങളും. ഒരു കെട്ടിടം പൊളിയുമ്പോള്‍ സിമന്റും ഇഷ്ടികയും മാത്രമല്ല തകരുന്നത്, അതിനകത്ത് താമസിക്കുന്ന മനുഷ്യരുടെ സുരക്ഷയും ജീവനും കൂടിയാണ്. ഇതോടൊപ്പം രാജ്യത്തെ ജനാധിപത്യ വാഴ്ചയും തകരുന്നു.
യലഹങ്ക ഫഖീര്‍ കോളനിയിലെ കെട്ടിടങ്ങള്‍ അനധികൃതമാണെങ്കില്‍ അതിന് ഉത്തരവാദി ആരാണ്? ഒറ്റ ദിവസത്തിനകമല്ല ഒരുവീട് ഉയരുന്നത.് ആഴ്ചകളോ മാസങ്ങളോ നീണ്ട നിര്‍മാണ പ്രവര്‍ത്തനത്തിലൂടെയാണ്. അന്നേരം ഉദ്യോഗസ്ഥരും നഗരഭരണകൂടവും എവിടെയായിരുന്നു? വീടുകളില്‍ താമസക്കാര്‍ക്ക് വൈദ്യുതിയും ജലസൗകര്യവും ലഭിച്ചതെങ്ങനെ? വോട്ടര്‍ ഐ ഡി, ആധാര്‍ തുടങ്ങി രേഖകളുമുണ്ട് അവരുടെ കൈവശം. ഈ കാലയളവിലെല്ലാം കണ്ണടച്ചിരുന്ന ഭരണകൂടം ദശാബ്ദങ്ങള്‍ക്ക് ശേഷം താമസക്കാരെ വഴിയാധാരമാക്കുന്നതിന്റെ ഔചിത്യമെന്ത്? ആദ്യം ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ക്കും നിരുത്തരവാദ നടപടികള്‍ക്കുമെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിക്കേണ്ടത്.
വീട് നഷ്ടപ്പെടുന്നതില്‍ ഒതുങ്ങുന്നില്ല ബുള്‍ഡോസര്‍ രാജിന്റെ പ്രത്യാഘാതം. ശുചിമുറി സൗകര്യങ്ങളും കുടിവെള്ളവും ഇല്ലാതായതോടെ പകര്‍ച്ചവ്യാധി ഉള്‍പ്പെടെ കടുത്ത ആരോഗ്യ പ്രശ്നത്തിലേക്കും എടുത്തെറിയപ്പെടും ഇരകള്‍. കോളനിയിലെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. പരീക്ഷാ സമയങ്ങളില്‍ ഇത്തരം നടപടികള്‍ കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്നു.
അനധികൃതമെന്ന പേരില്‍ നടക്കുന്ന ഏത് പൊളിച്ചു നീക്കല്‍ നടപടികള്‍ക്കും വിധേയമാകുന്നത് സാധാരണക്കാരും ചെറുകിട വ്യാപാരികളുമാണ്. അനധികൃതമായി സ്ഥലം കൈയേറിയും നിയമങ്ങള്‍ പാലിക്കാതെയും പടുത്തുയര്‍ത്തപ്പെട്ട കോര്‍പറേറ്റുകളുടെയും രാഷ്ട്രീയ പ്രമുഖരുടെയും വന്‍കിട കെട്ടിടങ്ങളുണ്ട് രാജ്യത്തെമ്പാടും. അത്തരം കെട്ടിടങ്ങള്‍ക്കു നേരെ ഭരണാധികാരികളുടെ ബുള്‍ഡോസറുകള്‍ നീങ്ങാറില്ല. ഇന്ത്യയില്‍ ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളിലധികവും മുസ്‌ലിംകളുടേതാണെന്നത് യാദൃച്ഛികമാകാനിടയില്ല.
കുടിയൊഴിപ്പിക്കപ്പെട്ട ബെംഗളൂരു യലഹങ്കയിലെ ഇരകള്‍ക്ക് അടിയന്തര പുനരധിവാസ പാക്കേജ് നടപ്പാക്കേണ്ടതുണ്ട്. താത്കാലികമായി സര്‍ക്കാര്‍ ചെലവില്‍ താമസ സംവിധാനം ഒരുക്കുകയും സ്ഥിരം വീടുകള്‍ നിര്‍മിച്ചു നല്‍കി സുരക്ഷിതമായ താമസം ഉറപ്പാക്കുകയും വേണം. അന്തിയുറങ്ങാന്‍ സുരക്ഷിതമായൊരിടം പൗരന്മാരുടെ അവകാശമാണെന്ന് സുപ്രീം കോടതി പലവട്ടം ഓര്‍മിപ്പിച്ചതാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ പരിധിയിലും വരുന്നു സ്വന്തമായൊരു പാര്‍പ്പിടം.
ബുള്‍ഡോസര്‍ രാജിന് രാജ്യത്ത് തുടക്കം കുറിച്ചത് 1976ല്‍ അടിയന്തരാവസ്ഥാ കാലത്ത് ഡല്‍ഹി തുര്‍ക്കുമാന്‍ ഗേറ്റിലായിരുന്നു. നഗര സൗന്ദര്യവത്കരണത്തിന്റെ പേരില്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ബുള്‍ഡോസര്‍ രാജില്‍ നൂറുകണക്കിനു ചേരിപ്രദേശക്കാരാണ് ഇരകളായത്. രാഷ്ട്രീയ അടിച്ചമര്‍ത്തലും മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കുരുതിയുമായിരുന്നു അന്ന് തുര്‍ക്കുമാന്‍ ഗേറ്റില്‍ നടന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ സഞ്ജയ് ഗാന്ധിയുടെ നിര്‍ദേശാനുസാരം പോലീസ് നടത്തിയ വെടിവെപ്പിലും ബുള്‍ഡോസറുകള്‍ക്കടിയില്‍ ചതഞ്ഞരഞ്ഞും നിരവധി പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയ കാലമായതിനാല്‍ മരണപ്പെട്ടവരുടെ യഥാര്‍ഥ കണക്ക് പുറത്തുവന്നില്ല. ബെംഗളൂരുവിലെ യലഹങ്ക ഫഖീര്‍ കോളനിയിലെ ബുള്‍ഡോസര്‍ രാജിന് “തുര്‍ക്കുമാന്‍ ഗേറ്റു’മായി ചില സാമ്യതകളുണ്ട്. രണ്ടും കോണ്‍ഗ്രസ്സ് ഭരണത്തിലാണ്. നഗരവത്കരണത്തിന്റെ പേരിലും. 1976ലേത് അധികാരത്തിന്റെ ഹുങ്കില്‍ നടത്തിയ അടിച്ചമര്‍ത്തലിന്റെ ഭാഗമായിരുന്നുവെങ്കില്‍, ഇന്ന് അനധികൃത നിര്‍മാണം എന്ന ആരോപണം ഉയര്‍ത്തി ഭരണപരമായ നടപടിയുടെ ഭാഗമായി ഇത് മാറിയിരിക്കുന്നു. ഭരണകൂട ഭീകരതക്ക് നിയമ നടപടിയുടെ മേലങ്കി ചാര്‍ത്തുന്നത് അപഹാസ്യമാണ്.

