Connect with us

സാഹിത്യം

നിരാശക്കടലിലെ പ്രത്യാശാദീപങ്ങൾ

മയക്കോവ്സ്കിയുടെ കവിതകളുടെ പ്രധാന സവിശേഷത അവയിൽ നിറഞ്ഞു നിൽക്കുന്ന പ്രസാദാത്മകതയാണ്. ജീവിതത്തിന്റെ ദൈനംദിന വ്യവഹാരങ്ങളിൽ ഉഴറുന്നവർക്ക് അവ പ്രതീക്ഷയും പ്രത്യാശയും നൽകുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ കവിയെ തളർത്തിയെന്നത് നേരാണ്. എന്നാൽ ആ നിരാശാബോധം തന്റെ വായനക്കാർക്ക് പകർന്നു നല്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. നേരെമറിച്ച് ജീവിതപാഠങ്ങളെ സമചിത്തതയോടെ സ്വീകരിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മയക്കോവ്സ്കി എന്ന കവിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും സവിശേഷവും സമ്മോഹനവുമായ അടയാളമാണിത്.

Published

|

Last Updated

വിപ്ലവാനന്തര റഷ്യൻ സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് വ്ലജീമിർ മയക്കോവ്സ്കി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സോവിയറ്റ് കവിതയുടെ ഒരു പ്രബലധാരയായി അവതരിച്ച ഫ്യുച്ചറിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യശിൽപ്പിയായിരുന്നു അദ്ദേഹം. കാവ്യരചനയുടെ പഴയ പാരമ്പര്യങ്ങളെയെല്ലാം തിരസ്കരിച്ചുകൊണ്ട് ഭാഷയിലും ആഖ്യാനത്തിലും പുതുമ കൊണ്ടുവന്നവരായിരുന്നു ഫ്യൂച്ചറിസ്റ്റുകൾ. ഈ പ്രസ്ഥാനത്തിന്റെ ജനകീയതയ്ക്കും പൊതുസ്വീകാര്യതക്കും വേണ്ടി തന്റെ സർഗശക്തി പൂർണമായും ഉപയോഗിച്ച കവിയായിരുന്നു മയക്കോവ്സ്കി. അക്കാലത്ത് സോവിയറ്റ് റഷ്യയുടെ അക്ഷരലോകത്ത് നിറഞ്ഞുനിന്ന ഈ കവിയെ അലെക്‌സാണ്ടർ ബ്ലോക്ക്, സെർഗെയ് യെസേനിൻ എന്നീ പ്രമുഖർക്കൊപ്പമാണ് സാഹിത്യചരിത്രം പ്രതിഷ്ഠിച്ചിരിക്കുന്നത്.

ജോർജിയയിലെ ബാഗ്ദാദി എന്ന ഗ്രാമത്തിൽ 1893 ജൂലൈ പത്തൊൻപതിനാണ് വ്ലജീമിർ വ്ലജീമിറവിച്ച് മയക്കോവ്സ്കി (Vladimir Vladimorovich Mayakovsky) ജനിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്തുതന്നെ പിതാവ് മരണപ്പെട്ടതിനെത്തുടർന്ന് കുടുംബം മോസ്കോയിലേക്ക് താമസം മാറ്റി . 1905 ലെ വിപ്ലവത്തിന്റെ കാലത്ത് സോഷ്യൽ ഡെമോക്രാറ്റ് സംഘത്തിൽ പ്രവർത്തിച്ച മയക്കോവ്സ്കി 1907ൽ ബോൾഷെവിക്ക് പ്രസ്ഥാനത്തിൽ ചേർന്നു. അതിനെത്തുടർന്ന് 1908 ൽ അധികാരികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള പതിനൊന്ന് മാസത്തെ കാരാഗൃഹവാസം മയക്കോവ്സ്കിയുടെ രാഷ്ട്രീയജീവിതത്തെ മാത്രമല്ല സർഗജീവിതത്തേയും പുഷ്കലമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു എന്നതാണ് സത്യം. ലോകസാഹിത്യത്തിലെ മിക്ക പ്രമുഖ രചനകളും അദ്ദേഹം വായിച്ചത് അക്കാലത്താണ്. ജയിൽ മോചിതനായതിനെത്തുടർന്ന് കവിതയെഴുത്തിൽ സജീവമായ മയക്കോവ്സ്കി റഷ്യയിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന, വിപ്ലവാശയങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും അവ തന്റെ രചനകളിലൂടെ പൊതുസമൂഹത്തിലേക്ക് പടർത്തുകയും ചെയ്തു.

സാഹിത്യരചനയുടെ നിലവിലുള്ള രീതിശാസ്ത്രത്തെ പാടെ നിരാകരിച്ചുകൊണ്ട് പുതിയ കാലത്തിന്റെ ആവശ്യകതക്കനുസരിച്ച് അതിനെ പുതുക്കിപ്പണിയുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാണ് മയക്കോവ്സ്കിയുടെ നേതൃത്വത്തിൽ ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനം സോവിയറ്റ് സാഹിത്യത്തിൽ ഉദയം കൊണ്ടത്. പുതിയ കാലത്തിന്റെ മുഖമാണ് തങ്ങളെന്ന് ഉറക്കെ പ്രഖ്യാപിച്ച അവർ പഴയകാലത്തെ എല്ലാ പ്രവണതകളേയും തകർത്തെറിയുവാൻ എഴുത്തുകാരെ ആഹ്വാനം ചെയ്തു. വായനാലോകം അതുവരെ കണ്ടിട്ടില്ലാത്തവിധം പുതുമ നിറഞ്ഞതും പരീക്ഷണോന്മുഖവുമായിരുന്നു ഇവരുടെ രചനകൾ. ജീവിതത്തെയും കാലത്തെയും സമൂഹത്തെയും പുതിയൊരു കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന ആഖ്യാനരീതിയും, കാവ്യസന്ദർഭങ്ങൾക്കുവേണ്ടി പുതിയതായി നിർമിച്ച പദങ്ങൾ ഉപയോഗിച്ച ഭാഷയുംകൊണ്ട് സോവിയറ്റ് റഷ്യയുടെ സാഹിത്യമണ്ഡലത്തിൽ അസാധാരണമാം വിധം അവ സഹൃദയ ശ്രദ്ധ നേടുകയുണ്ടായി. അതോടൊപ്പം പാരമ്പര്യവാദികളായ എഴുത്തുകാരും വായനക്കാരും അവയ്ക്ക് പുറംതിരിഞ്ഞുനിന്നു എന്നതും വസ്തുതയാണ്.

എഴുത്തിന്റെ ബഹുമുഖമേഖലകളിൽ തന്റെ സർഗസിദ്ധി വ്യാപിപ്പിച്ച പ്രതിഭയായിരുന്നു വ്ലജീമിർ മയക്കോവ്സ്കി. ആത്യന്തികമായി അദ്ദേഹം കവിയായിരുന്നു. എന്നാൽ സോവിയറ്റ് സാഹിത്യത്തിലെ ഉന്നതരായ നാടകകൃത്തുക്കളിൽ ഒരാൾ എന്ന പദവിക്കും അദ്ദേഹം അർഹനായി. ഒപ്പം നല്ലൊരു ഉപന്യാസകാരനും ചിത്രകാരനുമായിരുന്നു മയക്കോവ്സ്കി. റഷ്യൻ വിപ്ലവത്തിന്റെ കാലത്ത് അദ്ദേഹം നിർമിച്ച നിരവധി പോസ്റ്ററുകൾ ആ രംഗത്തെ അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തിന്റെ നിദർശനങ്ങളാണ്. ഹ്രസ്വവും ദീർഘവുമായ ഒട്ടേറെ കവിതകൾ പലതും രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ്. അവയിൽ ഏറെ പ്രശസ്തമായവ A Cloud in Trousers (1915), Backbone Flute (1916), 150 000 000 (1921), Vladimir Ilyich Lenin (1924), All Right! (1927) എന്നിവയാണ്. നാടകങ്ങളിൽ പ്രമുഖമായ The Bedbug (1928), The Bathhouse (1929) എന്നിവ ആക്ഷേപഹാസ്യത്തിന്റെ ജനുസ്സിൽ ഉൾപ്പെടുന്നവയാണ്. ലെനിന്റെ മരണം കവിയെ ഏറെ ദുഃഖിതനാക്കിയപ്പോൾ ആ രാഷ്ട്രനേതാവിനോടുള്ള ആദരാഞ്ജലിയായി അദ്ദേഹത്തിന്റെ തൂലികയിൽനിന്നും പിറന്ന കവിതയാണ് Vladimir Ilyich Lenin. സോവിയറ്റ് യൂനിയനിലെ ഫാക്ടറികളിലും പണിശാലകളിലും കൃഷിസ്ഥലങ്ങളിലുമെല്ലാം കാലങ്ങളോളം ഈ കവിത ആലപിക്കപ്പെട്ടിരുന്നുവെന്നത് കവിയുടെ ജനകീയതയുടെ ഏറ്റവും ഉജ്ജ്വലമായ നിദർശനമായാണ് കണക്കാക്കുന്നത്. My Discovery of America (1925) അദ്ദേഹത്തിന്റെ പ്രധാന ഉപന്യാസ സമാഹാരമാണ്.

അതികായനായിരുന്നു മയക്കോവ്സ്കി. ഗൗരവം സ്ഫുരിക്കുന്ന പരുക്കൻ മുഖം, ദൃഢമായ ശരീരം, ഗാംഭീര്യമുള്ള ശബ്ദം, കത്തുന്ന തീക്ഷ്‌ണമായ കണ്ണുകൾ…. എന്നാൽ ഇവയെല്ലാം അദ്ദേഹത്തിന്റെ ബാഹ്യസവിശേഷതകൾ മാത്രമായിരുന്നു. ആന്തരികമായി സൗമ്യനും ആർദ്രഹൃദയനുമായിരുന്നു അദ്ദേഹം.

സഹജീവികളോട് സ്നേഹവും സഹാനുഭൂതിയും പ്രകടിപ്പിച്ചിരുന്ന അതീവലോലമായ മനസ്സിന്റെ ഉടമ. തീരെ ചെറിയ പ്രശ്നങ്ങൾ പോലും അദ്ദേഹത്തിന്റെ മനസ്സിനെ തളർത്തുകയും തകർക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് പ്രണയനൈരാശ്യത്തിന്റെ തീക്ഷ്‌ണതാപത്തിൽ ഹൃദയം വെന്തുരുകിയപ്പോൾ 1930 ഏപ്രിൽ 10 ന് അവസാനത്തെ കവിത എഴുതി കീശയിലിട്ട് സ്വയം നിറയൊഴിച്ച് അക്കാലത്ത് പ്രശസ്തിയുടെ കൊടുമുടിയിൽ വിരാജിക്കുകയായിരുന്ന ഈ എഴുത്തുകാരൻ ജീവനൊടുക്കിയത്.

മയക്കോവ്സ്കിയുടെ കവിതകളുടെ പ്രധാന സവിശേഷത അവയിൽ നിറഞ്ഞു നിൽക്കുന്ന പ്രസാദാത്മകതയാണ്. ജീവിതത്തിന്റെ ദൈനംദിന വ്യവഹാരങ്ങളിൽ ഉഴറുന്നവർക്ക് അവ പ്രതീക്ഷയും പ്രത്യാശയും നൽകുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ കവിയെ തളർത്തിയെന്നത് നേരാണ്. എന്നാൽ ആ നിരാശാബോധം തന്റെ വായനക്കാർക്ക് പകർന്നു നൽകാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. നേരെമറിച്ച് ജീവിതപാഠങ്ങളെ സമചിത്തതയോടെ സ്വീകരിക്കുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മയക്കോവ്സ്കി എന്ന കവിയുടെ വ്യക്തിത്വത്തിന്റെ ഏറ്റവും സവിശേഷവും സമ്മോഹനവുമായ അടയാളമാണിത്. പ്രശസ്ത സോവിയറ്റ് എഴുത്തുകാരൻ അനതോളി ലുനച്ചാർസ്‌കി എഴുതുന്നു.: “മയക്കോവ്സ്‌കിയുടെ പുസ്തകം കൈയിലെടുക്കുമ്പോഴെല്ലാം ജീവിതം അതിന്റെ എല്ലാ ഊഷ്മളതയോടും കൂടി ഒരു മഹാപ്രവാഹമായി എന്നിലേക്ക് കുതിച്ചൊഴുകിവരുന്നത് കാണാം. അത് തീക്ഷ്ണമായൊരു പ്രകാശം ചൊരിഞ്ഞുകൊണ്ട് ഇരുട്ടിന്റെ ആത്മാക്കളെ നിർദയം പ്രഹരിക്കുന്നു. അതിന്റെ പ്രകാശത്തിൽ മറ്റെല്ലാം ഇരുട്ടിലാഴ്ന്നു പോകുന്നു; നിഷ്പ്രഭമാകുന്നു…’

Latest