Connect with us

Kerala

പികെ ശ്രീമതിയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; പരസ്യമായി ഖേദം പ്രകടിപ്പിച്ച് ബി ഗോപാലകൃഷ്ണന്‍

കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് പരസ്യമായി ഖേദപ്രകടനം നടത്തിയത്.

Published

|

Last Updated

കൊച്ചി |  ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവ് പി കെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. അപകീര്‍ത്തി കേസില്‍ ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് പരസ്യമായി ഖേദപ്രകടനം നടത്തിയത്.

2018 ജനുവരി 25ന് ചാനല്‍ ചര്‍ച്ചയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പരാതി. പി കെ ശ്രീമതി ആരോഗ്യ മന്ത്രിയായിരിക്കെ, മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണം.

ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ തന്റെ കൈവശം തെളിവോ രേഖകളോ ഇല്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.പി കെ ശ്രീമതിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു. ശ്രീമതി ടീച്ചറുടെ മകൻ സുധീറിന് എതിരായി സംസാരിച്ചത് പി ടി തോമസ് സംസാരിച്ചതിന് പിന്നാലെയാണ്. അതിന് കൃത്യമായ തെളിവില്ല എന്ന് പിന്നീട് മനസ്സിലായി. അതിനാലാണ് ഇവിടെവെച്ച് ഖേദം പ്രകടിപ്പിച്ചത്.

അഞ്ച്‌ വർഷം മുൻപാണ് ചാനൽ ചർച്ചയിൽ ഈ വിഷയം സംസാരിച്ചത്. പിന്നീട് കണ്ണൂർ കോടതിയിൽ വെച്ച് പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചിരുന്നു. ടീച്ചറുടെ മാനസിക വിഷമം മൂലം വീണ്ടും കേസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു.രാഷ്ട്രീയമായി അകല്ച്ച ഉണ്ടാകും. ടീച്ചർക്ക് ഉണ്ടായ മാനസിക വിഷമത്തിൽ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മകനെതിരെ വന്നത് വ്യാജ ആരോപണമാണെന്നും വസ്തുതകള്‍ മനസിലാക്കാതെ വ്യക്തിപരമായി ചാനല്‍ ചര്‍ച്ചകളില്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ ഭൂഷണമല്ലെന്നും പി കെ ശ്രീമതി പറഞ്ഞു. ഇത് സംബന്ധിച്ച നിയമ നടപടികള്‍ അവസാനിച്ചതായും ശ്രീമതി അറിയിച്ചു.

 

Latest