Connect with us

From the print

ആയത്തുല്ല ഖാംനഈയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

ഇസ്റാഈലിനോട് പ്രതികാരം ചെയ്യുമെന്ന് ആവർത്തിച്ച് ഇറാൻ

Published

|

Last Updated

തെഹ്‌റാൻ | ലബനാനിലും ഗസ്സയിലും ഇസ്‌റാഈലിന്റെ കനത്ത ആക്രമണത്തിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഹസൻ നസ്‌റുല്ല കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇറാൻ തിടുക്കത്തിൽ നടപടിയെടുത്തത്. ലബനാനുമായും മറ്റ് പ്രാദേശിക സായുധ ഗ്രൂപ്പുകളുമായും ഇറാൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

അതേസമയം, ഹസൻ നസ്‌റുല്ലയുടെ കൊലപാതകത്തിൽ പ്രതികാരം ചെയ്യുമെന്ന് ഖാംനഈ പറഞ്ഞു. ഹസൻ നസ്‌റുല്ല ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം ഒരു പാതയും ചിന്താധാരയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണവും അദ്ദേഹം പ്രഖ്യാപിച്ചു. നേരത്തേ, ഹമാസ് മേധാവിയായിരുന്ന ഇസ്മാഈൽ ഹനിയ്യയെ വധിച്ചതിൽ ഇസ്‌റാഈലിനോട് പ്രതികാരം ചെയ്യുമെന്ന് ഖാംനഈ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, നസ്‌റുല്ലയുടെ കൊലപാതകത്തിൽ ഇസ്‌റാഈലിനെ വിമർശിച്ച് റഷ്യയും രംഗത്തെത്തി. ഇറാനുമായി റഷ്യക്ക് പ്രതിരോധ സഹകരണമുണ്ട്. ലബനാനോടുള്ള ശത്രുത ഇസ്‌റാഈൽ അവസാനിപ്പിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നസ്‌റുല്ലയുടെ കൊലപാതകം ലബനാനിനപ്പുറം മധ്യപൗരസ്ത്യ മേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Latest