Connect with us

aravind kejrival

ഇ ഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും എ എ പി ദേശീയ കണ്‍വീനര്‍ സ്ഥാനവും രാജിവെക്കില്ല

ഭരണനിര്‍വ്വഹണ ചുമതല കൈമാറും ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | മദ്യനയ അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും എ എ പി ദേശീയ കണ്‍വീനര്‍ സ്ഥാനവും രാജിവെക്കില്ല. ഭരണനിര്‍വ്വഹണ ചുമതല മന്ത്രിമാരില്‍ ആര്‍ക്കെങ്കിലും നല്‍കുകയും ജയിലില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുക എന്ന രീതിയായിരിക്കും സ്വീകരിക്കുക എന്നാണു വിവരം.

ഇ ഡി കേസും നടപടിയും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എ എ പി ശ്രമം. ഇതിനായി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കിയേക്കും. കേസില്‍ കെ കവിതയേയും അരവിന്ദ് കെജ്രിവാളിനേയും ബന്ധിപ്പിക്കുന്ന സുപ്രധാന മൊഴി പിടിവള്ളിയാക്കിയാണ് ഇ ഡി മുന്നോട്ടുപോകുന്നത്. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയില്‍ ഹാജരാക്കിയിരുന്നു. കെജ്രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാന്‍ഡ് അപേക്ഷയില്‍ പരാമര്‍ശമുണ്ട്.

കെജ്രിവാളിന്റെ അറസ്റ്റ് ഉയര്‍ത്തി പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്ന് എ എ പി നേതാക്കളുടെ രാജ്യ സംരക്ഷണ പ്രതിജ്ഞ നടക്കും. ഡല്‍ഹി ശഹീദി പാര്‍ക്കിലെ പരിപാടിയില്‍ എ എ പി മന്ത്രിമാരും എം എല്‍ എമാരും കൗണ്‍സിലര്‍മാരും പങ്കെടുക്കും. മാര്‍ച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഘെരാവോ മോഡല്‍ സമരമുറയാകും സ്വീകരിക്കുക.

Latest