Connect with us

International

അമേരിക്കന്‍ തെരുവുകളിലെ പ്രതിഷേധക്കാരെ നേരിടാന്‍ സൈന്യം, മറീനുകളും സജ്ജം; ട്രംപിന്റേത് ഭ്രാന്തന്‍ തീരുമാനങ്ങളെന്ന് വിമര്‍ശം

ആവശ്യമെങ്കില്‍ സൈന്യത്തിലെ ഉയര്‍ന്ന വിഭാഗമായ മറീനുകളേയും വിന്യസിക്കാനാണ് ട്രംപ് ഒരുങ്ങുന്നത്.

Published

|

Last Updated

വാഷിങ്ടണ്‍  \ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തടയിടാനായി സൈന്യത്തെ രംഗത്തിറക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ ആരംഭിച്ച പ്രക്ഷോഭം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. ആവശ്യമെങ്കില്‍ സൈന്യത്തിലെ ഉയര്‍ന്ന വിഭാഗമായ മറീനുകളേയും വിന്യസിക്കാനാണ് ട്രംപ് ഒരുങ്ങുന്നത്.
തലസ്ഥാന നഗരമായ ലൊസാഞ്ചലസില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പാതകള്‍ ഉപരോധിക്കുകയും ചെയ്തതോടെ ലൊസാഞ്ചലസ് തെരുവുകള്‍ പലയിടത്തും യുദ്ധക്കളമായിമാറി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചു.

പ്രതിഷേധങ്ങള്‍ക്ക് തടയിടാനായി അധികൃതര്‍ സൈന്യത്തെ ഉള്‍പ്പെടെ വിന്യസിച്ചിു തുടങ്ങിയതോടെ ലൊസാഞ്ചലസിന് പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്ന കാഴ്ചയാണ് .പാരാമൗണ്ട്, കോംപ്റ്റണ്‍ പോലുള്ള സമീപ പട്ടണങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ലൊസാഞ്ചലസിലെ ഫ്രീവേകള്‍ ഉള്‍പ്പെടെ സമരക്കാര്‍ ഉപരോധിച്ചതോടെ പ്രതിഷേധക്കാര്‍ ഉടന്‍ നഗരം വിടണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ നേരിടാന്‍ ഇന്നലെ 2000 ഫെഡറല്‍ സേനാംഗങ്ങളെ നഗരത്തില്‍ നിയോഗിച്ചിരുന്നു. ഇതിന് പുറമെ സൈന്യത്തിന്റെ ഭാഗമായ മറീനുകളെ കൂടി പ്രദേശത്ത് വിന്യസിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നതായാണ് വിവരം. യു എസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമായ മറീനുകള്‍ കരയാക്രമണത്തിനും നാവിക ആക്രമണങ്ങള്‍ക്കും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ്.അതേ സമയം പ്രസിഡന്റിന്റെ നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭ്രാന്തന്‍ തീരുമാനമാണിതെന്നുമായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണറുടെ പ്രതികരണം.