Editors Pick
വിമാനത്തിൽ പറക്കാൻ പേടിയാണോ? പരിഹരിക്കാൻ മാർഗങ്ങളുണ്ട്
അനുഭവങ്ങൾ പങ്കിടുന്നതും മറ്റുള്ളവരുടെ കഥകൾ കേൾക്കുന്നതും ഉത്കണ്ഠ നിയന്ത്രിക്കുന്നതിന് സഹായകരമാകും.
വിമാനയാത്ര ഏവരും ഇഷ്‌ടപ്പെടുന്ന ഒന്നാണ്. ഒരിക്കലെങ്കിലും ഒരു വിമാനയാത്ര നടത്തണമെന്ന് ചിന്തിക്കുന്നവരാകും പലരും. ചിലർ ജോലിയുടെ ഭാഗഗമായും മറ്റും ഇടക്കിടെ വിമാനയാത്ര പോകുകയും ചെയ്യും. അതേസമയം ഒരുവിഭാഗത്തിന് വിമാനയാത്ര പേടി സ്വപ്‌നമാണ്. അക്രോഫോബിയ (ഉയരത്തെ പേടി), ക്ലോസ്‌ട്രോഫോബിയ (അടച്ചിട്ട സ്ഥലത്ത് തോന്നുന്ന പേടി) എന്നിവയെല്ലാം ഒരു വലിയ വിഭാഗത്തെ വിമാനയാത്രയിൽനിന്ന് പിന്തിരിപ്പിക്കാറുണ്ട്. എന്നാൽ എപ്പോഴും ഇത് സാധ്യമാണോ? ഒരു അത്യാവശ്യത്തുന് ദൂരയുള്ള സ്ഥലത്ത് പെട്ടെന്ന് എത്താൻ നമുക്ക് മുന്നിൽ ഓപ്‌ഷനായുള്ളത് വിമാനയാത്ര മാത്രമാണ്. ഈ സാഹചര്യത്തിൽ ആരാണെങ്കിലും യാത്രയ്‌ക്ക് നിർബന്ധിതരാകും.അപ്പോൾ നമ്മുടെ വിമാനയാത്രയെക്കുറിച്ചുള്ള ഭയം മാറ്റുകയേ രക്ഷയുള്ളൂ.നേരത്തെ തന്നെ ഇതിനുള്ള ശ്രമം തുടങ്ങണം. അതിന് ചില വിദ്യകൾ പരിചയപ്പെടാം.
- ഭയം മനസ്സിലാക്കുക – പറക്കാനുള്ള നിങ്ങളുടെ ഭയത്തിന് പിന്നിലെ മനഃശാസ്ത്രത്തെക്കുറിച്ച് അറിയുക എന്നതാണ് പ്രധനം. എന്തുകൊണ്ടാണ് ഞാൻ വിമാനയാത്രയെ ഭയക്കുന്നത് എന്ന് മനസ്സിലാക്കിയാൽ അതിനെ നമ്മൾ നേരിട്ടാൽ മതിയാകും. മുകളിൽ പറഞ്ഞപോലെ ഏതെങ്കിലും തരത്തിലുള്ള ഫോബിയയാണെങ്കിൽ അത് മാറ്റിയെടുക്കാൻ ഇന്ന് ശാസ്‌ത്രീയ വഴികളുണ്ട്.
- സ്വയം തയ്യാറാകുക – വിശ്രമ സാങ്കേതിക വിദ്യകൾ പരിശീലിച്ചുകൊണ്ട് വിമാനയാത്രയ്‌ക്കായി നിങ്ങളുടെ മനസ്സിനെ തയ്യാറാക്കുക.വിമാനത്തിൽ നിങ്ങൾ ശാന്തമായിരിക്കുന്നത് തുടർച്ചയായി സങ്കൽപ്പിച്ച് പരിശീലിക്കുക.ഇത് ഉത്‌കണ്‌ഠ കുറയ്‌ക്കും.
- പോസിറ്റീവ് സെൽഫ്-ടോക്ക് – നെഗറ്റീവ് ചിന്തകളെ പോസിറ്റീവ് ചിന്തകളാൽ മാറ്റിസ്ഥാപിക്കുക. ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ “ഞാൻ സുരക്ഷിതനാണ്” എന്നും “പൈലറ്റുമാരെ ഞാൻ വിശ്വസിക്കുന്നു” എന്നും സ്വയം പറയുക.
- ശ്രദ്ധ മാറ്റുക – വിമാനയാത്ര ആരംഭിക്കുന്നതു മുതൽ ശ്രദ്ധ മറ്റ് കാര്യങ്ങളിലേക്ക് കൊണ്ടുവരിക. പുസ്തകങ്ങൾ, പസിലുകൾ അല്ലെങ്കിൽ ഗെയിമുകൾ പോലുള്ളവ ശ്രദ്ധ വ്യതി ചലിപ്പിക്കാനായി ഉപയോഗിക്കുക.ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാൻ മ്യൂസിക്കിനെയും ആശ്രയിക്കാം.
- വിദഗ്‌ധ പിന്തുണ തേടുക – ഒരു തെറാപ്പിസ്റ്റിനെയോ മറ്റോ സമീപിക്കുന്നത് നന്നാകും. ശാസ്‌ത്രീയമായി നമ്മുടെ പ്രശ്‌നം ഒരു വിദഗ്‌ധന് എളുപ്പം മനസ്സിലാക്കാം.അനുഭവങ്ങൾ പങ്കിടുന്നതും മറ്റുള്ളവരുടെ കഥകൾ കേൾക്കുന്നതും ഉത്കണ്ഠ നിയന്ത്രിക്കുന്നതിന് സഹായകരമാകും.



