Editors Pick
ഈ ഫീച്ചർ എനേബിൾ ആണോ? നിങ്ങളുടെ ഐഫോൺ ഹാക്ക് ചെയ്യാൻ ആർക്കും കഴിയില്ല; ഇത് ആപ്പിളിന്റ ഉറപ്പ്
പെഗാസസ്, പ്രിഡേറ്റർ തുടങ്ങിയ അപകടകാരികളായ സ്പൈവെയറുകളെ പ്രതിരോധിക്കാൻ ഈ ഫീച്ചറിന് സാധിക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ, സിറ്റിസൺ ലാബ് തുടങ്ങിയ സ്വതന്ത്ര ഏജൻസികളുടെ പഠനങ്ങളും വ്യക്തമാക്കുന്നു
കുപ്പർട്ടിനോ | നാല് വർഷം മുമ്പ് അവതരിപ്പിച്ച തങ്ങളുടെ ഏറ്റവും ശക്തമായ സുരക്ഷാ ഫീച്ചറായ ലോക്ഡൗൺ മോഡ് ഇതുവരെ ആർക്കും തകർക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആപ്പിൾ. അത്യാധുനികമായ ഗവൺമെന്റ് ഗ്രേഡ് സ്പൈവെയറുകൾക്ക് പോലും ലോക്ഡൗൺ മോഡ് പ്രവർത്തിക്കുന്ന ഐഫോണുകളെ കീഴടക്കാൻ സാധിച്ചിട്ടില്ലെന്ന് ടെക് ക്രഞ്ച് റിപ്പോർട്ട് ചെയ്യുന്നു. ഈ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്ന ഒരൊറ്റ ആപ്പിൾ ഉപകരണം പോലും ഇതുവരെ ഹാക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കമ്പനി വക്താവ് സാറ ഒ റൂർക്കെ സ്ഥിരീകരിച്ചു.
പത്രപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ അതീവ സുരക്ഷാ ഭീഷണി നേരിടുന്ന വ്യക്തികളെ ലക്ഷ്യമിട്ടാണ് 2022 ൽ ആപ്പിൾ ഈ ഫീച്ചർ പുറത്തിറക്കിയത്. ഉപകരണം ഉപയോഗിക്കുന്നതിലെ സൗകര്യത്തേക്കാൾ ഉപരിയായി സുരക്ഷയ്ക്കാണ് ലോക്ഡൗൺ മോഡിൽ മുൻഗണന നൽകുന്നത്. ഈ മോഡ് ഓൺ ചെയ്യുന്നതോടെ മെസ്സേജ് അറ്റാച്ച്‌മെന്റുകൾ പരിമിതപ്പെടുത്തുകയും ചില വെബ് സാങ്കേതികവിദ്യകൾ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു. കൂടാതെ അപരിചിതരിൽ നിന്നുള്ള ഇൻകമിംഗ് ഇൻവിറ്റേഷനുകളും കണക്ഷനുകളും പൂർണ്ണമായും തടയപ്പെടും.
പെഗാസസ്, പ്രിഡേറ്റർ തുടങ്ങിയ അപകടകാരികളായ സ്പൈവെയറുകളെ പ്രതിരോധിക്കാൻ ഈ ഫീച്ചറിന് സാധിക്കുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ, സിറ്റിസൺ ലാബ് തുടങ്ങിയ സ്വതന്ത്ര ഏജൻസികളുടെ പഠനങ്ങളും വ്യക്തമാക്കുന്നു. ഉപകരണം ലോക്ഡൗൺ മോഡിലാണെന്ന് തിരിച്ചറിയുമ്പോൾ പല സ്പൈവെയറുകളും ആക്രമണ ശ്രമങ്ങളിൽ നിന്ന് പിൻവാങ്ങുന്നതായും ഗൂഗിളിലെ ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ 150 ഓളം രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് തങ്ങളുടെ സുരക്ഷ അപകടത്തിലായേക്കാം എന്ന മുന്നറിയിപ്പ് ആപ്പിൾ ഇതിനോടകം നൽകിയിട്ടുണ്ട്.
ഐഫോൺ, ഐപാഡ്, മാക് എന്നിവയിൽ ലോക്ഡൗൺ മോഡ് പ്രത്യേകം എനേബിൾ ചെയ്യേണ്ടതുണ്ട്. ഐഫോണിൽ ഈ മോഡ് ഓൺ ചെയ്താൽ പെയർ ചെയ്തിട്ടുള്ള ആപ്പിൾ വാച്ചിലും ഇത് താനേ പ്രവർത്തിച്ചു തുടങ്ങും. ഐഫോണിലെ സെറ്റിംഗ്സിൽ പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന വിഭാഗത്തിൽ ലോക്ഡൗൺ മോഡ് തിരഞ്ഞെടുത്ത് ഉപകരണം റീസ്റ്റാർട്ട് ചെയ്യുന്നതിലൂടെ ഈ സുരക്ഷാ കവചം സ്വന്തമാക്കാം.
Summary
Apple has stated that its “Lockdown Mode,” introduced in 2022, has maintained a perfect security record with no known successful spyware attacks. The feature is designed for high-risk individuals like journalists and activists to block sophisticated government-grade cyber attacks such as Pegasus. While it restricts some device functionalities for the sake of extreme protection, independent researchers confirm its effectiveness in thwarting zero-click exploits.





