Connect with us

NIPAH

നിപ്പായിൽ വീണ്ടും ആശ്വാസം; 42 സാമ്പിളുകൾ കൂടി നെഗറ്റീവ്

ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട 23 സാമ്പിളുകൾ ലക്ഷണങ്ങളോടു കൂടിയവയായിരുന്നു. എന്നാൽ അവയും നെഗറ്റീവ് ആയി എന്നുള്ളത് വളരെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

കോഴിക്കോട് | ഇന്നലെ രാത്രി പരിശോധനാഫലം പുറത്തുവന്ന 42 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട 23 സാമ്പിളുകൾ ലക്ഷണങ്ങളോടു കൂടിയവയായിരുന്നു. എന്നാൽ അവയും നെഗറ്റീവ് ആയി എന്നുള്ളത് വളരെ ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ന് 19 ടീമുകളും ഫീൽഡിൽ സന്ദർശനം നടത്തുന്നുണ്ട്. നിപ്പാ പോസിറ്റീവ് ആയിട്ടുള്ളവരുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഭൂരിഭാഗവും ശേഖരിച്ചതായും ഇനി കണ്ടെത്താനുള്ളവരെ പോലീസിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ വഴി കണ്ടെത്താമെന്നുള്ളതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സംഘങ്ങൾ ഇന്നും ഫീൽഡിൽ ഉണ്ട്. 2018ൽ നിപ്പാ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അവർ പരിശോധന നടത്തും. അവിടെ പാരിസ്ഥിതിക മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഐ സി എം ആറിന്റെയും എൻ ഐ വിയുടെയും ടീമുകളും ഇന്ന് ഫീൽഡ് വിസിറ്റ് നടത്തും. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതിൽ കുട്ടിയുടെ ആരോഗ്യനിലയിൽ ഉണ്ടായ പുരോഗതി പ്രതീക്ഷാവഹമാണെന്നും മന്ത്രി പറഞ്ഞു.