Connect with us

NSS

സ്പീക്കര്‍ക്കെതിരെ നിയമ നടപടികളും; തുടര്‍ നീക്കത്തിന് സംഘപരിവാര്‍- എന്‍ എസ് എസ് ധാരണ

നാമജപയാത്രക്കെതിരെ കേസെടുത്തില്‍ ഹൈക്കോടതിയെ സമീപിക്കും

Published

|

Last Updated

തിരുവനന്തപുരം | മിത്തും ശാസ്ത്രവും കൂട്ടിക്കലര്‍ത്തരുതെന്ന സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ എന്‍ എസ് എസ് നീക്കം. എന്‍ എസ് എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തില്‍ ഹൈക്കോടതിയെ സമീപിക്കുന്നതോടൊപ്പമാണ് സ്പീക്കര്‍ക്കെതിരായ നിയമ നടപടിയും ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. പോലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നല്‍കിയ എന്‍ എസ് എസ് വൈസ് പ്രസിഡന്റ്് സംഗീത് കുമാര്‍ ഒന്നാം പ്രതിയായി കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ്.

സംഘപരിവാര്‍ സംഘടനകളുമായി ചേര്‍ന്നു ശക്തമായി മുന്നോട്ടു പോകാനാണ് എന്‍ എസ് എസ് നീക്കമെന്നാണു സൂചന.

ആര്‍ എസ് എസ് മുതിര്‍ന്ന പ്രചാരകന്‍ എസ് സേതുമാധവനും വി എച്ച് പി നേതാക്കളും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വി.ജി തമ്പി, അയ്യപ്പ സേവാ സമാജം ഭാരവാഹി എസ് ജെ ആര്‍ കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

മത സാമുദായിക സംഘടനകള്‍ നടത്താനിരിക്കുന്ന തുടര്‍ സമര പരിപാടികള്‍ക്കു സംഘപരിവാര്‍ നേതൃത്വം നല്‍കും. സര്‍ക്കാര്‍ നിലപാട് പാര്‍ട്ടിക്കും ഷംസീറിനും അനുകൂലമാണെങ്കില്‍ സമരങ്ങള്‍ അടക്കമുള്ള മറ്റ് മാര്‍ഗങ്ങളിലേക്ക് കടക്കുമെന്ന് ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ്-എന്‍എസ്എസ് കൂടിക്കാഴ്ച. പ്രക്ഷോഭങ്ങള്‍ക്കൊപ്പം നിയമ നടപടികളും സ്വീകരിക്കാനാണു നീക്കം.

 

Latest