Kerala
കോഴിക്കോട് മാങ്കാവിലെ പഴയ ഇരുനില കെട്ടിടം തകര്‍ന്നുവീണു; ആളപായമില്ല
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും നാട്ടുകാര്‍ നീക്കി. രണ്ടു ഇരുചക്ര വാഹനങ്ങള്‍ ഫയര്‍ ഫോഴ്‌സും പുറത്തെടുത്തു.

കോഴിക്കോട് | കനത്ത മഴയില്‍ കോഴിക്കോട് മാങ്കാവിലെ പഴയ ഇരുനില കെട്ടിടം തകര്‍ന്നുവീണു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടടുത്തായിരുന്നു സംഭവം. ആളപായമില്ല. ഈ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്‌കൂട്ടറുകളും കെട്ടിടങ്ങള്‍ക്കിടയില്‍ ഭാഗികമായി കുടുങ്ങി.
മാങ്കാവ് മഹാദ് മുജീബ് റഹ്മാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അഞ്ച് മുറികളോടു കൂടിയ കെട്ടിടമാണ് തകര്‍ന്നത്. നാലു വര്‍ഷത്തോളമായി പൂട്ടിക്കിടക്കുന്ന കെട്ടിടമാണിത്.
ഫയര്‍ ഫോഴ്‌സെത്തി ജെ സി ബി ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പരിശോധിച്ചതില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ അകപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കി. കുടുങ്ങിക്കിടന്നിരുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും നാട്ടുകാര്‍ നീക്കി. രണ്ടു ഇരുചക്ര വാഹനങ്ങള്‍ ഫയര്‍ ഫോഴ്‌സും പുറത്തെടുത്തു.