Aksharam Education
ദേ... ഇവിടുണ്ട് ഈ എട്ടുകൈയൻ ബുദ്ധിമാൻ
ഓരോ കൈയിലും ചെറിയ ചെറിയ സക്ഷൻ കപ്പുകൾ(ചൂഷകങ്ങൾ) ഉള്ളതിനാൽ പാറകളിലും മറ്റ് വസ്തുക്കളിലും എളുപ്പത്തിൽ പിടിച്ചുനിൽക്കാൻ ഇതിന് കഴിയും.
കടലിലെ അത്ഭുതകരമായ ജീവിയാണ് നീരാളിയെന്നും ഇതിന് എട്ട് കൈകളുണ്ടെന്നുമൊക്കെ കൂട്ടുകാർക്ക് അറിയാമല്ലോ. ഓരോ കൈയിലും ചെറിയ ചെറിയ സക്ഷൻ കപ്പുകൾ(ചൂഷകങ്ങൾ) ഉള്ളതിനാൽ പാറകളിലും മറ്റ് വസ്തുക്കളിലും എളുപ്പത്തിൽ പിടിച്ചുനിൽക്കാൻ ഇതിന് കഴിയും. പക്ഷേ അധികം കൂട്ടുകാർക്കും അറിയാത്ത ഒരു കാര്യം പറയട്ടെ.
ബുദ്ധിജീവി
നീരാളി വളരെ ബുദ്ധിയുള്ള ജീവിയാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാനും വഴികൾ കണ്ടെത്താനും ചിലപ്പോൾ കുപ്പിയുടെ മൂടി തുറക്കാനും ഇതിന് കഴിയും. അതുകൊണ്ടാണ് നീരാളിയെ കടലിലെ ഏറ്റവും ബുദ്ധിമാനായ ജീവികളിൽ ഒന്നായി കണക്കാക്കുന്നത്.
ശത്രുക്കൾ ആക്രമിക്കുമ്പോൾ നീരാളി കറുത്ത നിറത്തിലുള്ള മഷി പുറത്തുവിടും. ഈ മഷി വെള്ളത്തിൽ പരന്നാൽ ശത്രുവിന് നീരാളിയെ കാണാൻ പ്രയാസമാകും. അപ്പോൾ അത് വേഗത്തിൽ രക്ഷപ്പെടും. ആക്രമിക്കുന്നവരിൽ നിന്ന് രക്ഷപ്പെടാനും മുന്നിൽ വരുന്ന ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഒക്കെ നീരാളിക്ക് കഴിയുമെന്ന് ഇതിലൂടെ മനസ്സിലായല്ലോ. നീരാളിക്ക് മറ്റൊരു അത്ഭുത കഴിവുമുണ്ട്. ചുറ്റുപാടിനനുസരിച്ച് ശരീരത്തിന്റെ നിറവും രൂപവും മാറ്റാൻ ഇതിന് കഴിയും. ഇതിലൂടെ ശത്രുക്കളിൽ നിന്ന് ഒളിക്കാനും ഇരയെ പിടിക്കാനും സാധിക്കുന്നു.
നീരാളിയെക്കുറിച്ച് മറ്റുചില കാര്യങ്ങൾ കൂടി കേൾക്കുമ്പോൾ കൂട്ടുകാർക്ക് അത്ഭുതം തോന്നും. കാരണം നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്. കൂടാതെ ഇതിന്റെ രക്തത്തിന് നീല നിറവുമാണ്.
മറ്റൊരു അത്ഭുതം എന്തെന്നാൽ, എന്തെങ്കിലും കാരണത്താൽ ഒരു കൈ നഷ്ടപ്പെട്ടാൽ അത് വീണ്ടും വളർത്തിയെടുക്കാൻ നീരാളിക്ക് കഴിയും. ഞണ്ട്, ചെമ്മീൻ, ചെറിയ മത്സ്യങ്ങൾ എന്നിവയാണ് ഇതിന്റെ പ്രധാന ഭക്ഷണം.
ബുദ്ധിശക്തിയും അത്ഭുതകരമായ കഴിവുകളും കൊണ്ട് നീരാളി കടലിലെ ഏറ്റവും വിസ്മയകരമായ ജീവികളിലൊന്നായി അറിയപ്പെടുന്നു.
Content Highlights:
Octopuses are fascinating sea creatures with eight arms featuring suction cups for strong gripping. They possess high intelligence, three hearts, blue blood, and the ability to release ink and camouflage for protection. Furthermore, an octopus can regenerate a lost arm over time.




