Connect with us

local body election 2025

കരുവാരക്കുണ്ട് കണ്ണത്ത് വാർഡിൽ മൂന്ന് സ്ഥാനാർഥികളും തറിക്കോട്ടിൽ കുടുംബാംഗങ്ങൾ

മൂന്നിൽ ആര് വിജയിച്ചാലും മുന്നണികൾക്ക് നഷ്ടമുണ്ടാകുമെങ്കിലും കുടുംബത്തിന് നേട്ടമാണ്.

Published

|

Last Updated

കരുവാരക്കുണ്ട് | ഗ്രാമപഞ്ചായത്തിൽ കണ്ണത്ത് വാർഡിൽ എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ മുന്നണികൾക്കായി മത്സരിക്കുന്നത് തറിക്കോട്ടിൽ കുടുംബാംഗങ്ങൾ. പഞ്ചായത്ത് ആര് ഭരിച്ചാലും തറിക്കോട്ടിൽ കുടുംബാംഗം ഭരണ സമിതിയിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ മുന്നണികൾക്കായി മത്സരിക്കുന്ന മൂന്ന് പേരും സഹോദരമക്കളാണ്.

ഒരേ തറവാട്ടുകാരായ മൂന്ന് പേർ ഉൾപ്പെടെ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി കണ്ണത്ത് വാർഡിൽ നിന്ന് 11 പേർ മത്സരരംഗത്തുണ്ടെന്നതും പ്രത്യേകതയാണ്. എൽ ഡി എഫ് സ്ഥാനാർഥി ടി കെ സജുവിന്റെ പിതാവാണ് തറിക്കോട്ടിൽ ശങ്കരൻ. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠനായ ചാമിയുടെ മകനാണ് എൻ ഡി എ സ്ഥാനാർഥി ടി കെ സുരേഷ്. സുരേഷിന്റെ ജ്യേഷ്ഠനായ അയ്യപ്പന്റെ മകനാണ് യു ഡി എഫ് സ്ഥാനാർഥി ടി കെ സുരേന്ദ്രൻ. മൂന്ന് സ്ഥാനാർഥികളും പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

മൂന്നിൽ ആര് വിജയിച്ചാലും മുന്നണികൾക്ക് നഷ്ടമുണ്ടാകുമെങ്കിലും കുടുംബത്തിന് നേട്ടമാണ്. സ്ഥാനാർഥികൾ ഒരേ തറവാട്ടുകാരാണെങ്കിലും മത്സരത്തിൽ വീറും വാശിക്കും ഒരു കുറവുമില്ല. ഗ്രാമപഞ്ചായത്തിൽ കടുത്ത മത്സരം നടക്കുന്ന ശ്രദ്ധേയമായ വാർഡായി കണ്ണത്ത് മാറിയിട്ടുണ്ട്. ഒരു കുടുംബത്തിലെ മൂന്ന് പേർ മത്സരിക്കുന്നു എന്നതിന് പുറമേ, ഗ്രാമപഞ്ചായത്തിലേക്ക് വിവിധ വാർഡുകളിലായി ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന വാർഡ് എന്ന പ്രത്യേകതയും കണ്ണത്തിനുണ്ട്.

അരിമണൽ വാർഡിലെ യു ഡി എഫ് സ്ഥാനാർഥി മേലേടത്ത് സുലൈഖ, കേരള വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി പി ടി നജീബ്, കുട്ടത്തിയിലെ എൽ ഡി എഫ് സ്ഥാനാർഥി പട്ടിക്കാടൻ ഷൈലേഷ്, ബി ജെ പി സ്ഥാനാർഥി ടി കെ ഹരികൃഷ്ണൻ, കൊയ്ത്തക്കുണ്ടിലെ ബി ജെ പി സ്ഥാനാർഥി കാവുങ്ങൽ സുരേന്ദ്രൻ, പുന്നക്കാടിലെ എൽ ഡി എഫ് സ്ഥാനാർഥി ഒ പി ഇസ്മാഈൽ, കരുവാരക്കുണ്ട് വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി ഹുസ്ന എന്നിവരാണ് കണ്ണത്ത് വാർഡിൽ നിന്ന് പുറത്ത് പോയി മത്സരിക്കുന്നത്.

കാളികാവ് ബ്ലോക്ക് കേരള ഡിവിഷനിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കുട്ടശ്ശേരി ബുശ്റയും കണ്ണത്ത് വാർഡിലെ വോട്ടറാണ്. ഇവരുൾപ്പെടെ 11 പേർ കണ്ണത്ത് വാർഡിൽ നിന്നുള്ളവരാണ്.

---- facebook comment plugin here -----

Latest