Kerala
'ഒരാള്‍ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്നുണ്ടെങ്കില് അതിന് പിന്നില്‍ ആരോ ഉണ്ട്'; അടൂര്‍ പ്രകാശിനെതിരെ കെ മുരളീധരന്
അതാര് എന്ന് താനിപ്പോള്‍ പറയുന്നില്ല. 'ആണുങ്ങളുടെ സര്‍ക്കാര്‍ ആണെങ്കില്‍' എന്ന സുധാകരന്റെ വിമര്‍ശനത്തിന്, ഞങ്ങളൊക്കെ ടെസ്റ്റ് ചെയ്തുകൊടുക്കാമെന്നും മുരളീധരന്.
തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരായ വിമര്ശത്തില് മുതിര്‍ന്ന നേതാക്കളായ അടൂര്‍ പ്രകാശിനും കെ സുധാകരനും മറുപടിയുമായി മന്ത്രി കെ മുരളീധരന്. ഒരാള്‍ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ആരോ ഉണ്ടെന്ന് മുരളീധരന് പറഞ്ഞു. അതാര് എന്ന് താനിപ്പോള്‍ പറയുന്നില്ലെന്നും കെ മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാറിന്റെ പ്രധാന തീരുമാനങ്ങളിലൊന്നും മുഖ്യമന്ത്രി കൂടിയാലോചിക്കുന്നില്ലെന്ന അടൂര്‍ പ്രകാശിന്റെ ആരോപണത്തിനാണ് മുരളീധരന്റെ മറുപടി.
‘ആണുങ്ങളുടെ സര്‍ക്കാര്‍ ആണെങ്കില്‍’ എന്ന സുധാകരന്റെ വിമര്‍ശനത്തിന്, ടെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണെങ്കില് ഞങ്ങളൊക്കെ ടെസ്റ്റ് ചെയ്തുകൊടുക്കാമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. എക്സാലോജിക് കേസിലെ നിലപാടിലായിരുന്നു സുധാകരന്റെ പരാമര്‍ശം. ആണുങ്ങളുടെ സര്‍ക്കാരാണെങ്കില്‍ പിണറായി വിജയനെതിരെ കര്‍ശന നടപടി ഉണ്ടാകുമായിരുന്നുവെന്ന കെ സുധാകരന്റെ പരാമര്‍ശത്തോട് രൂക്ഷമായ ഭാഷയിലാണ് കെ മുരളീധരന് പ്രതികരിച്ചത്. വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കില്‍ നോക്കാം എന്നായിരുന്നു മറുപടി. സി എം ആര് എല്‍ എക്സാലോജിക് കേസില്‍ സര്‍ക്കാര്‍ ചെയ്തത് 101 ശതമാനം ശരിയാണെന്നും മുരളീധരന് പറഞ്ഞു. ഇ ഡിയോട് ഒരു നിലപാടുണ്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക്. ഇ ഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാല്‍ ഉടനെ കയറിയങ്ങ് ചാര്‍ജ് ചെയ്യാനാവില്ല.
ഡല്‍ഹിയില്‍ ഒരു നയം കേരളത്തില്‍ വേറെ ഒരു നയവുമല്ല ഇക്കാര്യത്തില്‍. എല്ലായിടത്തും ഇ ഡിയോട് ഒരേ സമീപനമാണ്. ഇ ഡി രേഖാമൂലം പരാതി തന്നപ്പോള്‍ പ്രാഥമികാന്വേഷണം നടത്താതെ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടയെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ഹൈക്കോടതി കേസ് എടുക്കാന്‍ പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും സര്‍ക്കാറിലും ഭിന്നാഭിപ്രായമില്ലെന്നും കെ മുരളീധരന് വ്യക്തമാക്കി.
Content Highlights:
Senior Congress leader K Muraleedharan has questioned Adoor Prakash over his continuous allegations against the Chief Minister. Muraleedharan suggested that someone is actively backing these moves from behind the scenes. This political development has sparked fresh discussions within the state party circles.



