Connect with us

തെളിയോളം

മറ്റുള്ളവർ അംഗീകരിക്കണോ?

"നിങ്ങളെ താഴെയിറക്കാൻ നിങ്ങൾ ആളുകളെ അനുവദിക്കുമ്പോൾ, അവർ നിങ്ങൾക്ക് മുകളിൽ കയറി നിൽക്കാൻ നിങ്ങൾ സ്വയം ഒരു പടി ഉണ്ടാക്കുകയാണ്' എന്ന ടെറി മാർക്കിന്റെ വചനമോർക്കുക. എന്തൊക്കെ ചെയ്തിട്ടും അതിൽ മേന്മ കാണാത്തവരെ പറ്റി ചിന്തിച്ച് നമ്മുടെ മാനസിക നില തകരാറിലാക്കുന്നതെന്തിന്?! നിങ്ങൾക്കായി കുളത്തിൽ ചാടാത്തവർക്കായി നിങ്ങൾ സമുദ്രങ്ങൾ കടക്കുന്നതിന് തുല്യമാണത്.

Published

|

Last Updated

രാൾ തന്റെ വളർത്തു നായയെ വർഷങ്ങൾ പണിപ്പെട്ട് വെള്ളത്തിനു മുകളിലൂടെ നടക്കാൻ പരിശീലിപ്പിച്ചു. പുഴക്കരയിൽ ആളുകൾ ഒരുമിച്ചു കൂടിയ നേരത്ത് തന്റെ നായയുടെ ഈ കഴിവ് അവിടെ പ്രദർശിപ്പിക്കുകയായിരുന്നു. പുഴവെള്ളത്തിനു മീതെ വേഗത്തിൽ നടന്ന് നായ മറുകരയെത്തിയപ്പോൾ അയാളുടെ അടുത്തെത്തി ഒരാൾ ചോദിച്ചുവത്രെ. “താങ്കളുടെ ഈ നായക്ക് നീന്താനറിയില്ല അല്ലേ’ എന്ന്!

അത്യധ്വാനം കൊണ്ട് നാം കൊയ്യുന്ന നേട്ടങ്ങളെ ചെറുതായി കാണുന്നവർ ശരിക്കും അവരുടെ തന്നെ പരിമിതിയെ ആണ് വെളിപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കുക. നമ്മുടെ പ്രയത്നങ്ങളും അത് ഉണ്ടാക്കുന്ന പോസിറ്റീവ് ഫലങ്ങളും എല്ലാവരും അംഗീകരിക്കണമെന്ന് ശഠിച്ചിട്ട് കാര്യമില്ല. എല്ലായ്പോഴും മറ്റുള്ളവരിൽ നിന്ന് അഭിനന്ദനവും അംഗീകാരവും ശ്രദ്ധയും തേടാതിരിക്കാൻ പഠിക്കുന്നത് സ്വയം കണ്ടെത്തലിന്റെയും വ്യക്തിഗത വളർച്ചയുടെയും നേരടയാളമാണ്.

നിങ്ങൾ പുതിയ ഒരു ശേഷി ആർജിക്കുകയോ ഉള്ള ഒരു കഴിവ് മൂർച്ചപ്പെടുത്തുകയോ ചെയ്യുമ്പോൾ വർധിക്കേണ്ടത് സ്വാഭിമാനമാണ്. ബാഹ്യ മൂല്യനിർണയവും അംഗീകാരവും തേടുന്നത് പലപ്പോഴും നമ്മുടെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തിയേക്കാം. ആന്തരിക പ്രചോദനങ്ങളിലേക്കും വ്യക്തിഗത ലക്ഷ്യങ്ങളിലേക്കും നിങ്ങളുടെ ശ്രദ്ധ മാറ്റുകയും ബാഹ്യമായ അംഗീകാരം പരിഗണിക്കാതെ കൂടുതൽ അർഥവത്തായ പ്രയത്നങ്ങളിൽ മുഴുകുകയും ചെയ്യുമ്പോൾ നിങ്ങൾ ശരിയായ മനസ്സാന്നിധ്യവും സ്വാവബോധവും കൈവരിക്കും.

നിങ്ങളുടെ അംഗീകാരം ആദ്യം നിങ്ങളിൽ കണ്ടെത്തുന്നതുവരെ മറ്റുള്ളവരിൽ കണ്ടെത്താനാകില്ല. നിങ്ങൾ സ്വയം അംഗീകരിക്കുമ്പോൾ, മറ്റുള്ളവരുടെ അംഗീകാരം ഒരു പ്രശ്നമാവുകയുമില്ല.

നിങ്ങളൊരു തമാശ പറഞ്ഞാൽ ചിരിക്കുന്നവരും ചിരിക്കാത്തവരും ഉണ്ടാകും. ഒരു മികച്ച അഭിപ്രായം പറഞ്ഞാൽ അതിന്റെ കൂടെ നിൽക്കുന്നവരും അല്ലാത്തവരും ഉണ്ടാകും. ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വം പ്രതീക്ഷിച്ചതിനേക്കാൾ ഭംഗിയായി പൂർത്തിയാക്കുമ്പോൾ ചേർത്ത് പിടിച്ച് സന്തോഷം പറയുന്നവരും അതിൽ ചെറുതെങ്കിലും കുറ്റങ്ങൾ കണ്ടെത്തി നിന്ദിക്കുന്നവരും ഉണ്ടാകും.

“എന്റെ കഷ്ടപ്പാട് ആരും കാണുന്നില്ല. ഒരു നല്ല വാക്കെങ്കിലും പറയുന്നില്ല’ എന്നിങ്ങനെ ചിന്തിച്ച് തലപുണ്ണാക്കുന്നത് സ്വയം ക്രൂശിക്കലാണ്. മറ്റുള്ളവരുടെ അഭിനന്ദന വചനങ്ങൾക്ക് ചെവിയോർക്കുകയും അത് കിട്ടാതെ വരുമ്പോൾ നിരാശതയിൽ ആണ്ടു പോവുകയും ചെയ്യുന്നതിൽ എന്തർഥമാണുള്ളത്?

“നിങ്ങളെ താഴെയിറക്കാൻ നിങ്ങൾ ആളുകളെ അനുവദിക്കുമ്പോൾ, അവർ നിങ്ങൾക്ക് മുകളിൽ കയറി നിൽക്കാൻ നിങ്ങൾ സ്വയം ഒരു പടി ഉണ്ടാക്കുകയാണ്’ എന്ന ടെറി മാർക്കിന്റെ വചനമോർക്കുക. എന്തൊക്കെ ചെയ്തിട്ടും അതിൽ മേന്മ കാണാത്തവരെ പറ്റി ചിന്തിച്ച് നമ്മുടെ മാനസിക നില തകരാറിലാക്കുന്നതെന്തിന്?! നിങ്ങൾക്കായി കുളത്തിൽ ചാടാത്തവർക്കായി നിങ്ങൾ സമുദ്രങ്ങൾ കടക്കുന്നതിന് തുല്യമാണത്.

സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിച്ചാൽ കാണാം. ചില ആളുകൾ ഒട്ടേറെ പേരെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. എന്നാൽ അവർ പ്രദർശിപ്പിക്കുന്ന ഓരോന്നിലും പോരായ്മകളും പിഴവുകളും കണ്ടെത്തി കമന്റാക്രമണം നടത്തുന്നവരും ഏറെ ഉണ്ടാകും. നിലനിൽക്കാനും വില കൂട്ടാനും ആഗ്രഹിക്കുന്നവർ ഇത്തരം അവമതിപ്പുകളെ ചിരിച്ചു തള്ളും.

തങ്ങൾ മിടുക്കരാണെന്നു തെളിയിക്കാൻ മറ്റുള്ളവരെ ഇകഴ്ത്തിയും അനാദരിച്ചും സംസാരിക്കുകയും വില കുറച്ച് ഇടപെടുകയും ചെയ്യുന്നവരെയും പാടെ അവഗണിച്ചേക്കണം. എങ്കിലേ നിങ്ങൾക്ക് സ്വയം മതിപ്പും സ്വയം ബഹുമാനവും കൂട്ടാനാകൂ.
ഓരോരുത്തരും വിമർശനവും വിലയിരുത്തലുകളും നടത്തട്ടെ. മറ്റുള്ളവരുടെ അഭിപ്രായങ്ങളല്ല നിങ്ങളുടെ മൂല്യത്തെ നിർവചിക്കുന്നത്. നിങ്ങൾ സ്വയം നൽകുന്ന മൂല്യം മികച്ചതാണെങ്കിൽ വളർച്ചയിലേക്കുള്ള നിങ്ങളുടെ യാത്ര കൂടുതൽ വേഗത്തിലാക്കാം.

Latest