Connect with us

Kerala

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 100 വര്‍ഷം കഠിന തടവ്; നാല് ലക്ഷം രൂപ പിഴ

പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദ് (32) നെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.

Published

|

Last Updated

പത്തനംതിട്ട | മൂന്നര വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗി കപീഡനത്തിന് വിധേയയാക്കിയ കേസില്‍ പ്രതിക്ക് നൂറ് വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും. പത്തനാപുരം പുന്നല കടയ്ക്കാമണ്‍ വിനോദ് ഭവനത്തില്‍ വിനോദ് (32) നെയാണ് കോടതി ശിക്ഷിച്ചത്.

ദൃക്‌സാക്ഷിയുണ്ടെന്ന അപൂര്‍വതയുള്ള കേസില്‍ അടൂര്‍ ഫസ്റ്റ് ട്രാക്ക് ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജി എ സമീറിന്റെതാണ് വിധി. അപൂര്‍വമായാണ് ഇത്രയും കൂടിയ കാലയളവ് തടവുശിക്ഷ വിധിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ദൃക്‌സാക്ഷി എട്ടുവയസ്സുകാരിയായ മൂത്ത കുട്ടിയെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിന് അടൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇളയ കുട്ടിക്കും പീഡനമേല്‍ക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്ന് രണ്ടാമത്തെ കേസെടുക്കുകയായിരുന്നു.

കോടതി വിധിച്ച പിഴത്തുക കുട്ടിക്ക് നല്‍കണം. അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. വിനോദ് കേസില്‍ ഒന്നാം പ്രതിയാണ്. ഇയാളുടെ അടുത്ത ബന്ധു രാജമ്മയാണ് രണ്ടാം പ്രതി. ഇവരെ കോടതി താക്കീത് നല്‍കി വിട്ടയച്ചു.

ഏനാദിമംഗലത്തെ വീട്ടില്‍ വെച്ച് 2021 ഡിസംബര്‍ 18നാണ് പരാതിക്കാസ്പദമായ സംഭവം. അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ് ആണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ബലാത്സംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമാണ് കേസെടുത്തത്. എന്നാല്‍ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. മൂത്ത കുട്ടിയെ ബാലാത്സംഗം ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ വിചാരണ ഈ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ അമ്മ ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നല്‍കിയപ്പോഴാണ് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് അടൂര്‍ പോലീസിനെ സമീപിച്ചതും കേസെടുപ്പിച്ചതും.

ദൃക്സാക്ഷി ഉള്ളതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന്‍ പതിനെട്ട് രേഖകളും പതിനേഴ് സാക്ഷികളെയും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി സ്മിതാ ജോണ്‍ ഹാജരായി.

 

Latest