Connect with us

National

യു പി യില്‍ വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കൊന്ന് കുഴിച്ചുമൂടി

പ്രതികളെ പോലീസ് കാലിന് വെടിവെച്ച് കീഴ്‌പെടുത്തി

Published

|

Last Updated

നോയിഡ | ഉത്തര്‍പ്രദേശില്‍ അംരോഹയില്‍ കോളേജ് വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി. യു പി യിലെ അംരോഹയില്‍ നടന്ന പാര്‍ട്ടിയിലുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകമെന്ന് നോയിഡ പോലീസ് അറിയിച്ചു. മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

നോയിഡയിലെ പ്രമുഖ സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിയായ യാഷ് മിത്താല്‍ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച യാഷിനെ കാണാനില്ലെന്ന് പിതാവ് പ്രദീപ് മിത്താല്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് രചിത് എന്നയാളെ പിടികൂടി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് അംരോഹയില്‍ നടന്ന പാര്‍ട്ടിക്കിടെ യാഷിനെ കൊലപ്പെടുത്തിയതായി അറിയുന്നത്.

ഫെബ്രുവരി 26 ന് നടന്ന പാര്‍ട്ടിയില്‍ യാഷ് എത്തിയിരുന്നു. പാര്‍ട്ടിക്കിടെ തൊട്ടടുത്ത വനത്തില്‍ വെച്ച് യാഷുമായി ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് നാല് പേര്‍ ചേര്‍ന്ന് യാഷിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആറടി താഴ്ചയില്‍ കുഴിച്ചുമൂടുകയും ചെയ്തുവെന്ന് രചിത് ചോദ്യംചെയ്യലില്‍ വ്യക്തമാക്കി.

കൊലപാതകത്തിന് ശേഷം പിതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തുകയും മകനെ തട്ടിക്കൊണ്ട് പോയതായി അറിയിക്കുകയും ചെയ്തു. കൂടാതെ 6 കോടി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും ചോദ്യംചെയ്യലില്‍ പ്രതിയായ രചിത് പറഞ്ഞു.

മറ്റ് പ്രതികളായ ശുഭം, സുഷാന്ത്, സുമിത് എന്നിവരെ പോലീസ് കഠിനശ്രമത്തിനിടെ കസ്റ്റഡിയിലെടുത്തു. ഇവരുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും ഒടുവില്‍ കാലില്‍ വെടിവെച്ച് പ്രതികളെ കീഴ്‌പെടുത്തിയതായും പോലീസ് പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
യാഷിന്റെ മൃതദേഹം ബന്ധുക്കളുടെ സാനിധ്യത്തില്‍ പോലീസ് പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്നും പോലീസ് അറിയിച്ചു.

 

Latest