Connect with us

National

സ്വതന്ത്രവും നിര്‍ഭയവുമായ മാധ്യമങ്ങളില്ലാതെ ശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യത്തിന് നിലനില്‍ക്കാനാവില്ല: ഉപരാഷ്ട്രപതി

വാര്‍ത്തകള്‍ കാഴ്ചപ്പാടുകളുമായി കൂട്ടിക്കുഴക്കരുതെന്നും ന്യായവും വസ്തുനിഷ്ഠവുമായ റിപ്പോര്‍ട്ടിംഗ് ആണ് വേണ്ടതെന്നും ഉപരാഷ്ട്രപതി

Published

|

Last Updated

ബംഗളൂരു | സ്വതന്ത്രവും അനിയന്ത്രിതവും നിര്‍ഭയവുമായ മാധ്യമങ്ങളില്ലാതെ ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു ജനാധിപത്യത്തിനും നിലനില്‍ക്കാനാവില്ലെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു. ഇന്ത്യയ്ക്ക് അതിന്റെ ജനാധിപത്യത്തിന്റെ വേരുകള്‍ ശക്തിപ്പെടുത്തുന്നതിന് ശക്തവും സ്വതന്ത്രവും ഊര്‍ജ്ജസ്വലവുമായ മാധ്യമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബെംഗളൂരു പ്രസ് ക്ലബ്ബിന്റെ ഗോള്‍ഡന്‍ ജൂബിലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ കാഴ്ചപ്പാടുകളുമായി കൂട്ടിക്കുഴക്കരുതെന്നും ന്യായവും വസ്തുനിഷ്ഠവുമായ റിപ്പോര്‍ട്ടിംഗ് ആണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നല്ല പത്രപ്രവര്‍ത്തനം സംഭവങ്ങളുടെ ന്യായവും സത്യസന്ധവുമായ കവറേജും വിശ്വസനീയമായ സംപ്രേക്ഷണവും അടിസ്ഥാനമാക്കിയുള്ളതാണ്. സ്വാതന്ത്ര്യ സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ഒട്ടേറെ സംഭാവനകള്‍ നല്‍കിയ പത്രപ്രവര്‍ത്തന രംഗത്തെ പ്രമുഖരില്‍ നിന്ന് ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് ഉപരാഷ്ട്രപതി നിര്‍ദ്ദേശിച്ചു. വാര്‍ത്തകളെ കാഴ്ചപ്പാടുകളാല്‍ സ്വാധീനിക്കരുതെന്ന് ശ്രീ നായിഡു ഊന്നിപ്പറഞ്ഞു. വസ്തുതകളോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും ഭയമോ പ്രീതിയോ കൂടാതെ എപ്പോഴും അവ അവതരിപ്പിക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഉപദേശിച്ചു.

നിയമസഭകളിലും പൊതുജീവിതത്തിലും തങ്ങളുടെ അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം നല്‍കി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം നിയന്ത്രിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്രമിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ജനപ്രതിനിധികളെ ഉപദേശിച്ചു. കൂറുമാറ്റ നിരോധന നിയമം പുനഃപരിശോധിച്ച് അതില്‍ എന്തെങ്കിലും പഴുതുകള്‍ ഉണ്ടെങ്കില്‍ അത് തിരുത്തണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.