Connect with us

National

ആളൊഴിഞ്ഞ ട്രയിന്‍ കോച്ചില്‍ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

ട്രയിനില്‍ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

Published

|

Last Updated

മുസാഫര്‍പൂര്‍ ( ബീഹാര്‍ ) | ബീഹാറിലെ മുസാഫര്‍പൂരില്‍ ആളൊഴിഞ്ഞ ട്രയിനില്‍ നിന്ന് പുക ഉയര്‍ന്നത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ ഉദ്യോഗസ്ഥനായ വിനോദ് യാദവാണ് മരിച്ചത്.

ട്രയിനില്‍ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ പെട്ടന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ വിനോദ് യാദവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

മുസാഫര്‍പൂരില്‍ യാത്ര അവസാനിപ്പിച്ച ട്രയിന്‍ ആയതിനാല്‍ സംഭവം നടക്കുമ്പോള്‍ ട്രയിനില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് സി പി ആര്‍ ഒ ബീരേന്ദ്ര കുമാര്‍ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷമേ സംഭവത്തിന്റെ കാരണം കണ്ടെത്താനാകൂവെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും പോലീസ് അറിയിച്ചു.

Latest