Connect with us

ukraine- palastine

ക്രൂരമായ ഇരട്ടത്താപ്പ്

സബവി ഉന്നയിച്ച ചോദ്യമാണ് ഷ്വാബിനെയും ഇക്കണോമിക് ഫോറത്തിലെ മേലാളൻമാരെയും പ്രകോപിപ്പിച്ചത്. യുക്രൈൻ യുദ്ധത്തെ അപലപിക്കുന്ന അതേ ശക്തിയോടെ എന്തുകൊണ്ട് ഇസ്‌റാഈലിന്റെ ഫലസ്തീൻ അധിനിവേശത്തെ തുറന്നു കാട്ടുന്നില്ല, അതിൽ പ്രതിഷേധിക്കുന്നില്ല? എന്തുകൊണ്ട് റഷ്യക്കെതിരെ വരുന്നത് പോലുള്ള ഉപരോധം ഇസ്‌റാഈലിനെതിരെ വരുന്നില്ല? ഇതായിരുന്നു ചോദ്യം.

Published

|

Last Updated

ലീൽ സബവി ജനിച്ചതും വളർന്നതും ഗസ്സയിലാണ്. ഇപ്പോൾ ടൊറന്റോയിലാണ് താമസം. ഫലസ്തീൻ വിമോചന പോരാട്ടത്തിൽ വിവിധ തരത്തിലുള്ള സംഭാവനകൾ അർപ്പിക്കുന്ന സബവിയുടെ പ്രധാന ഊന്നൽ ഫലസ്തീനികളെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പദ്ധതികളിലാണ്. കമ്യൂണിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. ഈ യുവ വ്യവസായ പ്രമുഖനെ യംഗ് ഗ്ലോബൽ ലീഡേഴ്‌സിലേക്ക് 2015ൽ ക്ഷണിക്കുമ്പോൾ അത് ശ്രദ്ധേയമായ വാർത്തയായിരുന്നു. ലോകത്തെ ഏറ്റവും ഉന്നതരെന്ന് കരുതപ്പെടുന്നവർ മാത്രം അംഗങ്ങളായി വിരാജിക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ യുവജന വിഭാഗമാണ് യംഗ് ഗ്ലോബൽ ലീഡേഴ്‌സ്. ഫലസ്തീൻ അഭയാർഥിയുടെ മകൻ വിശ്വനേതാക്കൾക്കൊപ്പം ഇരിക്കുന്നത് ചില്ലറ കാര്യമല്ലല്ലോ. ഖലീൽ സബവി പക്ഷേ, തണുത്ത പ്രതികരണമാണ് ഇതിനോട് തുടക്കത്തിൽ നടത്തിയത്. അവരുടെ എലീറ്റിസത്തോട് താത്പര്യമില്ലെന്നായിരുന്നു നിലപാട്. എന്നാൽ സുഹൃത്തുക്കൾ ഉപദേശിച്ചു: വലിയ അവസരമാണ്. മെച്ചപ്പെട്ട ലോകത്തിനായി ചിന്തിക്കുന്നവരുടെ കൂട്ടമാണല്ലോ വേൾഡ് ഇക്കണോമിക് ഫോറം.

ഇനിയാണ് ട്വിസ്റ്റ്. സബവി കഴിഞ്ഞ സെപ്തംബർ മുതൽ യംഗ് ഗ്ലോബൽ ലീഡേഴ്‌സിൽ നിന്ന് അനിശ്ചിത കാല സസ്‌പെൻഷനിലാണ്. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചാണ് സസ്‌പെൻഷൻ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സ്ഥാപകൻ ക്ലൗസ് ഷ്വാബിന് സബവി അയച്ച ഒരു കത്താണ് പ്രശ്‌നമായത്. കത്തിൽ ഉന്നയിച്ച ചോദ്യമാണ് ഷ്വാബിനെയും ഇക്കണോമിക് ഫോറത്തിലെ മേലാളൻമാരെയും പ്രകോപിപ്പിച്ചത്. യുക്രൈൻ യുദ്ധത്തെ അപലപിക്കുന്ന അതേ ശക്തിയോടെ എന്തുകൊണ്ട് ഇസ്‌റാഈലിന്റെ ഫലസ്തീൻ അധിനിവേശത്തെ തുറന്നു കാട്ടുന്നില്ല, അതിൽ പ്രതിഷേധിക്കുന്നില്ല? എന്തുകൊണ്ട് റഷ്യക്കെതിരെ വരുന്നത് പോലുള്ള ഉപരോധം ഇസ്‌റാഈലിനെതിരെ വരുന്നില്ല? ഇതായിരുന്നു ചോദ്യം. സബവിയെ എന്തിനാണ് സസ്‌പെൻഡ് ചെയ്തത് എന്ന് പത്രക്കാർ ചോദിച്ചപ്പോൾ ഷ്വാബ് ക്ഷുഭിതനായി. അദ്ദേഹം അത്യച്ചത്തിൽ പറഞ്ഞു: യുക്രൈൻ സ്‌പെഷ്യൽ കേസാണ്. ഫലസ്തീനെപ്പോലെയല്ല. അയാളുടെ കത്ത് അക്രമോത്സുകമാണ്. അവഹേളിക്കുന്നതുമാണ്. ഇങ്ങനെ പോയാൽ യംഗ് ഗ്ലോബൽ ലീഡേഴ്‌സ് പിരിച്ചു വിടേണ്ടി വരുമെന്ന് വരെ ഷ്വാബ് അലറി.

ഖലീൽ സബവിയുടെ ഇക്കണോമിക് ഫോറം അനുഭവം ഇത്ര വിശദമായി പറഞ്ഞത് പാശ്ചാത്യ പ്രമുഖരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കാൻ വേണ്ടിയാണ്. റഷ്യയുടെ യുക്രൈൻ അധിനിവേശം ഒരാണ്ട് പിന്നിട്ടിരിക്കുന്നു. ആയിരക്കണക്കായ മനുഷ്യർ മരിച്ചു വീണു. യുക്രൈനിലെ വൈദ്യുതി, അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ പ്രതിസന്ധിയാണ് യുദ്ധം സൃഷ്ടിച്ചത്. റഷ്യക്കെതിരെ പാശ്ചാത്യ ശക്തികൾ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധമേർപ്പെടുത്തിയിട്ടും യുക്രൈന് നിരന്തരം ആയുധം നൽകിയിട്ടും യു എന്നിൽ കിടിലൻ പ്രമേയങ്ങൾ കൊണ്ടുവന്നിട്ടും മനുഷ്യക്കുരുതി തുടരുകയാണ്. യുക്രൈൻ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തെ വിഭജിക്കുന്നതിൽ റഷ്യ വിജയിച്ച് കഴിഞ്ഞിരിക്കുന്നു. വിജയം എന്ന വാക്ക് ഇവിടെ പ്രയോഗിക്കാനേ പാടില്ലാത്തതാണ്. നാറ്റോയെ ഉപയോഗിച്ച് മേഖലയിൽ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള യു എസ് ചേരിയുടെ നീക്കങ്ങളാണ് യുദ്ധത്തിന് കാരണമെന്ന് വാദിക്കുന്നവരുണ്ട്. റഷ്യ സ്വയം പ്രതിരോധിക്കുകയാണെന്ന കടന്ന കൈ പ്രയോഗിക്കുന്നവരുമുണ്ട്. യുദ്ധത്തെ അപലപിക്കുകയും റഷ്യയുമായി നേരത്തേയുള്ള എല്ലാ ബന്ധവും തുടരുകയും ചെയ്യുന്ന ഇന്ത്യയെപ്പോലുള്ളവരുമുണ്ട്. പക്ഷേ, ഈ കാഴ്ചപ്പാടുകൾക്കെല്ലാം അപ്പുറത്തുള്ള യാഥാർഥ്യം യുക്രൈൻ ജനത അനുഭവിക്കുന്ന ദുരിതങ്ങളാണ്. ആ അർഥത്തിൽ നോക്കുമ്പോൾ റഷ്യ നടത്തുന്നത് അധിനിവേശം തന്നെയാണ്. ലോകമൊന്നാകെ അത് തടയാൻ അണി ചേരേണ്ടതുമാണ്. ഒട്ടുമില്ല സംശയം. ഖലീൽ സബവിനും ഇക്കാര്യത്തിൽ ഇടർച്ചയില്ല. അദ്ദേഹവും കൂട്ടുകാരും യുക്രൈൻ ഐക്യദാർഢ്യ ശ്രമങ്ങളിൽ സജീവമായി അണി ചേർന്നതുമാണ്. പക്ഷേ, അവർ ഫലസ്തീൻ ചോദ്യം കൂടി ഉയർത്തുന്നുവെന്ന് മാത്രം. അത്‌കേൾക്കുമ്പോൾ എന്തുകൊണ്ടാണ് വേൾഡ് ഇക്കണോമിക് ഫോറക്കാരും അമേരിക്കൻ മേധാവികളും ചൂടാകുന്നത്?

ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഫലസ്തീൻ മണ്ണ് കവർന്നെടുക്കുന്നതിന് ഭ്രാന്തമായ വേഗം കൈവരിച്ചിട്ടുണ്ട്. കുടിയിറക്കിയും കൃഷി നശിപ്പിച്ചും പ്രതിഷേധിക്കുന്നവരെ കൊന്നു തള്ളിയും അധിനിവേശം തുടരുകയാണ്. വെസ്റ്റ് ബാങ്കിൽ ഒരു ഫലസ്്തീൻ പൗരനെങ്കിലും മരിച്ചു വീഴാത്ത ദിവസമേയില്ലെന്ന് വന്നിരിക്കുന്നു. ഒറ്റക്കോളം വാർത്തയിൽ ആ മനുഷ്യരെല്ലാം ഒടുങ്ങുകയാണ്. ആരേയും അത് സ്പർശിക്കുന്നേയില്ല. ഫലസ്തീന്റെ ദൈന്യത വിളിച്ചു പറഞ്ഞ ഷിറീൻ അബു ആഖ്‌ലേക്ക് സംഭവിച്ചത് ലോകം കണ്ടതാണല്ലോ. അന്താരാഷ്ട്ര ഖ്യാതിയുള്ള ആ പത്രപ്രവർത്തകയെ ഇസ്‌റാഈൽ സേന കൊന്നു തള്ളിയിട്ട് വല്ല പ്രതിഷേധവുമുയർന്നോ? അർഥവത്തായ വല്ല നടപടിയും ഇസ്‌റാഈൽ നേരിട്ടോ? സർവ അന്താരാഷ്ട്ര കരാറുകളും ലംഘിച്ച് വെസ്റ്റ് ബാങ്കിലേക്ക് ഇരച്ചെത്തുകയാണ് ജൂത കുടിയേറ്റക്കാർ. അവരുടെ സംരക്ഷണത്തിന് സയണിസ്റ്റ് തീവ്രവാദികളും സൈന്യവുമുണ്ട്. യു എന്നിൽ വരാനിരുന്ന പ്രമേയം അമേരിക്കൻ സമ്മർദത്തിന് വഴങ്ങി ഫലസ്തീൻ അതോറിറ്റി പിൻവലിച്ചോടുന്നു. വല്ലാത്തൊരു നിസ്സഹായാവസ്ഥയാണ് ഫലസ്തീൻ ജനതയെ ചൂഴ്ന്ന് നിൽക്കുന്നത്. വെസ്റ്റ് ബാങ്കിലെ നാബ്്ലസിൽ കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടക്കുരുതിയാണ് നടക്കുന്നത്. അതിനിടക്ക് ഗസ്സയിൽ നിന്ന് ചില റോക്കറ്റുകൾ തൊടുത്തു വിടും. അവ വയലിലും മറ്റും പതിക്കും. ഇത് ഇസ്‌റാഈൽ ഒരു അവസരമായെടുക്കും. മറുപടിയായി തൊടുത്തു വിടുന്നത് തീതുപ്പും മിസൈലുകളാണ്. അത് പതിക്കുന്നത് ജനവാസ മേഖലയിലും. കനത്ത നാശനഷ്ടമാണ് അതുണ്ടാക്കുക. ചെക്ക് പോയിന്റുകൾ കൊണ്ട് നിറച്ച് ഫലസ്തീൻ ജനതയെ തുറന്ന ജയിലിലാക്കുകയാണ് ഇസ്‌റാഈൽ. കുടിവെള്ളത്തിനോ നിത്യോപയോഗ സാധനങ്ങൾക്കോ സാധാരണ സഞ്ചാരങ്ങൾക്കോ പോലും ഫലസ്തീനികൾക്ക് വഴിയില്ല. ഗതികെട്ട് ഏതെങ്കിലും ഫലസ്തീൻ യുവാവ് പ്രതികരിച്ചാൽ അത് ഒപ്പിയെടുത്ത് ലോകത്താകെ എത്തിക്കാൻ സയണിസ്റ്റ് ഗ്രൂപ്പുകൾ ഏൽപ്പിച്ചവരുമുണ്ടാകും. ഇത് ചൂണ്ടിക്കാട്ടിയാണ് അറബ് ഭീഷണിയിൽ അരക്ഷിതമാണ് ഇസ്‌റാഈലെന്ന് പെരും നുണ ഇന്നും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണല്ലോ എല്ലാ അതിക്രമത്തിനും ന്യായമായി അമേരിക്ക അന്താരാഷ്ട്ര വേദികളിൽ പറയാറുള്ളത്.

ഇസ്‌റാഈലി സെറ്റിൽമെന്റുകൾ എന്ന ഓമനപ്പേരിലാണ് ഫലസ്തീൻ മണ്ണ് കവർന്ന് പണിയുന്ന കെട്ടിട സമുച്ചയങ്ങളെ വിളിക്കാറുള്ളത്. ഈ ഭൂമിക്കൊള്ളക്കാർ ജൂത കുടിയേറ്റക്കാരാണത്രേ. അധിനിവേശം എന്ന പദം പ്രയോഗിക്കാൻ മടിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക്. ആറ് ലക്ഷം മുതൽ ഏഴര ലക്ഷം വരെ ഇസ്‌റാഈലികൾ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും പണിത താത്കാലിക പാർപ്പിടങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് യു എൻ കണക്ക്. ഇത് മൊത്തം ജൂത ഇസ്‌റാഈലി ജനസംഖ്യയുടെ ഏകദേശം 11 ശതമാനം വരും! 1967ൽ ഇസ്‌റാഈൽ പിടിച്ചടക്കിയ ഫലസ്തീനിയൻ ഭൂമിയിലാണ് നുഴഞ്ഞുകയറ്റം. അന്തർദേശീയ അതിർത്തി ലംഘിച്ചാണ് ഈ അതിക്രമം നടക്കുന്നത്. ഇങ്ങനെ താമസിക്കാനെത്തുന്നവർക്ക് സൈന്യം സമ്പൂർണ സംരക്ഷണം നൽകും. ഫലസ്തീൻ ചെറുത്തു നിൽപ്പ് നേരിടുന്നതിന് പാരിതോഷികമായി സബ്‌സിഡികളും ആനുകൂല്യങ്ങളും ഇക്കൂട്ടരെ കാത്തിരിക്കുന്നുണ്ട്. മിക്കവർക്കും ലൈസൻസുള്ള തോക്കുണ്ട്. ജൂത സംഘം അതിക്രമിച്ച് കടന്ന് വീടു വെച്ചു കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് അടുക്കാനൊക്കില്ല. ആലോചിച്ചു നോക്കൂ. രാവിലെ എഴുന്നേറ്റ് വരുമ്പോൾ അത്യാധുനിക യന്ത്ര തോക്കുകളുടെയും ബുൾഡോസറുകളുടെയും അകമ്പടിയോടെ ഒരു കൂട്ടം അക്രമികൾ വീടു വളയുന്നത്. ഒന്ന് ഒച്ചവെക്കാൻ പോലുമാകില്ല. അനങ്ങിയാൽ ‘തീവ്രവാദി’യാകും. വെടിവെച്ചിടും. ഇതാണ് ഫലസ്തീനികൾ ഓരോ ദിനവും അനുഭവിക്കുന്നത്.

ജനീവാ കരാറെന്ന് കേൾക്കുമ്പോൾ ഇപ്പോൾ പുച്ഛം തോന്നുന്നു. നാലാം ജനീവ കൺവെൻഷനിൽ എഴുതി വെച്ചിട്ടുണ്ട്, അധിനിവേശ ഭൂമിയിലേക്ക് അക്രമി രാഷ്ട്രം ജനങ്ങളെ കയറ്റി വിടരുതെന്ന്. തർക്കം നിലനിൽക്കുന്നതോ യുദ്ധത്തിൽ പിടിച്ചെടുത്തതോ ആയ ഭൂമിയിൽ പരമ്പരാഗതമായി താമസിക്കുന്നവർക്കാണ് അവകാശമെന്നും അതിലുണ്ട്. എന്തുണ്ടായിട്ടെന്ത്. ഉപയോഗക്ഷമതയില്ലാത്ത കരാറുകൾക്ക് കടലാസ് വിലപോലുമില്ലല്ലോ. 1949ലും 1967ലുമായി യു എൻ രകഷാ സമിതി പാസ്സാക്കിയ പ്രമേയങ്ങൾ അധിനിവേശവും അതിന്റെ ഭാഗമായുള്ള മനുഷ്യാവകാശ ലംഘനങ്ങളും കർശനമായി വിലക്കിയതാണ്. ഫലസ്തീൻ താത്പര്യങ്ങൾക്ക് വിരുദ്ധമാണെങ്കിലും ഓസ്‌ലോ കരാറും ദ്വിരാഷ്ട്ര സഹവർത്തിത്വമാണ് മുന്നോട്ട് വെക്കുന്നത്. ജോർദാന്റെ മധ്യസ്ഥതയിൽ പിറന്ന നിരവധി ഉഭയകക്ഷി കരാറുകൾ വേറെയുമുണ്ട്. ഇതൊന്നും ഇസ്‌റാഈൽ അധിനിവേശം നിർബാധം തുടരുന്നതിന് തടസ്സമല്ല. ഇസ്‌റാഈൽ രാഷ്ട്ര സ്ഥാപനത്തിന് അസ്തിവാരമിട്ടത് ബാൽഫർ പ്രഖ്യാപനമാണല്ലോ. ബ്രിട്ടീഷ് മേധാവിത്വത്തിന്റെ സൃഷ്ടിയായ ആ പ്രഖ്യാപനത്തിൽ പോലും ഫലസ്തീൻ ജനതയുടെ അവകാശത്തെ കുറിച്ച് പരാമർശമുണ്ട്. “ഫലസ്തീനിൽ ഇന്ന് നിലവിലുള്ള ജൂതരല്ലാത്ത എല്ലാ സമൂഹങ്ങളുടെയും പൗരാവകാശങ്ങൾക്കും മതപരമായ അവകാശങ്ങൾക്കും ദോഷം വരുത്തുന്ന യാതൊരു നടപടിയും കൈക്കൊള്ളാൻ പാടില്ല’ എന്നാണ് ബാൽഫർ പ്രഖ്യാപനത്തിൽ പറയുന്നത്.

ഇതൊക്കെയായിട്ടും യുക്രൈന് കിട്ടുന്നതിന്റെ ഒരംശം പോലും പരിഗണന ആരും ഫലസ്്തീനിലെ മനുഷ്യർക്ക് നൽകുന്നില്ല. യുക്രൈന്റെ പേരിൽ റഷ്യക്ക് മേൽ തലങ്ങും വിലങ്ങും ഉപരോധം പ്രഖ്യാപിക്കുന്ന പാശ്ചാത്യർ ഇസ്‌റാഈലിനെ ഒരു വാക്കു കൊണ്ടു പോലും നോവിക്കുന്നില്ല. അപാർത്തീഡ് പാർട്ടികൾ ഉൾക്കൊള്ളുന്ന നെതന്യാഹുവിന്റെ സഖ്യ സർക്കാർ അവർക്ക് മഹത്തായ ജനാധിപത്യ സംവിധാനമാണ്. ഇസ്‌റാഈൽ ഇര രാഷ്ട്രമാണ്. അധിനിവേശം അവർക്ക് അവകാശമാണ്. 2020ൽ ഇസ്‌റാഈലിന് യു എസ് 3.8 ബില്യൺ ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചത്. അതിലേറെയും സൈനിക സഹായമാണ്. ഗസ്സ മുനമ്പിലെ അഭയാർഥികൾക്ക് ബരാക് ഒബാമ നൽകി വന്ന സഹായം 2018ൽ റദ്ദാക്കുകയാണ് ട്രംപ് ചെയ്തത്. ഇത് ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. ഇസ്‌റാഈൽ അധിനിവേശത്തിൽ “നിഷ്പക്ഷ’ നിലപാടെടുക്കുമെന്നാണ് യു എസ് വിദേശകാര്യ സെക്രട്ടറി പറഞ്ഞത്. ഇരയോടും വോട്ടക്കാരനോടും എങ്ങനെയാണ് സാർ നിഷ്പക്ഷമായി പെരുമാറുക. അന്താരാഷ്ട്ര സമൂഹം എന്നത് ഒരു നുണയാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest