Connect with us

Cover Story

സ്നേഹത്തിന്റെ ആഘോഷം

യാ നബീ സലാം അലൈകും യാ റസൂല്‍ സലാം അലൈകും യാ ഹബീബ് സലാം അലൈകും സ്വലവാതുല്ലാ അലൈകും ഇന്ന് നബിദിനം. ലോകരാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ വലിയ ആഘോഷത്തിലാണ്. തിരുനബി (സ) യുടെ ജന്മദിനം ആഘോഷിക്കാനായി പരസ്പരം സ്‌നേഹം പങ്കിടുന്ന കാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുന്നത്. പ്രവാചകരോടുള്ള അങ്ങേയറ്റത്തെ സ്‌നേഹത്തില്‍ നിന്നാണ് ഈ വിശുദ്ധദിനത്തില്‍ തെരുവുകളും വീടകങ്ങളും മസ്ജിദുകളും ദീപാലങ്കാരമണിഞ്ഞു നില്‍ക്കുന്നത്. മുഹമ്മദ് നബി (സ) യെ മനസ്സിലാക്കിയ മുഴുവന്‍ മനുഷ്യരുടെയും ആഘോഷ ദിവസം. ജാതി മത വ്യത്യാസമില്ലാതെ ഈ സ്‌നേഹം പരന്നൊഴുകുന്നു.

Published

|

Last Updated

2005ലാണ്. പൂനൂർ മദീനതുന്നൂർ കോളജിൽ പഠിക്കുന്ന കാലം. റബീഉൽ അവ്വൽ. അന്നത്തെ പ്രധാന ആലോചന വിദ്യാർഥി യൂനിയന് കീഴിൽ കേരളീയ സമൂഹത്തിന് വ്യത്യസ്തമായി എന്ത് സമ്മാനിക്കും എന്നതായിരുന്നു. യൂട്യൂബും സമൂഹ മാധ്യമങ്ങളും ഇത്രമേൽ നമ്മുടെ ജീവിതപരിസരത്ത് എത്തിയിട്ടില്ല. എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ ഏറെ സമയമെടുത്ത് ലോകരാഷ്ട്രങ്ങളിലെ മീലാദാഘോഷങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഒരു ഡോക്യുമെന്ററി ആസൂത്രണം ചെയ്തു. ലണ്ടനിലെയും ആസ്ത്രേലിയയിലെയും ന്യൂയോർക്കിലെയും കെനിയയിലെയും വിവിധ രാഷ്ട്രങ്ങളിലെയും മീലാദാഘോഷങ്ങളുടെ മനോഹരമായ ദൃശ്യങ്ങൾ സംഘടിപ്പിച്ചു ഡോക്യുമെന്ററി തയ്യാറാക്കി. ഓരോ നാട്ടിലും സാംസ്‌കാരികമായ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് എങ്ങനെയാണ് നബിദിനം ജനകീയമായ ആഘോഷമായതെന്ന് തിരിച്ചറിയാൻ സാധിച്ചവർക്കായിരുന്നു അത്. ഓരോ രാജ്യത്തെയും മീലാദാഘോഷം ഓരോ രീതിയിലായിരുന്നു. അവിടങ്ങളിലെ സംസ്‌കാരവും ഭാഷയും കലയും ജീവിതവും മണവും കലർന്നത്. എന്നാൽ എല്ലായിടത്തും സാമ്യതയുള്ള ഒരു കാര്യം മുസ്‌ലിംകൾ മാത്രമല്ല, എല്ലാ ജനവിഭാഗങ്ങളും മീലാദാഘോഷത്തിന്റെ ഭാഗമാകുന്നു എന്നതായിരുന്നു. പരസ്പരം സ്‌നേഹം പങ്കിടുകയും സാഹോദര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന മനുഷ്യർ. പ്രവാചകൻ മുഹമ്മദ് നബി(സ) എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളുന്ന വിശ്വമാനവികതയുടെ പ്രഭവകേന്ദ്രമായി മാറുന്ന മനോഹരമായ ആഘോഷം.

കാലമേറെ കഴിഞ്ഞിട്ടും ഈ സ്‌നേഹ വായ്പ് അനവരതം തുടരുന്നു. ഓരോ നാട്ടിലും നബിദിനം ആ നാട് നിർമിക്കുന്ന സാംസ്‌കാരിക മുന്നേറ്റമായി മാറുന്ന മനോഹരമായ കാഴ്ചകളാണ് എവിടെയും കാണാനാവുക. മനുഷ്യ സ്‌നേഹത്തിന്റെ എത്രയെത്ര ഊഷ്മളമായ കഥകളാണ് നബിദിനം നമ്മോട് പറയുന്നത്? പല കാരണങ്ങൾ കൊണ്ട് പരസ്പരം അകന്നകന്നുപോകുന്ന മനുഷ്യ ഹൃദയങ്ങളെ എത്രമേൽ ഹൃദ്യമായാണ് നബിദിനം കോർത്തിണക്കുന്നത്? എണ്ണമറ്റ മനുഷ്യർ. എണ്ണമറ്റ നബിദിനാഘോഷങ്ങൾ. എല്ലാവർക്കും പങ്കുവെക്കാനുള്ളത് മനുഷ്യപ്പറ്റുള്ള ഒരുപിടി ഓർമകൾ. കേരളത്തിൽ തന്നെ ഓരോ മഹല്ലിലും നടക്കുന്ന നബിദിന പരിപാടികൾ നോക്കൂ, എത്രമേൽ വൈവിധ്യമാണ്! ഓരോന്നും വ്യത്യസ്തം. ഓരോന്നും മനോഹരം. ഓരോ നാട്ടിലും മനുഷ്യർ പരസ്പരം സ്‌നേഹം പങ്കിടുന്ന ധന്യനിമിഷങ്ങൾ. ഒരു ജന്മദിനം എന്നതിൽ നിന്ന് ഒരു നാടിന്റെ തന്നെ ആഘോഷമായി മാറുന്ന അനുഭവങ്ങൾ.

നബിദിന റാലി

തിരുനബി (സ) യെ പ്രകീർത്തിച്ചുകൊണ്ടുള്ള നബിദിന റാലിയാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. എല്ലാ രാഷ്ട്രങ്ങളിലും നബിദിന റാലിയുണ്ട്. വ്യത്യസ്ത പേരുകളിൽ, വ്യത്യസ്ത ശൈലികളിൽ. ദഫ് മുട്ടി, മൗലിദ് ചൊല്ലി, മധുരം പങ്കിട്ട്, സ്‌നേഹം കൈമാറി വരുന്ന നബിദിന റാലി നോക്കൂ, ഈ ഭൂമിയിൽ ഇത്രമേൽ മനോഹരമായ കാഴ്ച സമ്മാനിക്കാൻ മറ്റെന്തിന് സാധിക്കും? ഒരു നാട്ടിൽ നബിദിന റാലി നടക്കുന്നത് ഒരു സുപ്രഭാതത്തിലല്ല. നാളുകളുടെ തയ്യാറെടുപ്പ് വേണം. കുട്ടികളെ അതിനായി ഒരുക്കണം. ദഫ് ടീമിന്റെ പരിശീലനം മാസങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണ്. ദഫ് സംഘത്തെ പഠിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ. പരിശീലന സമയത്ത് ദാഹജലവുമായി എത്തുന്ന നാട്ടിലെ കാരണവരെ നിങ്ങൾ കണ്ടിട്ടില്ലേ? ദഫ് സംഘത്തിന്റെ യൂണിഫോം സംഭാവന ചെയ്ത പ്രവാസിയായ നബിസ്‌നേഹിയെ നിങ്ങൾ കണ്ടിട്ടില്ലേ? പ്രവാചക സ്‌നേഹത്തിൽ രാവേറെ ഉറക്കൊഴിഞ്ഞ് തോരണങ്ങളും കൊടികളും കൊണ്ട് അങ്ങാടിയാകെ അലങ്കരിച്ച കുട്ടികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? റബീഉൽ അവ്വൽ ഒന്ന് മുതൽ നബിദിന പരിപാടികൾക്കായി ഭക്ഷണവും ചീർണിയും ഒരുക്കാൻ, കുട്ടികളെ അണിയിച്ചൊരുക്കാൻ ആവേശം കാണിച്ച ഉമ്മമാരെ കണ്ടിട്ടില്ലേ? നാട്ടിലെ കാരണവന്മാരുടെ നേതൃത്വത്തിലുള്ള സംഘാടകർ. റാലിയിൽ മധുരം വിതരണം ചെയ്യുന്ന അമുസ്‌ലിം സുഹൃത്തുക്കൾ. ഇതെല്ലാം അടങ്ങിയ സ്‌നേഹത്തിന്റെ പേരാണ് നബിദിന റാലി. ഒരോ റാലിക്ക് പിന്നിലും ഒരായിരം കഥകളുണ്ട്. മനുഷ്യ സ്‌നേഹത്തിന്റെ ആത്മീയ സമൃദ്ധമായ നല്ല കഥകൾ. അത് അനുഭവിച്ചുമാത്രം അറിയാനുള്ളതാണ്.

നബിദിന ഓർമകൾ

ഒരോ നബിദിനത്തിലും കുട്ടികൾ കേൾക്കുന്ന കഥകളുണ്ട്. പഴയ ഓർമകൾ. മുതിർന്നവർ വാമൊഴിയായി പുതിയ തലമുറയോട് പങ്കുവെക്കുന്ന അനുഭവങ്ങൾ. പട്ടിണിയുടെ വറുതിക്കാലത്തും സ്‌നേഹം എന്ന വികാരത്തിൽ മനുഷ്യരെല്ലാം ഒരുമിച്ചുനിന്ന നബിദിനത്തിലെ മനോഹരമായ ഓർമകൾ. പുതിയ കാലത്തെ സാങ്കേതിക വളർച്ച നൽകിയ വേഗതയിലും നബിദിനാഘോഷം ആ കരുത്തുറ്റ ഓർമകളുടെ തുടർച്ച മാത്രമാണ്. വൈവിധ്യങ്ങൾ എത്രവന്നാലും നബിദിനാഘോഷ പരിപാടികളിൽ മുതിർന്നവരുടെ സജീവമായ പങ്കാളിത്തം ഒരൽപ്പം പോലും കുറയുന്നില്ല. അത് ഭക്ഷണം പാകംചെയ്യുന്നത് മുതൽ നബിദിന ഘോഷയാത്രയിൽ കൊടിപിടിക്കുന്നത് വരെ നീളുന്നു. ഒരുപക്ഷേ പ്രായമായ നബിസ്‌നേഹികൾ അവരുടെ കുട്ടിക്കാലത്തെ നബിദിനോർമകളുടെ ലോകത്തായിരിക്കും ജീവിക്കുന്നത്. ഇന്നത്തെ റാലിയിൽ പതുക്കെ നടക്കുമ്പോഴും വർഷങ്ങൾക്ക് മുമ്പത്തെ വേഗതയുള്ള നടത്തത്തിൽ ജീവിക്കുന്നവർ. ഓരോ നാട്ടിലും മുതിർന്നവർ പങ്കുവെക്കുന്ന ഇത്തരം നബിദിന കഥകളുടെ ആഘോഷം കൂടിയാണ് മീലാദ്. ഒട്ടുമേ സംഘർഷങ്ങളില്ലാതെ എല്ലാ പ്രായക്കാരും നബിസ്‌നേഹത്തിൽ പരസ്പരം ലയിക്കുന്ന കാഴ്ച.

കുട്ടികളുടെ നബിദിനം

നബിദിനം കുട്ടികളുടെതു കൂടിയാണ്. മദ്‌റസാ കുട്ടികൾ അവരുടെ നബിദിന പരിപാടി അവതരിപ്പിക്കാനുള്ള സന്തോഷത്തിലാണ്. നാളുകൾക്ക് മുമ്പ് തന്നെ തുടങ്ങിയ പരിശീലനം. പാട്ടും പ്രസംഗവും സംഭാഷണവും കഥാപ്രസംഗവും മാറ്റുരക്കുന്ന വേദി. ഓരോ കുട്ടിയും സർഗാത്മകമായ ശേഷി പുറത്തെടുക്കുന്ന അസുലഭ നിമിഷങ്ങൾ. ജീവിതത്തിൽ ഒരാളുടെ മുന്നിൽ രണ്ട് വാക്ക് സംസാരിക്കാനുള്ള ശേഷി നേടുന്നത്, സാമൂഹിക പാഠത്തിന്റെ ആദ്യത്തെ അധ്യായങ്ങൾ പഠിക്കുന്നത്, സഹവർത്തിത്വത്തിന്റെ തിരിച്ചറിവ് നേടുന്നത്- എല്ലാം നബിദിന പരിപാടിയിൽ നിന്നാണ്. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും കാലുഷ്യമില്ലാതെ ജീവിക്കാനും കുരുന്നുമക്കളെ പ്രോത്സാഹിപ്പിക്കുന്ന മഹത്തായ കലാപരിപാടി കൂടിയാണ് നബിദിനത്തിൽ നടക്കുന്ന കുട്ടികളുടെ സാഹിത്യ, കലാ മത്സരങ്ങൾ. ജീവിതത്തിൽ നേരിടാൻ പോകുന്ന പ്രതിസന്ധി ഘട്ടങ്ങളെ ശാന്തമായി അഭിമുഖീകരിക്കാൻ കൂടി കരുത്ത് നേടുന്ന പരിപാടികൾ. മൗലായ ചൊല്ലി, സ്വലാത്ത് ചൊല്ലി, പാട്ട് പാടി, പ്രസംഗിച്ച് മദ്‌റസാ കുട്ടികൾ. പൊതുവേദിയിൽ സധീരം വന്ന് തങ്ങളുെട പരിപാടി അവതരിപ്പിക്കാനെത്തുന്ന മിടുക്കന്മാർ. കഥപറയൽ പാതിവഴിൽ വെച്ച് വാക്ക് കിട്ടാതെ സലാം പറയുന്ന പിഞ്ചോമനകൾ. ലോകത്തുടനീളം വിശ്വാസികൾ സാക്ഷ്യം വഹിക്കുന്ന ഈ മനോഹരമായ അനുഭവത്തിന്റെ പേരാണ് നബിദിനം.

സ്ത്രീകളുടെ നബിദിനം

ഈ ആഘോഷത്തിൽ സ്ത്രീകളുടെ അധ്വാനം വളരെ വലുതാണ്. ഓരോ കുടുംബത്തിലും നബിദിനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അധ്വാനിക്കുന്നത്, ഉറക്കമൊഴിയുന്നത് ആ വീട്ടിലെ സ്ത്രീകളാണ്. എല്ലാം ഒരുക്കണം. മൗലിദ് സദസ്സിലേക്കുള്ള ചീർണി വേണം. കുഞ്ഞുങ്ങൾക്കുള്ള ഉടുപ്പുകൾ ശരിയാക്കണം. അവരുടെ നബിദിന പരിപാടിക്ക് പരിശീലനം കൊടുക്കണം. വീട്ടിലെ മൗലിദ് പരിപാടി സംഘടിപ്പിക്കണം. സ്ത്രീകൾക്കുള്ള പ്രത്യേക നബിദിന മത്സരങ്ങളിൽ പങ്കെടുക്കണം, സംഘടിപ്പിക്കണം. ഒഴിവില്ലാത്ത രാപകലുകൾ. തിരുനബി (സ) യോടുള്ള മഹബ്ബത്തിന്റെ ഈ ദൃശ്യങ്ങളാണ് വിശ്വാസികളുടെ വീടകങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി കാണാൻ സാധിക്കുന്നത്.

മൗലിദ് സദസ്സുകൾ

ഒരു നാട് മുഴുവൻ പ്രവാചക പ്രകീർത്തനത്തിനായി ഒന്നിക്കുന്നു. മസ്ജിദിൽ, വീട്ടിൽ, വിദ്യാഭ്യാസ സ്ഥാപനത്തിൽ, ബിസിനസ്സ് ആസ്ഥാനത്ത്. അങ്ങനെ എല്ലായിടത്തും മൗലിദ് സദസ്സ് കൊണ്ട് സമ്പന്നം. തിരുനബി (സ) പകർന്നു തന്ന സ്‌നേഹ പാഠങ്ങൾ ഓർക്കുന്ന മജ്‌ലിസുകൾ. ചരിത്രം ഹൃദയത്തിൽ കുടിയിരുത്തി പാടിയും പറഞ്ഞും തിരുനബി സ്‌നേഹം പ്രകടിപ്പിക്കുന്ന വിശ്വാസികൾ. അതിലൂടെ ആത്മീയമായ ഊർജം സമ്പാദിക്കുന്നവർ. അതാണ് മൗലിദ് സദസ്സുകളുടെ മനോഹാരിത. എല്ലാവരെയും ഉൾക്കൊള്ളാനും പരസ്പരം മനസ്സിലാക്കാനും സ്‌നേഹിക്കാനും തിരുനബി (സ) പറഞ്ഞ പാഠങ്ങൾ ആവർത്തിച്ചു ചൊല്ലുന്ന മൗലിദുകൾ. അവിടുത്തെ ചരിത്രം ഉള്ളിൽ ആവാഹിച്ച് വർത്തമാനജീവിതം മനോഹരമാക്കുന്ന ആബാലവൃന്ദം. കരയുന്ന കണ്ണുകൾ. സ്‌നേഹം കൊണ്ട് വിങ്ങിപ്പൊട്ടുന്ന ഹൃദയങ്ങൾ.

അതിരുകളില്ലാത്ത സ്‌നേഹപ്രകടനങ്ങൾ

ജർമനിയിലെ ബെർലിനിലുള്ള ഉമർ ബിൻ ഖത്താബ് മസ്ജിദ്. നബിദിനത്തിന്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന മനോഹരമായ പ്രകീർത്തന സദസ്സാണ് വേദി. വിശ്വാസികളായ വിവിധ വംശീയ വിഭാഗങ്ങൾ. മൊറോക്കോ, ഈജിപ്ത്, ഇന്ത്യ, തുർക്കി, സിറിയ, ഇറാൻ, ഫലസ്തീൻ, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന, സെർബിയ, സ്‌പെയിൻ തുടങ്ങി വിവിധ രാഷ്ട്രങ്ങളിൽ നിന്ന് കുടിയേറിയ മുസ്‌ലിംകൾ ഒരുമിച്ചിരുന്ന് മൗലിദ് ചൊല്ലുന്നു. രാവേറെ ചെന്നിട്ടും മനോഹരമായ നശീദകളിലും പ്രൗഢമായ പ്രഭാഷണങ്ങളിലും ലയിച്ച് ഒരേ മനസ്സോടെ ഒരുമിച്ചിരിക്കുന്നവർ. എത്രമേൽ ധന്യമായ കാഴ്ച. ഹബീബ് ഉമർ ബിൻ ഹഫീള് രചിച്ച ലോകപ്രസിദ്ധ മൗലിദ് ളിയാഉല്ലാമിയാണ് ബെർലിനിലെ തന്നെ ബൈത്തുൽ ഹികമിൽ വെച്ച് പ്രവാചകസ്‌നേഹികൾ ചൊല്ലുന്നത്. ഇങ്ങനെ വിവിധ നഗരങ്ങളിൽ, ഗ്രാമ പ്രദേശങ്ങളിൽ നബിദിനത്തിന്റെ ആന്തരികമായ ആഘോഷം ഉൾക്കൊണ്ട് ഭാഷയുടെയും വേഷത്തിന്റെയും സംസ്‌കാരത്തിന്റെയും അതിർത്തികൾ മറികടന്ന് പ്രവാചകസ്‌നേഹികൾ മീലാദ് ആഘോഷിക്കുന്നു.

അറബി മാസം റബീഉൽ അവ്വൽ പന്ത്രണ്ടിന് പുലർച്ചെ സുബ്ഹിക്ക് മുമ്പാണ് പ്രവാചക തിരുമേനി ജനിച്ചത്. ഇതേസമയം തന്നെ പ്രവാചക പ്രകീർത്തന സദസ്സുകളിൽ വന്നിരുന്ന് മൗലിദ് ഓതുന്ന കാഴ്ച എത്രമേൽ വിശുദ്ധമാണ്! നബിദിനത്തെ ഏറ്റവും മധുരമുള്ളതാക്കുന്നത് സുബ്ഹിക്ക് മുമ്പുള്ള പ്രവാചക പ്രകീർത്തനമാണ്. വിവിധ രാഷ്ട്രങ്ങളിൽ ഈ സമയത്ത് പ്രൗഢമായ മൗലിദ് സദസ്സുകൾ നടക്കുന്നുണ്ട്. വളരെ നേരത്തേ തന്നെ കുളിച്ചൊരുങ്ങി, സുഗന്ധം പൂശി, ആത്മീയ ധന്യമായ ഈ മൗലിദ് സദസ്സിലെത്തുന്നവർക്ക് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും അനുഭവമാണുണ്ടാക്കുന്നത്. ഈ ആത്മീയോർജമാണ് മറ്റുള്ള മനുഷ്യരിലേക്ക് പകരുന്നത്. ഈ സന്തോഷമാണ് ജീവിതത്തിലുടനീളം ഊർജമായി കൊണ്ടുനടക്കുന്നത്. ഈ സ്‌നേഹത്തിന് ഒന്നും തടസ്സമല്ല. രാഷ്ട്രവും ഭാഷയും സംസ്‌കാരവും മറികടന്ന് സമാധാനത്തിന്റെ സന്ദേശമായി അത് പരന്നൊഴുകുന്നു. ഈ ലോകത്തെ സ്‌നേഹം കൊണ്ട് കീഴടക്കാൻ ശക്തിപകരുന്ന ഇത്തരം മനോഹരമായ കാഴ്ചകളുടെ ആഘോഷമാണ് നബിദിനം. സ്‌നേഹത്തിന്റെ ആഘോഷം.

.

Latest