Connect with us

National

'നീ കറുത്തവനാണ്, എന്നെ അര്‍ഹിക്കുന്നില്ല'; കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

തന്റെ നിറത്തിന് ചേര്‍ന്ന ആളല്ല ഭര്‍ത്താവെന്നും അയാള്‍ക്ക് സൗന്ദര്യം കുറവാണെന്നും പ്രിയങ്ക വിശ്വസിച്ചിരുന്നു

Published

|

Last Updated

ഭോപ്പാല്‍ |  മധ്യപ്രദേശില്‍ തന്റെ ഭര്‍ത്താവ് കറുത്തവനാണെന്നും അയാള്‍ തന്നെ അര്‍ഹിക്കുന്നില്ലെന്നും ആരോപിച്ച് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 28കാരി അറസ്റ്റിലായി. പ്രിയങ്ക പുരോഹിത്, കാമുകന്‍ പുരോഹിത് ദേവകൃഷ്ണ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 7ന് രാത്രിയാണ് കൊലപാതകം നടന്നത്. 28 വയസ്സുകാരനായ പുരോഹിത് ദേവകൃഷ്ണയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണത്തിന്റെ പാടുകള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നു.

തന്റെ നിറത്തിന് ചേര്‍ന്ന ആളല്ല ഭര്‍ത്താവെന്നും അയാള്‍ക്ക് സൗന്ദര്യം കുറവാണെന്നും പ്രിയങ്ക വിശ്വസിച്ചിരുന്നു. ‘നീ കറുത്തവനാണ്, നീ എന്നെ അര്‍ഹിക്കുന്നില്ല’ എന്ന് പ്രിയങ്ക ഭര്‍ത്താവിനോട് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കാമുകനോടൊപ്പം ജീവിക്കുന്നതിന് തടസ്സമായി നിന്ന ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ ഇവര്‍ ഒരു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കുകയായിരുന്നു.

അന്വേഷണത്തില്‍ രാജഗഢ് സ്വദേശിയായ 32കാരന്‍ കമലേഷ് പുരോഹിതുമായി പ്രിയങ്ക പ്രണയത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തങ്ങളുടെ ബന്ധത്തിന് തടസ്സമായി നില്‍ക്കുന്ന ദേവകൃഷ്ണയെ ഇല്ലാതാക്കാന്‍ ഇരുവരും തീരുമാനിച്ചു. ഇതിനായി വളരെ കൃത്യമായ ഒരു കൊലപാതക പദ്ധതിയാണ് അവര്‍ തയ്യാറാക്കിയത്.

കൊലപാതകം നടത്തുന്നതിനായി തന്റെ സഹായിയായ സുരേന്ദ്ര ഭതിയെ കമലേഷ് ഒപ്പം കൂട്ടി. ഒരു ലക്ഷം രൂപയ്ക്കാണ് ദേവകൃഷ്ണയെ വധിക്കാന്‍ ഇവര്‍ കരാറുറപ്പിച്ചത്. ഇതില്‍ 50,000 രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു. കൊലപാതകം നടന്ന രാത്രിയില്‍, പ്രതിക്ക് അകത്തുകയറാന്‍ വേണ്ടി വീടിന്റെ വാതില്‍ തുറന്നിട്ടിരുന്നു. രാത്രിയില്‍ സുരേന്ദ്ര അകത്തുകയറി ഉറങ്ങിക്കിടക്കുകയായിരുന്ന ദേവകൃഷ്ണയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകം  കവര്‍ച്ചയ്ക്കിടെ നടന്നതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ മുറി മുഴുവന്‍ വാരിവലിച്ചിട്ടു. സ്വര്‍ണ്ണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടപ്പെട്ടുവെന്ന് വരുത്തിത്തീര്‍ത്തു. കൊലയാളി രക്ഷപ്പെട്ടതിന് പിന്നാലെ പ്രിയങ്ക തന്നെ ബഹളം വെക്കുകയും, തന്നെ അക്രമി കെട്ടിയിട്ട് ബന്ദിയാക്കി എന്ന് പറഞ്ഞ് പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ പ്രിയങ്ക ഓരോ തവണയും പരസ്പരവിരുദ്ധമായ മൊഴികളാണ് പോലീസിന് നല്‍കിയത്. തുടര്‍ന്ന് വീടിനുള്ളില്‍ നടത്തിയ തിരച്ചിലില്‍, മോഷണം പോയെന്ന് അവകാശപ്പെട്ട ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെ പ്രിയങ്കയ്ക്ക് കമലേഷുമായുള്ള ബന്ധവും കൊലപാതക സമയത്തെ ഫോണ്‍ വിളികളും പുറത്തുവന്നു. വിശദമായ ചോദ്യം ചെയ്യലില്‍ പ്രിയങ്ക കുറ്റം സമ്മതിച്ചു.

നിലവില്‍ പ്രിയങ്കയെയും കമലേഷ് പുരോഹിതിനെയും പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ ഏറ്റെടുത്ത സുരേന്ദ്ര ഭതി ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതമാക്കി.

 

Latest