Uae
പ്രതിഫലം സ്വീകരിച്ച് തെറ്റായ വിവരങ്ങള്‍, നിയമവിരുദ്ധ ഉള്ളടക്കം എന്നിവ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
നിയമവിരുദ്ധമായി സ്വീകരിച്ച പാരിതോഷികങ്ങള്‍ (അല്ലെങ്കില്‍ സ്വീകരിച്ച ആനുകൂല്യത്തിന് തുല്യമായ മൂല്യമുള്ള പിഴ) അധികൃതര്‍ കണ്ട്‌കെട്ടുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
അബൂദബി | പ്രതിഫലം സ്വീകരിച്ചുകൊണ്ട് തെറ്റായ വിവരങ്ങള്‍, നിയമവിരുദ്ധമായ ഉള്ളടക്കം എന്നിവ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കിംവദന്തികളും സൈബര്‍ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള 2021-ലെ യു എ ഇ ഫെഡറല്‍ ഉത്തരവ്-നിയമ നമ്പര്‍ 34-ന്റെ ആര്‍ട്ടിക്കിള്‍ 55 അനുസരിച്ച്, വിവരസാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ ഉള്ളടക്കമോ തെറ്റായ വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നതിനോ പുനഃപ്രസിദ്ധീകരിക്കുന്നതിനോ പകരമായി നേരിട്ടോ അല്ലാതെയോ ആനുകൂല്യങ്ങള്‍ (പാരിതോഷികങ്ങള്‍, പ്രത്യക്ഷമായതോ, അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ളവ) ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും, 20 ലക്ഷം ദിര്‍ഹം വരെ പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിന് പുറമെ ഇത്തരത്തില്‍ നിയമവിരുദ്ധമായി സ്വീകരിച്ച പാരിതോഷികങ്ങള്‍ (അല്ലെങ്കില്‍ സ്വീകരിച്ച ആനുകൂല്യത്തിന് തുല്യമായ മൂല്യമുള്ള പിഴ) അധികൃതര്‍ കണ്ട്‌കെട്ടുന്നതാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
യു എ ഇയില്‍ ഇത്തരത്തില്‍ തെറ്റായതോ കുറ്റകരമായതോ ആയ ഉള്ളടക്കം അടങ്ങിയ ഒരു ഓണ്‍ലൈന്‍ അക്കൗണ്ടിന്റെയോ വെബ്സൈറ്റിന്റെയോ പ്രവര്‍ത്തനം നിയന്ത്രിക്കുകയോ മേല്‍നോട്ടം വഹിക്കുകയോ അല്ലെങ്കില്‍ അത്തരം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഒരു പരസ്യ ഇടം വാടകയ്ക്കെടുക്കുകയോ, വാങ്ങുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഇതേ പിഴ ബാധകമാകും. തെറ്റായ വിവരങ്ങള്‍, കുറ്റകരമായ ഉള്ളടക്കം എന്നിവ ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റ്, ഓണ്‍ലൈന്‍ അക്കൗണ്ട് എന്നിവ കുറ്റകരമാണെന്ന് അധികൃതര്‍ക്ക് വിധിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.




