Connect with us

Education

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷമെത്തിയ 4,23,139 പുതിയ വിദ്യാര്‍ഥികൾ

കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് മലപ്പുറത്ത്. പ്ല സ്ടു വരെ സംസ്ഥാനത്ത് ആകെ 46,61,138 വിദ്യാര്‍ഥികള്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യായന വര്‍ഷം 423,139 പുതിയ വിദ്യാര്‍ഥികളെത്തിയതായി വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്കുകള്‍. ഇവരില്‍ വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 3,03,168 കുട്ടികളും രണ്ട് മുതല്‍ 10 വരെ ക്ലാസുകളിലായി 1,19,970 വിദ്യാര്‍ഥികളുമാണ്. രണ്ടുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളിലെത്തിയ 1,19,970 പേരില്‍ 44,915 പേര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും 75,055 പേര്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.

ഇത്തരത്തില്‍ പുതുതായി പ്രവേശനം നേടിയവരില്‍ 24 ശതമാനം വിദ്യാര്‍ഥികളും അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് വന്നവരും ശേഷിക്കുന്ന 76 ശതമാനം കുട്ടികള്‍ മറ്റിതര സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നും വന്നവരാണ്. നിലവില്‍ സസ്ഥാനത്ത് പ്ലസ് ടു വരെ സ്‌കൂളുകളില്‍ ആകെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 46,61,138 ആണ്. ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിന കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കണക്കാണിത്.

സംസ്ഥാന തലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവുമധികം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലുമാണ്. 32,545, 28,791 എന്നിങ്ങനെയാണ് അഞ്ചിലും എട്ടിലും പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം. ഈ അധ്യയന വര്‍ഷത്തെ ഓരോ ക്ലാസിലെയും ആകെ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്ന്, നാല്, 10 ക്ലാസുകള്‍ ഒഴികെയും സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്ന്, നാല്, ഏഴ്, 10 ക്ലാസുകള്‍ ഒഴികെയും എല്ലാ ക്ലാസുകളിലും വര്‍ധനവാണുള്ളത്.

എന്നാല്‍, അംഗീകൃത അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ പ്രവേശനത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഇത്തവണ കുറവുണ്ടായി. എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളുടെ ആകെ എണ്ണത്തില്‍ ജില്ലാതലത്തില്‍ മലപ്പുറം ജില്ലയാണ് മുന്‍പന്തിയില്‍. ആകെ കുട്ടികളുടെ 20.35 ശതമാനം മലപ്പുറത്ത് നിന്നാണ്. ആകെ കുട്ടികളുടെ 2.25 ശതമാനം പഠിക്കുന്ന പത്തനംതിട്ട ജില്ലയാണ് പിന്നില്‍.
മുന്‍ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വര്‍ധനയാണുള്ളത്. അേതസമയം, സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. ഈ വര്‍ഷം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം യഥാക്രമം ആകെ കുട്ടികളുടെ 9.8 ശതമാനവും 1.8 ശതമാനവുമാണ്.

ആകെ കുട്ടികളില്‍ 57 ശതമാനം (21,83,908) പേര്‍ ദാരിദ്ര്യ രേഖക്ക് മുകളിലുള്ളവരും 43 ശതമാനം (16,48,487) പേര്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുമാണ്.

ഹയര്‍സെക്കന്‍ഡറിയില്‍ ആകെ 7,69,713 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതില്‍ 3,84,625 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയിലും 3,85,088 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷത്തിലുമാണ്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 59,030 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.