Connect with us

vizhinjam port

'ചിലരുടെ വിചാരം എല്ലാം അവരുടെ ഒക്കത്താണെന്നാണ്'; ലത്തീന്‍ അതിരൂപതക്ക് രൂക്ഷ വിമര്‍ശവുമായി പിണറായി വിജയന്‍

ചതി ശീലമുള്ളവര്‍ക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജൻഡയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | നിര്‍ദിഷ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കെതിരെ സമരം ചെയ്യുന്ന ലത്തീന്‍ അതിരൂപതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ വിചാരിക്കുന്നത് അവരുടെ ഒക്കത്താണ് എല്ലാമെന്നാണ്. അതിന് ഈ സ്ഥാനത്ത് ഇരുന്ന് താന്‍ മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം വിതരണം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിഴിഞ്ഞം സമരത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ധനസഹായം സ്വീകരിക്കരുതെന്ന് ചിലര്‍ വ്യാപക പ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇക്കാര്യത്തിന് സര്‍ക്കാറിന് നല്ല ഉദ്ദേശ്യം മാത്രമേ ഉള്ളൂ. എന്നാല്‍ പദ്ധതിയെ ചിലര്‍ എതിര്‍ക്കുന്നത് എന്ത് കൊണ്ടെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെ ചെയ്യാനാവുമോ അത് ചെയ്യും. തിരുവനന്തപുരത്ത് കടലാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോള്‍ പറ്റിക്കല്‍ ആണെന്നും ആരും ചടങ്ങില്‍ പങ്കെടുക്കരുന്നും പരിപാടി വന്‍ ചതിയാണെന്നുമുള്ള സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചു. ചതി ശീലമുള്ളവര്‍ക്കെ അത് പറയാനാകൂ. ചതി ഞങ്ങളുടെ അജൻഡയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭാവനസമുച്ചയം ഉടന്‍ നിര്‍മാണം ആരംഭിക്കും. കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവരെയും പുനരധിവാസിപ്പിക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. സ്ഥലം കണ്ടെത്തി ഉടന്‍ ഏറ്റെടുക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി 343 ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു. ഒരു സര്‍ക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സര്‍ക്കാര്‍ നല്‍കിയത്. പ്രതിസന്ധികളില്‍ മത്സ്യത്തൊഴിലാളികള്‍ ഒറ്റക്കല്ലെന്നും സര്‍ക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണമാണ് നടന്നത്. 102 കുടുംബങ്ങള്‍ക്ക് 5,500 രൂപ വീതമാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് നടന്ന മന്ത്രിതല ചര്‍ച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം. ഓണത്തിന് മുമ്പ് ക്യാമ്പുകളില്‍ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കും എന്നായിരുന്നു ചര്‍ച്ചയിലെ തീരുമാനം. എന്നാല്‍ നിസ്സാര ധനസഹായം നല്‍കി മത്സ്യതൊഴിലാളികളെ പറ്റിക്കാനാണ് ശ്രമമെന്നാണ് ലത്തീന്‍ അതിരൂപത ആരോപിച്ചു. ധനസഹായ വിതരണ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ലത്തീന്‍ അതിരൂപത അധികൃതര്‍ അറിയിച്ചിരുന്നു.

Latest