Connect with us

League BJP secret relationship

'ചാരിറ്റി മാഫിയാ തലവന് ബി ജെ പി വോട്ട് വിറ്റത് ലീഗ് സമുന്നത നേതാവ് ഇടനില നിന്ന്'; പി എം എ സലാമിന്റെ ശബ്ദരേഖയില്‍ പ്രതികരണവുമായി കെ ടി ജലീല്‍

തവനൂരില്‍ ഇടതുപക്ഷത്തെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ യു ഡി എഫ്- ബി ജെ പി- നടേശന്‍- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന് കഴിയാതെ പോയതും ചരിത്രത്തിലാദ്യമായി എഴുപതിനായിരത്തിലധികം വോട്ടുകള്‍ തവനൂര്‍ നിയോജക മണ്ഡലത്തില്‍ നേടി എല്‍ ഡി എഫ് സാരഥി വിജയിച്ചതും ജനങ്ങള്‍ അകമഴിഞ്ഞ് പിന്തുണച്ചത് കൊണ്ടാണ്

Published

|

Last Updated

മലപ്പുറം | തവനൂര്‍ നിയമസഭാ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകള്‍ ബി ജെ പി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണ് എന്ന ആരോപണവുമായി കെ ടി ജലീല്‍ എം എല്‍ എ. മുന്ന് കേന്ദ്ര ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിയാത്തതിന്റെ ജാള്യതയും വിദ്വേഷവും മറച്ചു വെക്കാന്‍ ജനകീയ കോടതിയില്‍ ഈയുള്ളവനെ തോല്‍പ്പിക്കാനായിരുന്നു ബി ജെ പിയുടെ ഗൂഢപദ്ധതി. പതിനെട്ടടവും പമ്പരം പാച്ചിലും പിന്നെ ഒരു കുത്തിത്തിരിപ്പും നടത്തി, വേണ്ടുവോളം കാറ്റുള്ളപ്പോള്‍ തൂറ്റിയിട്ടും തവനൂരില്‍ ഇടതുപക്ഷത്തെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ യു ഡി എഫ്- ബി ജെ പി- നടേശന്‍- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന് കഴിയാതെ പോയതും ചരിത്രത്തിലാദ്യമായി എഴുപതിനായിരത്തിലധികം വോട്ടുകള്‍ തവനൂര്‍ നിയോജക മണ്ഡലത്തില്‍ നേടി എല്‍ ഡി എഫ് സാരഥി വിജയിച്ചതും ജനങ്ങള്‍ അകമഴിഞ്ഞ് പിന്തുണച്ചത് കൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഫേസ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ലീഗ് വിട്ട് പോയവരെ തോല്‍പ്പിക്കാന്‍ എന്ത് നെറികേടും മുസ്ലിം ലീഗ് സ്വീകരിക്കുമെന്ന് ഏവര്‍ക്കും അറിവുള്ളതാണ്. ഏറ്റവും അവസാനം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തൊമ്പതിനായിരത്തിലധികവും അതിന് ശേഷം നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ തവനൂര്‍ അസംബ്ലി മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ബി ജെ പിയുടെ ജില്ലാബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് ഇരുപതിനായിരത്തിലധികവും വോട്ടാണ് ലഭിച്ചിരുന്നത്. എന്നാല്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി മല്‍സരിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ട് വെറും ഒന്‍പതിനായിരത്തി തൊള്ളായിരം മാത്രമാണ്. പതിനായിരം വോട്ടിന്റെ കുറവാണ് ബി ജെ പിയുടെ വോട്ടു പെട്ടിയില്‍ പ്രകടമായത്. ചാരിറ്റി മാഫിയാ തലവന് പതിനായിരം വോട്ടുകള്‍ ബി ജെ പി വിറ്റത് ലീഗിന്റെ സമുന്നത നേതാവ് ഇടനിലക്കാരനായി നിന്നാണ്. അതിന്റെ ഓഡിയോ ക്ലിപ്പും താമസിയാതെ പുറത്ത് വരും.

മുന്ന് കേന്ദ്ര ഏജന്‍സികള്‍ അരിച്ച് പെറുക്കി നോക്കിയിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിയാത്തതിന്റെ ജാള്യതയും വിദ്വേഷവും മറച്ചു വെക്കാന്‍ ജനകീയ കോടതിയില്‍ ഈയുള്ളവനെ തോല്‍പ്പിക്കാനായിരുന്നു ബി ജെ പിയുടെ ഗൂഢപദ്ധതി. അത് മനസ്സിലാക്കിയാണ് എന്റെ കരള് ചോര്‍ത്തി ചോര കുടിക്കാന്‍ തന്ത്രപരമായ കരുനീക്കം ബി ജെ പിയെ കൂട്ടുപിടിച്ച് ലീഗ് നടത്തിയത്. അതോടൊപ്പം വ്യക്തിപരമായി എന്നെ താറടിക്കാന്‍ ഫ്രാങ്കോ ഭക്തനായ ഏമാനില്‍ നിന്ന് തിട്ടൂരം വാങ്ങിയെടുക്കാന്‍ മറ്റൊരു ഫ്രാങ്കോയിസ്റ്റിനെ രംഗത്തിറക്കി അനീതിയുടെ ‘പൂന്തോട്ടം’ പണിത് കള്ളക്കളി കളിച്ചതും ലീഗിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഉത്തമ ദൃഷ്ടാന്തമത്രെ.

പതിനെട്ടടവും പമ്പരം പാച്ചിലും പിന്നെ ഒരു കുത്തിത്തിരിപ്പും നടത്തി, വേണ്ടുവോളം കാറ്റുള്ളപ്പോള്‍ തൂറ്റിയിട്ടും തവനൂരില്‍ ഇടതുപക്ഷത്തെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ യു ഡി എഫ്- ബി ജെ പി- നടേശന്‍- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന് കഴിയാതെ പോയതും ചരിത്രത്തിലാദ്യമായി എഴുപതിനായിരത്തിലധികം വോട്ടുകള്‍ തവനൂര്‍ നിയോജക മണ്ഡലത്തില്‍ നേടി എല്‍ ഡി എഫ് സാരഥി വിജയിച്ചതും ജനങ്ങള്‍ അകമഴിഞ്ഞ് പിന്തുണച്ചത് കൊണ്ടാണ്.

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍പ്പകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. മുബാറക്ക് പാഷയെ നിയമിച്ചതില്‍ കലിപൂണ്ട വെള്ളാപ്പള്ളി മുതലാളിയെയും ഈയുള്ളവനെ തറപറ്റിക്കാന്‍ ലീഗും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസ്സും അന്ന് കുട്ടുപിടിച്ചത് തവനൂരുകാര്‍ക്കറിയുന്ന പരസ്യമായ രഹസ്യമാണ്. ചതിക്കുഴികള്‍ വേണ്ടുവോളം കുഴിച്ചിട്ടും കോഴിക്കോട് സൗത്തിലും തവനൂരിലും എല്‍ ഡി എഫിനെ തോല്‍പ്പിക്കാന്‍ ലീഗിനോ കോണ്‍ഗ്രസ്സിനോ കഴിഞ്ഞില്ല. ഇനിയൊട്ട് കഴിയുകയുമില്ല.

---- facebook comment plugin here -----

Latest