editorial
25.72 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്; ദുരൂഹത ബാക്കി
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒരു പൗരന്റെ പേര് നീക്കം ചെയ്യുമ്പോള്‍ ഇല്ലാതാകുന്നത് കേവലം ഒരു പേരല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പൗരന്റെ അതീവ പ്രാധാന്യമുള്ള അവകാശമാണ്.
എന്യൂമറേഷന് ഘട്ടത്തില്‍ ഫോറം സമര്‍പ്പിക്കുന്ന എല്ലാവരെയും കരട് പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അര്‍ഹതപ്പെട്ടവര്‍ ആരും പുറത്താകില്ലെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തില്‍ എസ് ഐ ആര്‍ (തീവ്ര വോട്ടര്‍പട്ടിക പരിശോധന) ആരംഭിച്ചത്. എന്നാല്‍ എസ് ഐ ആര്‍ നടപടികള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കെ സംസ്ഥാനത്തെ 25.72 വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. മരണപ്പെട്ടവര്‍, സ്ഥിരമായി താമസം മാറിപ്പോയവര്‍, ഇരട്ടിപ്പ്, കണ്ടെത്താന്‍ സാധിക്കാത്തവര്‍, എന്യൂമറേഷന്‍ ഫോറം ഡിജിറ്റൈസ് ചെയ്യാന്‍ പറ്റാത്തവര്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിക്കാത്തതെന്നും എസ് ഐ ആറില്‍ ക്രമക്കേടുകളില്ലെന്നുമാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ (സി ഇ ഒ) രത്തന്‍ യു ഖേല്‍ക്കറിന്റെ വിശദീകരണമെങ്കിലും വന്‍ക്രമക്കേടുകള്‍ ആരോപിക്കുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍. ശനിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ ഇക്കാര്യം തെളിവു സഹിതം ചൂണ്ടിക്കാട്ടിയപ്പോള്‍ സി ഇ ഒക്ക് മറുപടിയുണ്ടായില്ല. ബി എല്‍ ഒമാര്‍ നല്‍കിയ ഫോറം കൃത്യമായി പൂരിപ്പിക്കുകയും അത് ഡിജിറ്റൈസ് ചെയ്യുകയും ബി എല്‍ ഒമാരില്‍ നിന്ന് ഫോറം പൂരിപ്പിച്ചു നല്‍കിയതിന്റെ രസീത് കൈപ്പറ്റുകയും ചെയ്ത നിരവധി വോട്ടര്‍മാര്‍ പുറത്തായിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞു മതി കേരളത്തില്‍ എസ് ഐ ആറെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ കക്ഷികള്‍ ശക്തമായി ആവശ്യപ്പെട്ടിട്ടും അതവഗണിച്ച് തിരക്കു പിടിച്ച് നടത്താനുള്ള ശ്രമത്തില്‍ ശരിയായ പരിശീലനം ലഭിക്കാത്ത ബി എല്‍ ഒമാരെ നിയമിച്ചതാണ് അപാകതക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രഖ്യാപിച്ച സമയത്തിനകം എല്ലാം പൂര്‍ത്തിയായെന്ന് കോടതിയെ ബോധിപ്പിക്കാനായി എന്യൂമറേഷന്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ബി എല്‍ ഒമാരില്‍ സമ്മര്‍ദം ചെലുത്തിയതും വിനയായി. ബി എല്‍ ഒമാര്‍ വോട്ടര്‍മാരുടെ വീടുകളില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശമെങ്കിലും സ്‌കൂള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ആളുകളെ വിളിച്ചുകൂട്ടി ഫോറം വിതരണം ചെയ്യുകയായിരുന്നു ചില ബി എല്‍ ഒമാര്‍. ഫോറം പൂരിപ്പിക്കാനും ഡിജിറ്റൈസേഷനും ബി എല്‍ ഒമാര്‍ക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും ലഭ്യമാക്കുമെന്ന കമ്മീഷന്റെ പ്രഖ്യാപനവും പാലിക്കപ്പെട്ടില്ല. മതിയായ പരിശീലനത്തിന്റെ കുറവ് പ്രകടമായിരുന്നു പലയിടങ്ങളിലും.
വേണ്ടത്ര അന്വേഷണവും പരിശോധനയും കൂടാതെ ബി എല്‍ ഒമാര്‍ “കണ്ടെത്താനായില്ല’ എന്ന് രേഖപ്പെടുത്തിയ കേസുകള്‍ നിരവധിയാണ്. താത്കാലികമായി ബന്ധുവീട്ടിലും വാടക വീട്ടിലും താമസിക്കുന്നവരെ “കണ്ടില്ല, തിരിച്ചറിഞ്ഞില്ല’ എന്ന കോളത്തില്‍ ചേര്‍ത്തി ഒഴിവാക്കിയതായും പറയപ്പെടുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം ദശാബ്ദങ്ങളായി തുടര്‍ച്ചയായി വോട്ട് ചെയ്ത വോട്ടര്‍മാര്‍ വരെയുണ്ട് “കണ്ടെത്താനാകാത്തവരി’ല്‍. ബി ജെ പിക്ക് സ്വാധീനമുള്ള വാര്‍ഡുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബി എല്‍ ഒമാരെ തെറ്റിദ്ധരിപ്പിച്ച് വോട്ടര്‍മാരെ ഒഴിവാക്കിയതായും പരാതിയുണ്ട്.
പുതിയ കരട് പട്ടികയില്‍ ഇടം പിടിക്കാതെ പുറത്തുപോയ വോട്ടര്‍മാരില്‍ കൂടുതലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയ 20 നിയമസഭാ മണ്ഡലങ്ങളിലാണെന്നതും ശ്രദ്ധേയമാണ്. പുറത്തായവരില്‍ 22.62 ശതമാനവും ഈ മണ്ഡലങ്ങളിലാണെന്നത് യാദൃച്ഛികമാകാനിടയില്ല. എസ് ഐ ആറില്‍ ഏറ്റവും കൂടുതല്‍ പേര്‍ പുറത്തായത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി രണ്ടാം സ്ഥാനത്തെത്തിയ ഈ മണ്ഡലത്തില്‍ നിന്ന് മൊത്തം വോട്ടര്‍മാരുടെ 28 ശതമാനം പുറത്തു പോയി. വട്ടിയൂര്‍കാവും നേമവും കഴക്കൂട്ടവുമാണ് കൂടുതല്‍ വോട്ടര്‍മാര്‍ പുറത്തുപോയ മറ്റു മണ്ഡലങ്ങള്‍. ബി ജെ പി ഒന്നാമതെത്തിയ മണ്ഡലങ്ങളാണ് ഇവ മൂന്നും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയിലെ സുരേഷ് ഗോപി വിജയിച്ച തൃശൂരിലെ എഴ് മണ്ഡലങ്ങളില്‍ ആറിലും പുറത്തായ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണ്.
സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു ബൂത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ ശരാശരി എണ്ണം 50 ആണെങ്കില്‍ ബി ജെ പി ലീഡ് ചെയ്ത മണ്ഡലങ്ങളില്‍ ഇതിന്റെ പല മടങ്ങ് കൂടുതല്‍ വരും. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ 138ാം ബൂത്തിലെ 1,200 വോട്ടര്‍മാരില്‍ 700 പേരും “കണ്ടെത്താനാകാത്തവരാ’ണ്. സ്ഥലം മാറിപ്പോയവരും അജ്ഞാത വോട്ടര്‍മാരും ബി ജെ പിക്ക് കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളില്‍ മാത്രം കൂടുതല്‍ വന്നതെന്തു കൊണ്ടെന്ന ചോദ്യത്തിന് തിര. കമ്മീഷന്‍ മറുപടി നല്‍കേണ്ടതുണ്ട്. ബി ജെ പി മാത്രമാണ് ഒഴിവാക്കപ്പെട്ടവരെക്കുറിച്ച് കമ്മീഷന്‍ മുമ്പാകെ പരാതിപ്പെടാത്തതെന്ന വസ്തുതയും ഇതോട് ചേര്‍ത്തു കാണേണ്ടതുണ്ട്.
വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട പ്രവൃത്തിയാണ് എന്യൂമറേഷന്‍. മതിയായ പരിശീലനം, ഡിജിറ്റൈസ് പരിജ്ഞാനം, വീടുകളില്‍ ചെന്ന് നേരിട്ട് സ്ഥിരീകരണം, സുതാര്യവും ശക്തവുമായ പരാതി നിവാരണ സംവിധാനം തുടങ്ങിയവയെല്ലാം ആവശ്യമാണ് എന്യൂമറേഷന്. രാഷ്ട്രീയ താത്പര്യങ്ങള്‍ കൂടാതെ നിഷ്പക്ഷമായി നിര്‍വഹിക്കുകയും വേണം. വീട്ടില്‍ പോകാതെ “വീട്ടില്‍ ഇല്ലെ’ന്നും കൃത്യമായ അന്വേഷണം നടത്താതെ “കണ്ടെത്താനായില്ലെ’ന്നും രേഖപ്പെടുത്തലും പേരിലോ വിലാസത്തിലോ കാണപ്പെടുന്ന നിസ്സാര പിഴവുകള്‍ കാരണം അപേക്ഷ നിരസിക്കലും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തെ നിഷേധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒരു പൗരന്റെ പേര് നീക്കം ചെയ്യുമ്പോള്‍ ഇല്ലാതാകുന്നത് കേവലം ഒരു പേരല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പൗരന്റെ അതീവ പ്രാധാന്യമുള്ള അവകാശമാണ്. വോട്ടര്‍ പട്ടികയുടെ ശുദ്ധിയാണ് ജനാധിപത്യത്തിന്റെ ശുദ്ധി. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പ് വരുത്താന്‍ കൈക്കൊള്ളുന്ന നടപടികള്‍ സംശയത്തിലായാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെയും ജനാധിപത്യത്തിന്റെയും വിശ്വാസ്യത നഷ്ടമാകും.




