Connect with us

International

ഡാനിഷ് സിദ്ദീഖി; ഉള്ളുലയ്ക്കുന്ന ക്യാമറകണ്ണുകള്‍

Published

|

Last Updated

നിര്‍ഭയമായ മധ്യമപ്രവര്‍ത്തനത്തിന്റെ മറുപേരായിരുന്നു, ഡാനിഷ് സിദ്ദീഖി. മനുഷ്യമനസ്സിന്റെ ഉള്ളുലയ്ക്കും വിധം ദയനീയവും, ചില അവസരങ്ങളില്‍ ഭീകരവുമായ ദൃശ്യങ്ങള്‍ അദ്ദേഹം നമുക്ക് മുന്നില്‍ എത്തിച്ചു.

ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും പിന്നീട് മാധ്യമപഠനവും പൂര്‍ത്തിയാക്കിയ ഡാനിഷ്, ദേശീയ വാര്‍ത്താ മാധ്യമത്തില്‍ റിപ്പോര്‍ട്ടറായി ജോലിയാരംഭിച്ചു. 2009 ല്‍ റോയിട്ടേഴ്‌സില്‍ ഫോട്ടോ ജേണലിസ്റ്റായി ചേര്‍ന്നതോടെയാണ് പുലിറ്റ്സർ ജേതാവിലേക്കും ലോകം അറിയുന്ന വാര്‍ത്താ ചിത്രകാരനുലേക്കും ഡാനിഷ് വളരുന്നത്.

മുംബൈയിലെ എലിപിടിത്തക്കാര്‍ക്ക് പിന്നിലെ കൗതുകവും ഭോപ്പാല്‍ വിഷവാതക ദുരന്തം ബാക്കിവെച്ച ജീവിതങ്ങളും പകര്‍കത്തിയതോടെ ഡാനിഷ് തന്നെ അടയാളപ്പെടുത്തിതുടങ്ങി. റോഹിഗ്യന്‍ അഭയാര്‍ത്ഥികളുടെ അതിദയനീയ സാഹചര്യങ്ങള്‍ പകര്‍ത്തിയപ്പോള്‍, 2018ല്‍ പുലിറ്റ്സര്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. സഹപ്രവര്‍ത്തകന്‍ അദ്‌നാന്‍ അബീദിക്കൊപ്പമാണ് അവാര്‍ഡിന് അര്‍ഹനായത്.

ജീവന്‍ മാത്രം കൈയ്യില്‍ കരുതി പലായനം ചെയ്യേണ്ടിവരുന്നവരുടെ ജീവിതം അത്രയും ആഴത്തില്‍ തന്നെ ഡാനിഷ് പകര്‍ത്തിവെച്ചു. പിന്നീട്, ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ക്രൂരമായ ദൃശ്യങ്ങളും ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥി സമരത്തിന് നേരെയുണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങളും രാജ്യം അതിന്റെ തീവ്രതയില്‍ ആദ്യം കണ്ടത് ഡാനിഷിന്റെ ക്യാമറകണ്ണുകളിലൂടെയായിരുന്നു. സി എ എ വിരുദ്ധ സമരത്തിനിടയില്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയാകുന്ന മുസ്ലിം യുവാവിന്റെ ചിത്രവും ഡാനിഷിൻെറ ക്യാമറക്കണ്ണുകളാണ് ഒപ്പിയെടുത്തത്.

ഇന്ത്യയുടെ ദയനീയമായ കൊവിഡ് ചിത്രങ്ങളും അദ്ദേഹം പുറംലോകത്ത് എത്തിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വിശാലമായ ഗ്രൗണ്ടില്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്ന കരളലിയിക്കുന്ന ആകാശചിത്രം അടുത്തിടെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ആ ചിത്രം പകര്‍ത്തിയത് ഡാനിഷായിരുന്നു. ഈ ചിത്രം ആഗോള മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

ആദ്യ ലോക്ഡൗണ്‍ സമയത്ത് ദ്യാരം ഖുഷ്വാ എന്ന അതിഥി തൊഴിലാളി, തന്റെ ചുമലില്‍ അഞ്ച് വയസ്സുകാരനായ ശിവം എന്ന കുട്ടിയെയും കൊണ്ട് ഡല്‍ഹിയില്‍ നിന്ന് സ്വദേശത്തേക്ക് പോകുന്ന കാഴ്ച പകര്‍ത്തിയതും ഡാനിഷ് തന്നെ.

അയല്‍ക്കാരനില്‍ നിന്നും കടം വാങ്ങിയൊരു ക്യാമറയും സ്വരുക്കൂട്ടിവെച്ച കാശുകൊണ്ടു വാങ്ങിയ ബ്ലാക്ക് ആന്റ് വൈറ്റ് ഫിലം റോളുകളുമാണ് തന്റെ ആദ്യ ക്യാമറാ ഓര്‍മ്മയെന്ന് പറയാറുണ്ടായിരുന്നു ഡാനിഷ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഒരു ഹൈന്ദവ ആഘോഷം ചിത്രീകരിക്കാന്‍ സഹായിയായി നിയോഗിക്കപ്പെട്ടു. അതായിരുന്നു ഡാനിഷിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വഴിത്തിരിവ്. അവിടെ നിന്നാണ് താന്‍ മികച്ച ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനുമെല്ലാം പഠിച്ചതെന്ന് ഡാനിഷ് സാക്ഷ്യപ്പെടുത്തുന്നു.

ഓസ്‌കാര്‍ നേടിയ “സ്ലം ഡോഗ് മില്ല്യണയര്‍” എന്ന ചിത്രത്തില്‍ പ്രധാനവേഷം അവതരിപ്പിച്ച റുബീനയുടെ വീട് ഉള്‍പ്പെടുന്ന ചേരി തീവിഴുങ്ങിയപ്പോള്‍, ആത്മധൈര്യത്തോടെ അവള്‍ അതിനെ നേരിട്ടത് നേരില്‍ കണ്ടത് അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ഒറ്റ രാത്രി കൊണ്ട് എല്ലാം അഗ്നി വിഴുങ്ങിയപ്പോഴും ആത്മവിശ്വാസത്തോടെ പിടിച്ചുനിന്ന ആ പെണ്‍കുട്ടിയുടെ കഥ ഡാനിഷിന്റെ കണ്ണ് നനയിച്ചു. ലോസ് ആഞ്ചലസിലെ പുരസ്‌കാര വേദിയില്‍ നിന്ന് പകര്‍ത്തിയ അസുലഭ ചിത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടിരുന്നു റുബീനക്ക്… അങ്ങനെ ഒന്നും രണ്ടുമല്ല, കണ്ണു നനയിക്കുന്ന നൂറുക്കണക്കിന് സംഭവങ്ങള്‍ക്ക് ഡാനിഷിന്റെ ക്യാമറക്കണ്ണുകള്‍ സാക്ഷിയായി. റോയിട്ടേഴ്‌സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിന് ശേഷവും അതിനുമുമ്പും സിദ്ദിഖിയുടെ ചിത്രങ്ങള്‍ ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ ജസീറ തുടങ്ങി നിരവധി ഇന്ത്യന്‍, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

രാഷ്ട്രീയം മുതല്‍ കായികം വരെ ഏത് വാര്‍ത്താ ചിത്രവും പകര്‍ത്തുമെങ്കിലും ബ്രേക്കിംഗ് ന്യൂസുകളുടെ മാനുഷിക മുഖം പകര്‍ത്തുന്നതിലാണ് തനിക്ക് താല്പര്യം എന്ന് പറയുമായിരുന്ന ഡാനിഷിനെ അതേ വികാരം തന്നെയാണ് അഫ്ഗാനിലെ യുദ്ധമുഖത്ത് എത്തിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി അഫ്ഗാനിലെ കാണ്ഡഹാറിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ജോലിചെയ്യുകയായിരുന്നു ഡാനിഷ്. അഫ്ഗാന്‍ സേനയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം.

യുദ്ധമുഖത്ത് നിന്നുള്ള നിരവധി ചിത്രങ്ങള്‍ പുറംലോകത്ത് എത്തിച്ചുകൊണ്ടിരിക്കെയാണ് മരണം മാടിവിളിച്ചത്. ഡാനിഷ് ഉള്‍പ്പെട്ട സംഘത്തിന് നേരെ താലിബാന്‍ അക്രമണം ഉണ്ടായെങ്കിലും താന്‍ സുരക്ഷിതനാണെന്ന് ആദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. റോയിട്ടേഴ്‌സിന് വെള്ളിയാഴ്ച രാവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കിയപ്പോള്‍ തനിക്ക് ചെറിയ പരുക്ക് പറ്റിയതായി അദ്ദേഹം അറിയച്ചിരന്നുവെന്ന് റോയിട്ടേഴ്‌സിലെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. ഇന്നലെ രാത്രി കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദക് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഡാനിഷിന് പരുക്കേറ്റത്.

സംഘാംഗങ്ങളില്‍ നിന്ന് വേര്‍പെട്ട് ഒറ്റപ്പെട്ടു പോവുകയും താലിബാന്‍ സേനക്കു നേരെ മണിക്കൂറുകളോളം ഒറ്റക്ക് പൊരുതുകയും ചെയ്ത പോലീസുകാരനെ രക്ഷപ്പെടുത്തുന്നതിനായുള്ള അഫ്ഗാന്‍ പ്രത്യേക സേനയുടെ ദൗത്യം അടുത്തിടെ സിദ്ദീഖ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാന്‍ സേനയോടൊപ്പം സഞ്ചരിക്കുമ്പോള്‍ തങ്ങളുടെ വാഹനത്തിന് നേരെ റോക്കറ്റുകള്‍ വന്നു പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കെ തന്നെ അതേ റോക്കറ്റുകള്‍ക്കിരയായി ഡാനിഷ് സിദ്ദീഖിയും യാത്രയായി… അനശ്വരമായ ഒരുപിടി ചിത്രങ്ങളിലൂടെ ആ യുവഫോട്ടോഗ്രാഫര്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് തീര്‍ച്ച.

അരുൺ മധുസൂദനൻ

ചിത്രങ്ങൾക്ക് കടപ്പാട്: ഡാനിഷ് സിദ്ദീഖി/ റാേയിട്ടേഴ്സ്

Latest