National
ട്വിറ്ററിന് പിറകെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാനൊരുങ്ങി ഫേസ്ബുക്കും

ന്യൂഡല്‍ഹി | ട്വിറ്ററിന് പിറകെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ ഫേസ്ബുക്കും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫേസ് ബുക്ക് പേജാകും നടപടിക്ക് വിധേയമാകുക. ഉചിതനടപടി സ്വീകരിക്കണം എന്ന് ദേശിയ ബാലാവകാശകമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ പ്രസിദ്ധീകരിച്ചതിനെതിരെയാണ് നടപടി.
നേരത്തെ, രാഹുല്‍ ഗാന്ധിയുടേയും കെ സി വേണുഗോപാലിന്റേയും അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ പൂട്ടിട്ടിരുന്നു. ഇതിന് പിന്നാലെ ഇരുപതോളം കോണ്‍ഗ്രസ് നേതാക്കളുടേയും, പാര്‍ട്ടിയുടെ ഔദ്യോഗിക ഹാന്‍ഡിലുകളായ ഏഴ് അക്കൗണ്ടുകള്‍ക്കെതിരെയും ട്വിറ്റര്‍ നടപടി സ്വീകരിച്ചിരുന്നു.
മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്‌നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാന്‍ഡിലുകള്‍ ഉള്‍പ്പെടെ ഏഴ് അക്കൗണ്ടുകള്‍ക്കെതിരെയും ട്വിറ്റര്‍ നടപടി സ്വീകരിച്ചു. വിഷയത്തില്‍ തര്‍ക്കത്തിനില്ലെന്നും നിയമപരമയ നടപടിയാണ് സ്വീകരിച്ചതെന്നും ട്വിറ്ററിന്റെ വിശദികരണം. എന്നാല്‍, എതിര്‍ ശബ്ദങ്ങള്‍ക്ക് ഇല്ലാതാക്കാനുള്ളകേന്ദ്രസര്‍ക്കാരിന്റെ നിര്‍ബന്ധത്തിന് ട്വിറ്റര്‍ വഴങ്ങുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു