International
ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു; ഭാരം 212 ഗ്രാം, നീളം 24 സെന്റീമീറ്റര്‍

സിങ്കപൂര്‍ | ലോകത്തിലെ ഏറ്റവും ചെറിയ നവജാത ശിശു 13 മാസത്തെ പരിചരണത്തിന് ശേഷം ആശുപത്രി വിട്ടതായി റിപ്പോര്‍ട്ട്. സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 9 നാണ് ക്വെക്ക് യൂ ഷ്വാന്‍ എന്ന പെണ്‍കുഞ്ഞ് ജനിച്ചത്. ജനന സമയത്ത് കുട്ടിയുടെ ഭാരം 212 ഗ്രാം ആയിരുന്നു. ഏതാണ്ട് ഒരു വലിയ ആപ്പിളിന്റെ അത്ര ഭാരവും 24 സെന്റീമീറ്റര്‍ വലിപ്പവുമായിരുന്നു യൂ ഷ്വാന് ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഗര്‍ഭത്തിന്റെ 25ാം ആഴ്ചയിലാണ് കുഞ്ഞ് പിറന്നത്. പ്രതീക്ഷിച്ചതിലും നാല് മാസം മുന്‍പ് ജനിച്ച യൂ ഷ്വാന് 400 ഗ്രാം ഭാരമുണ്ടാകുമെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രതീക്ഷ. അവളുടെ ചര്‍മ്മത്തിന് കട്ടി വളരെ കുറവായിരുന്നു. വളരെ സൂക്ഷിച്ച് മാത്രമേ തൊടാനും ചികിത്സിക്കാനും കഴിയുമായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ശ്വസിക്കാന്‍ സഹായിക്കുന്ന ട്യൂബുകള്‍ വളരെ ചെറുതായിരുന്നു. കൂടാതെ അവളുടെ അളവിലേക്ക് ഡയപ്പറുകളും മറ്റും നേഴ്‌സുമാര്‍ മുറിച്ച് പരുവപ്പെടുത്തുകയായിരുന്നു. യൂ ഷ്വാന് കൊടുക്കുന്ന മരുന്നുകളും വളരെ ചെറിയ അളവായിരുന്നു. മികച്ച പരിചരണത്തിലൂടെ നാഷണല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ 13 മാസത്തെ ചികിത്സയ്ക്കുശേഷം കുട്ടിയ്ക്ക് 6.3 കിലോ ഗ്രാം ഭാരമായി. പിന്നീടാണ് സിങ്കപ്പൂര്‍ സ്വദേശികളായ ഷ്വാനും കുടുംബവും ആശുപത്രി വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.