Kerala
അത്തമെത്തി; ഓണത്തിന് ശുഭാരംഭം, ജാഗ്രതയോടെ ആഘോഷം

കൊച്ചി | ഓണക്കാലത്തിന് ശുഭാരംഭം കുറിച്ച് അത്തമെത്തി. ഇന്ന് മുതല്‍ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങള്‍ ഒരുങ്ങും. ഈമാസം 21നാണ് തിരുവോണം. കൊവിഡ് കാലത്തെ പ്രതിസന്ധികളുടെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയും. എങ്കിലും അതിജീവനത്തിനുള്ള പോരാട്ടത്തിനിടെ ഓണം പരിമിതമായെങ്കിലും ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് മലയാളികള്‍.
ഓണത്തിന്റെ ഭാഗമായി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ചടങ്ങുകള്‍ മാത്രമാണ് നടക്കുക. ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറയിലും ഇത്തവണ അത്തം ഘോഷയാത്രയുണ്ടാകില്ല. കൊവിഡ് സമസ്ത മേഖലയെയും സ്തംഭനാവസ്ഥയിലാക്കിയതിനിടെ എത്തുന്ന രണ്ടാമത്തെ ഓണമാണിത്. ഓണത്തിനെങ്കിലും വിപണിയില്‍ നേട്ടമുണ്ടാക്കാമെന്ന വ്യാപാരികളുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന രീതിയിലാണ് കൊവിഡിന്റെ കുതിപ്പ്. ഓണത്തിരക്കില്‍ രോഗം കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള പ്രാര്‍ഥനയിലും ജാഗ്രതയിലുമാണ് എല്ലാവരും.