Kerala
ദിനംപ്രതി വാര്‍ത്താ സമ്മേളനം നടത്തിയിരുന്ന ബിജെപി പ്രസിഡന്റ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കാല്‍ക്കീഴില്‍: വി ഡി സതീശന്‍

തിരുവനന്തപുരം | ഇ ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത കോടതി നടപടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിനെതിരായ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേട്ടുകേള്‍വി പോലുമില്ലാത്ത വിചിത്ര വാദവുമായാണ് ജുഡീഷ്യല്‍ കമ്മീഷനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ഗൂഡാലോചന നടത്തുന്നു എന്ന വിചിത്ര ആരോപണം ഉയര്‍ത്തി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. അതിനുള്ള തിരിച്ചടിയാണ് കോടതി ഉത്തരവെന്നും വി ഡി സതീശന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസും കേന്ദ്രഏജന്‍സികള്‍ കേരളത്തില്‍ അന്വേഷണം നടത്തുന്ന കേസുകളും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാവാനുള്ള സാധ്യതയാണ് കാണുന്നത്. അന്വേഷണ ഏജന്‍സികളുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് . മുന്‍പ് നടത്തിയിരുന്ന അന്വേഷണം എങ്ങനെ പെട്ടെന്ന് നിലച്ചു എന്ന് ഏജന്‍സികള്‍ വ്യക്തമാക്കണം. കുഴല്‍പ്പണ കേസില്‍ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി പ്രസിഡന്റ് ഇപ്പോള്‍ പിണറായി വിജയന്റെ കാല്‍ക്കല്‍ വീണ് കിടക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തെ കുറിച്ചുള്ള മുഴുവന്‍ വിവരവും പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നതൊക്കെ സുരേന്ദ്രന്‍ സുപ്രഭാതത്തില്‍ നിര്‍ത്തി. ഇപ്പോള്‍ ആ ആളെ കാണാനില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.