Connect with us

Gulf

ആരോഗ്യ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ വാഗ്ദാനങ്ങള്‍; മുന്നറിയിപ്പുമായി അഹല്യാ ഗ്രൂപ്പ്

Published

|

Last Updated

അബൂദബി | യു എ ഇയിലേക്ക് തൊഴിലവസരങ്ങള്‍ തേടുന്നവരെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന ഏജന്‍സികള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി അഹല്യാ മെഡിക്കല്‍ ഗ്രൂപ്പ്. കൊവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട നിരവധി ആളുകള്‍ ലോകമെമ്പാടും അതിജീവന ശ്രമങ്ങള്‍ക്ക് പൊരുതുന്ന ഘട്ടത്തെ മുതലെടുത്താണ് ഏജന്റുമാര്‍ ഇത്തരം ചതിക്കുഴികളുമായി പല ആരോഗ്യ സ്ഥാപനങ്ങളുടെയും പേരില്‍ വ്യാജ രേഖകള്‍ അയച്ച് തൊഴിലന്വേഷകരെ പറ്റിക്കുന്നത്. അത്തരത്തില്‍ അഹല്യാ മെഡിക്കല്‍ ഗ്രൂപ്പിന്റെ വ്യാജ ഇ മെയില്‍ ഐ ഡി മുഖേന ഇന്ത്യക്കാരായ പല തൊഴിലന്വേഷകര്‍ക്കും തൊഴില്‍ കരാര്‍ നല്‍കിയതായി കണ്ടെത്തി.

വ്യാജ തൊഴില്‍ രേഖകള്‍ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ പലരും നേരിട്ടും ഇ മെയില്‍ മുഖേനയും അഹല്യാ ഗ്രൂപ്പുമായി ബന്ധപ്പെട്ടപ്പോഴാണ് വന്‍ ശമ്പളം ഓഫര്‍ ചെയ്ത രീതിയില്‍ വ്യാജ രേഖകളുടെ കോപ്പികള്‍ അഹല്യാ മെഡിക്കല്‍ ഗ്രൂപ്പിന്റെ ശ്രദ്ധയിലെത്തുന്നത്. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ, ടെലഫോണിക് ഇന്റര്‍വ്യൂ തുടങ്ങിയവ വഴിയാണ് ഏജന്റുമാര്‍ ഉദ്യോഗാര്‍ഥികളുടെ വിശ്വാസ്യത പിടിച്ചുപറ്റുന്നത്.

കൊവിഡ് മഹാമാരിക്കാലത്ത് തൊഴിലന്വേഷകരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന ഈ തട്ടിപ്പിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അഹല്യാ ഗ്രൂപ്പ് എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അഹല്യാ മെഡിക്കല്‍ ഗ്രൂപ്പിന് ഏതെങ്കിലും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുമായി കരാറോ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ഫീസോ ഈടാക്കാറില്ല എന്നും ജോലി അന്വേഷകരോട് തട്ടിപ്പിനിരയാവാതെ ശ്രദ്ധിക്കണമെന്നും എച്ച് ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വിഭാഗം വ്യക്തമാക്കി.

സംശയാസ്പദമായ ഏതെങ്കിലും തൊഴില്‍ കരാറുകള്‍ കൈപ്പറ്റിയാല്‍ അഹല്യാ മെഡിക്കല്‍ ഗ്രൂപ്പ് അധികൃതരെ hrahalia@ahaliagroup.com എന്ന ഇ മെയില്‍ വഴി ബന്ധപ്പെടാം. ജോലി അന്വേഷകര്‍ക്ക് സുതാര്യമായ രീതിയില്‍ തൊഴിലവസരം നല്‍കുക എന്നതാണ് 30 വര്‍ഷത്തിലേറെയായി ആരോഗ്യ രംഗത്ത് മുന്‍നിരയില്‍ നിലയുറപ്പിച്ച അഹല്യാ മെഡിക്കല്‍ ഗ്രൂപ്പിന്റെ നയമെന്നും ഗ്രൂപ്പ് അറിയിച്ചു.

Latest