Connect with us

Ongoing News

വയോധികനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റടക്കം 30 പേര്‍ക്കെതിരേ കേസ്

Published

|

Last Updated

തിരുവല്ല | കുറ്റൂരിലെ തെങ്ങേലിയില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടക്കം 30 പേര്‍ക്കെതിരെ കേസ്. പ്രതികളില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തെങ്ങേലി തീപ്പെട്ടി കമ്പനിക്ക് സമീപം പൂത്തിരിക്കണ്ടം മലയില്‍ രമണന്റെ(71) ഭൂമി കൈയേറിയാണ് മതില്‍ തകര്‍ത്ത് റോഡ് വെട്ടിയത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് രമണന് വെട്ടേറ്റത്. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജുവടക്കം 30 പേര്‍ക്കെതിരെയാണ് വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.

ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ഇടതു കൈക്ക് വെട്ടേറ്റ രമണനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ വീടിന് പിന്നിലുള്ള ആറ് വീട്ടുകാര്‍ക്ക് വേണ്ടി രമണന്റെ സ്ഥലത്തുകൂടി നാലടി വഴി നല്‍കിയിരുന്നു. ഇതിന് ശേഷം ബാക്കിയുള്ള ഭൂമി മതില്‍ കെട്ടി തിരിച്ചു. ഈ മതിലാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ജെ സി ബിയുമായി എത്തി പൊളിച്ചത്. എന്നാല്‍, താന്‍ നിരപരാധിയാണെന്നും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നാണ് സഞ്ജു പറയുന്നത്.

Latest