International
ഹിരോഷിമയിലെ അണുബോംബ് സ്‌ഫോടനത്തെ അതിജീവിച്ച വൃക്ഷം; പഴക്കം 394 വര്‍ഷം

വാഷിംഗ്ടണ്‍ | ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായി കാലത്തെ അത്ഭുതപ്പെടുത്തികൊണ്ട് ഭൂമിയില്‍ നിലനില്‍ക്കുന്ന ഒരു മരത്തിന്റെ കഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വൈറ്റ് പൈന്‍ ബോണ്‍സായ് എന്നാണ് മരത്തിന്റെ പേര്. വാഷിംഗ്ടണ്‍ ഡി സിയിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ ആര്‍ബോറെറ്റത്തിലെ നാഷണല്‍ ബോണ്‍സായ് ആന്‍ഡ് പെന്‍ജിംഗ് മ്യൂസിയത്തിലാണ് ഈ മരം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.
മരത്തിന് 394 വര്‍ഷം പഴക്കമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യമായി ബോണ്‍സായ് ഭൂമിയില്‍ നട്ടുപിടിപ്പിച്ചത് 1625ലാണ്. നൂറ്റാണ്ടുകളുടെ പഴക്കം മാത്രമല്ല, ഹിരോഷിമയിലെ ആദ്യത്തെ ആണവ ബോംബിനെ അതിജീവിച്ച മരം കൂടിയാണിതെന്നാണ് ഈ ബോണ്‍സായുടെ പ്രത്യേകത.
ജപ്പാനില്‍ നിന്നുള്ള മസാരു യമാകി എന്ന ബോണ്‍സായ് വിദഗ്ധനാണ് 1976 ല്‍ അമേരിക്കയ്ക്ക് ഈ ബോണ്‍സായ് സമ്മാനമായി നല്‍കിയത് എന്നാണ് ചരിത്രം. 2001ല്‍ മ്യൂസിയത്തില്‍ എത്തിയ യമകിയുടെ പേരക്കുട്ടികളാണ് മരത്തിന്റെ ചരിത്രം അധികൃതരെ അറിയിച്ചത്. 1945 ഓഗസ്റ്റ് 6ന് രാവിലെ എട്ട് മണിക്ക് മസാരു യമാകിയുടെ വീടിന്റെ ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ച് തൊലിയില്‍ കുത്തി ഇറങ്ങുകയായിരുന്നു. അപ്പോഴാണ് “എനോള ഗേ” എന്ന് വിളിക്കുന്ന യുഎസ് ബി -29 ബോംബര്‍ യമാകിയുടെ വീട്ടില്‍ നിന്ന് രണ്ട് മൈല്‍ മാത്രം അകലെയുള്ള ഹിരോഷിമ നഗരത്തിന് മുകളിലൂടെ അണുബോംബ് വര്‍ഷിച്ചത്.
സ്‌ഫോടനത്തില്‍ നഗരത്തിന്റെ മുക്കാല്‍ ഭാഗവും ഇല്ലാതായി. ഒരു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തു. ചെറിയ പരിക്കുകളോടെ യമാകിയും കുടുംബവും രക്ഷപ്പെട്ടു. തോട്ടത്തിനു ചുറ്റും ഉയരമുള്ള മതിലുകള്‍ ഉള്ളതുകൊണ്ട് ഈ വിലകൂടിയ ബോണ്‍സായ് മരത്തിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല.
1976 വരെ യമാകി ബോണ്‍സായ് സംരക്ഷിച്ചു. പിന്നീട് രാജ്യത്ത് ബോംബുകള്‍ വര്‍ഷിക്കാന്‍ കാരണക്കാരായ അമേരിക്കയ്ക്ക് സമ്മാനമായി നല്‍കി. സമ്മാനം കൈമാറുമ്പോള്‍ “സമാധാനത്തിന്റെ സമ്മാനം” എന്നാണ് യമാകി പറഞ്ഞത്. അമേരിക്കയും ജപ്പാനും തമ്മിലുള്ള സമാധാനത്തിന്റെ അടയാളപ്പെടുത്തലായാണ് ബോണ്‍സായ് മ്യൂസിയത്തില്‍ നിലനില്‍ക്കുന്നത്.