International
ഉത്തര കൊറിയയില്‍ ശക്തമായ വെള്ളപ്പൊക്കം

പോംഗ്യാങ് | ഉത്തര കൊറിയയില്‍ ശക്തമായ വെള്ളപ്പൊക്കം നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും അയ്യായിരത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ ഉത്തര കൊറിയയില്‍ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും നേരിടുന്ന അവസ്ഥയാണുള്ളത്. ജൂണ്‍ മാസം രാജ്യം ഭക്ഷ്യക്ഷാമം നേരിടുന്നതായി കിം ജോങ്-ഉന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഉണ്ടായ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും വിളകള്‍ നശിപ്പിച്ചിരുന്നു. തന്മൂലം കടുത്ത ഭക്ഷ്യക്ഷാമമാണ് നേരിടുന്നത്. ഇപ്പോഴുണ്ടായ വെള്ളപ്പൊക്കത്തെത്തുടര്‍ന്നും വിളവുകളെല്ലാം നശിച്ചിരിക്കുകയാണ്.
ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വ്യാഴാഴ്ച ദുരന്തത്തില്‍ നിന്ന് കരകയറുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. എന്നാല്‍ യോഗത്തില്‍ കിം പങ്കെടുത്തിട്ടില്ല. പകരം സൈന്യം ഈ മേഖലയില്‍ ആവശ്യമായ സാധനങ്ങള്‍ എത്തിക്കണമെന്ന കിമ്മിന്റെ ഒരു സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.
ഓഗസ്റ്റ് 10 വരെ രാജ്യത്ത് കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ ഏജന്‍സിയുടെ പ്രവചനം. ആണവപദ്ധതി കാരണം ഉത്തര കൊറിയ അന്താരാഷ്ട്ര ഉപരോധം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോള്‍. ഒപ്പം കൊവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുവേണ്ടി രാജ്യം അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്‌ക്കെല്ലാം ഉത്തര കൊറിയ പ്രധാനമായും ആശ്രയിക്കുന്നത് ചൈനയെയാണ്. അതിര്‍ത്തികള്‍ അടച്ചതോടെ ചൈനയുമായുള്ള വ്യാപാരത്തില്‍ വന്‍ ഇടിവാണ് രാജ്യം നേരിടുന്നത്.
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1990 -കളില്‍ ഉത്തരകൊറിയ രാജ്യവ്യാപകമായി ക്ഷാമം നേരിട്ടിരുന്നു. അക്കാലത്ത് പട്ടിണി കിടന്ന് മരണപ്പെട്ടവരുടെ എണ്ണം ഏകദേശം 30 ലക്ഷത്തിനടുത്ത് വരുമെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.