Connect with us

Kerala

ചന്ദ്രികയുടെ അക്കൗണ്ടിലിട്ടത് പാര്‍ട്ടി പിരിച്ച പണം: പി എം എ സലാം

Published

|

Last Updated

കോഴിക്കോട് |  ചന്ദ്രികയുടെ അക്കൗണ്ടിലിട്ടത് പാര്‍ട്ടി പിരിച്ച പണമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പിരിച്ച പണമെല്ലാം ചന്ദ്രികയിലെത്തിയിട്ടുണ്ട്. ചന്ദ്രിക കമ്മ്യൂണിക്കേഷനുമായി ലീഗിന് ബന്ധമില്ല. ലീഗ് ഫണ്ട് വിനിയോഗം തീരുമാനിക്കുന്നത് ഉന്നതാധികാര സമിതിയാണെന്നും സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചന്ദികയിലെ പണം അപഹരിച്ചെന്ന ജീവനക്കാരുടെ പരാതി കുഞ്ഞാലിക്കുട്ടിക്കെതിരല്ല. അദ്ദേഹം ചന്ദ്രികയുടെ പണം അപഹരിച്ചില്ല. പല കമ്പനിയുടെ വലിയ ശത്രുക്കള്‍ അവിടത്തെ ജീവനക്കാര്‍ തന്നെയാണ്. ചന്ദ്രിക ഫിനാന്‍സ് ഡയറക്ടര്‍ സമീറിനെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും സലാം പറഞ്ഞു.

ചന്ദ്രികയില്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാവത്ത വിഷയങ്ങളെക്കുറിച്ച് പഠിക്കാനാണ് മുഈന്‍ അലി തങ്ങളെ ഹൈദരലി തങ്ങള്‍ ചുമതലപ്പെടുത്തിയത്. അത് പഠിച്ച് ഒരുമാസത്തിനകം പരിഹാരം കണ്ടെത്തണമെന്നും മുഈന്‍ അലി തങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പരിഹരിക്കാന്‍ മുഈന്‍ അലിക്ക് കഴിഞ്ഞില്ല.

മുഈന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റാണെന്ന് പാണക്കാട് കുടുംബത്തിലെ എല്ലാവരും കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നും എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്നും ഇവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഒരു നടപടി എടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഹൈദരലി തങ്ങളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഹൈദരലി തങ്ങളുടെ അസുഖം സംബന്ധിച്ച് മുഈനിലി പറഞ്ഞത് കള്ളമാണ്. മുഈന്‍ അലി വിഷയം പാര്‍ട്ടി ഇനിയും ചര്‍ച്ച ചെയ്യും. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നില്ല.

ചന്ദ്രികയിലെ പ്രതിസന്ധിക്ക് കാരണം കൊവിഡാണ്. ചില ജീവനക്കാരും പുറത്ത് നിന്നുള്ളവരും പത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചന്ദ്രിക പൂട്ടില്ല. പാണക്കാട് കുടുംബത്തെ അപമാനിച്ചയാളാണ് കെ ടി ജലീല്‍. ഇപ്പോള്‍ ലീഗുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദത്തിന് പിന്നില്‍ സി പി എമ്മാണ്. സച്ചാര്‍ വിഷയത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ ഒരുമിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് സി പി എം വിവാദം സൃഷ്ടിച്ചത്.

ഓണം- മുഹര്‍റം ചന്തയില്‍ നിന്ന് മുഹര്‍റം എന്ന വാക്ക് ഒഴിവാക്കണം. മുഹര്‍റം ആഘോഷമല്ല. സര്‍ക്കാര്‍ മുസ്ലിംങ്ങളെ പാട്ടിലാക്കാന്‍ തട്ടിപ്പ് നടത്തുകയാണെന്നും സലാം കൂട്ടിച്ചേര്‍ത്തു.

 

 

Latest