Covid19
ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ മലയാളി യാത്രക്കാര്‍ക്ക് പരിശോധന

ചെന്നൈ | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങളും പരിശോധനകളും കടുപ്പിച്ച് തമിഴ്‌നാട്. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്്‌റ്റേഷനിലെത്തുന്ന മലയാളി യാത്രക്കാരെ വരിയായി നിര്‍ത്തി പരിശോധനക്ക് വിധേയമാക്കുകയാണ്. രണ്ട് ഡോസ് വാക്‌സിനോ, ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നത്. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും നേരിട്ടത്തെയാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്.
ഈ മാസം അഞ്ച് മുതലാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശിക്കാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്.
കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താന്‍ തമിഴ്‌നാട് ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നേരിട്ടെത്തി. ആലപ്പി എക്‌സ്പ്രസില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രി നേരിട്ട് നേതൃത്വം നല്‍കി.
ചെന്നൈ സെന്‍ട്രല്‍ കൂടാതെ മലയാളികള്‍ കൂടുതലായി എത്തുന്ന മറ്റു റെയില്‍വേ സ്റ്റേഷനുകളിലും ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്താനാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ തീരുമാനം.