Connect with us

Editorial

അസമും മിസോറമും ഇന്ത്യയിലല്ലേ?

Published

|

Last Updated

അസം- മിസോറം അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷം രാജ്യത്തിന്റെ കെട്ടുറപ്പിനെ കുറിച്ച് തന്നെ ചോദ്യങ്ങളുയര്‍ത്തുന്നതാണ്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിനപ്പുറം ഇടുങ്ങിയ പ്രാദേശികതയുടെയും അതിവൈകാരികതയുടെയും നിരവധി തലങ്ങള്‍ ഈ സംഘര്‍ഷത്തിനുണ്ട്. ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ട കഴിഞ്ഞ മാസം 26ലെ സംഘര്‍ഷത്തിന് പിറകെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുകയും ഇരു പക്ഷത്തെയും നേതാക്കള്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇരു ഭാഗത്തും എടുത്ത കേസുകള്‍ പിന്‍വലിക്കാനും പ്രകോപനപരമായ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും തീരുമാനമാകുകയും ചെയ്തു. എന്നാല്‍ ഇതൊന്നും താഴേത്തട്ടില്‍ എത്തിയില്ലെന്ന് കഴിഞ്ഞ ദിവസം വീണ്ടുമുണ്ടായ സംഘര്‍ഷം സാക്ഷ്യപ്പെടുത്തുന്നു. മിസോറമിലേക്കുള്ള നാല് ട്രക്കുകള്‍ അസമിലെ കാഛര്‍ ജില്ലയില്‍ വെച്ച് നാട്ടുകാര്‍ തകര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിസോറമിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിരോധം അസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ തീരുമാനങ്ങളെ വെല്ലുവിളിച്ച് ട്രക്കുകള്‍ക്ക് നേരെ നാട്ടുകാര്‍ ആക്രമണം അഴിച്ചുവിട്ടു. കരിംഗഞ്ചില്‍ നിന്ന് മുട്ടയുമായി മിസോറമിലേക്ക് പോകുകയായിരുന്നു ട്രക്കുകള്‍. വാഹനങ്ങള്‍ കാഛര്‍ ജില്ലയിലെ ഭാഗാ ബസാര്‍ മേഖലയില്‍ പ്രവേശിച്ചതോടെ പ്രദേശവാസികളില്‍ ചിലര്‍ വാഹനം തടഞ്ഞു. ചരക്കുമായി എങ്ങോട്ടാണ് പോകുന്നതെന്നാണ് സംഘം ആരാഞ്ഞത്. മിസോറമിലേക്കാണ് യാത്രയെന്ന് പറഞ്ഞതോടെയാണ് പ്രദേശവാസികള്‍ ട്രക്കുകള്‍ തകര്‍ത്തത്.

മിസോറം എന്ന അയല്‍ സംസ്ഥാനത്തുള്ള മനുഷ്യരെ അസം ഭാഗത്തുള്ളവര്‍ ശത്രുക്കളായി കാണുകയും അവര്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പോലും തടയുകയും ചെയ്യുന്നത് എത്ര ഭീകരമായ കാര്യമാണ്. രാജ്യത്തിനകത്ത് തന്നെ രാജ്യങ്ങള്‍ രൂപപ്പെടുകയല്ലേ ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ ഇത്തരത്തില്‍ സംഘര്‍ഷങ്ങള്‍ പലവട്ടം ഉണ്ടായിട്ടുണ്ട്. അസം- മിസോറം തര്‍ക്കത്തെ അതിര്‍ത്തിയിലെ സാധാരണക്കാരുടെ വൈകാരികതയായി കാണാനാകില്ല. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെല്ലാം പങ്കെടുക്കുന്ന വടംവലിയാണിത്. 26ലെ സംഘര്‍ഷത്തിന് പിറകേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മക്കെതിരെ കേസെടുത്തിരുന്നു മിസോറം പോലീസ്. അസമും വിട്ടുകൊടുത്തില്ല. മിസോറം എം പി. കെ വന്‍ലാല്‍വേനക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ അവരും കേസെടുത്തു. തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശത്തേക്ക് കുടിയേറ്റം പ്രോത്സാഹിപ്പിക്കുക, അനധികൃത നിര്‍മാണത്തിന് കൂട്ടുനില്‍ക്കുക, അതിര്‍ത്തിയില്‍ കമാന്‍ഡോകളെ വിന്യസിക്കുക, അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങളെ പ്രത്യേകമായി പരിശോധനക്ക് വിധേയമാക്കുക തുടങ്ങി ശത്രു രാജ്യങ്ങള്‍ക്കിടയിലുള്ള എല്ലാതരം പ്രകോപനങ്ങളും ഈ രണ്ട് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കിടയിലും നടക്കുന്നു.

മിസോറമിലെ ഐസ്വാള്‍, കൊലാസിബ്, മാമിത് എന്നീ ജില്ലകള്‍ക്ക് അസമിലെ കാഛര്‍, ഹെയിലാകണ്ടി, കരീംഗഞ്ച് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന 164.6 കിലോമീറ്ററാണ് ഉള്ളത്. ഈ പ്രദേശത്ത് വര്‍ഷങ്ങളായി അതിര്‍ത്തി തര്‍ക്കവും അതിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നുണ്ട്. അസമിലെ കാഛര്‍ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഇത്തവണ സംഘര്‍ഷം ഉടലെടുത്തത്. കൊളോണിയല്‍ കാലത്ത് വരച്ച അതിര്‍ത്തികളെച്ചൊല്ലിയാണ് തര്‍ക്കം. 1875ല്‍ മിസോ ഭൂവിഭാഗം ബ്രിട്ടീഷുകാര്‍ അടയാളപ്പെടുത്തിയിരുന്നു. പിന്നീട് 1933ല്‍ ഇത് പുനര്‍ നിര്‍ണയിച്ചു. 1875ലെ അതിര്‍ത്തിയാണ് മിസോറം അംഗീകരിക്കുന്നത്. അസമിനാകട്ടെ 1933ലെ അതിര്‍ത്തി വേണം.

ദേശീയതയെ കുറിച്ചും രാജ്യത്തിന്റെ അഖണ്ഡതയെ കുറിച്ചും ഹൈവോള്‍ട്ടേജില്‍ സംസാരിക്കുന്ന ബി ജെ പിയാണ് ഈ രണ്ട് സംസ്ഥാനങ്ങളിലെയും ഭരണത്തിന് നേതൃത്വം നല്‍കുന്നതെന്നോര്‍ക്കണം. അസമില്‍ ബി ജെ പി നേരിട്ട് ഭരിക്കുന്നു. മിസോറമിലെ ഭരണകക്ഷിയായ മിസോ നാഷനല്‍ ഫ്രണ്ട്, ബി ജെ പിയുടെ മുന്‍കൈയില്‍ രൂപവത്കരിച്ച നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിലെ സഖ്യകക്ഷിയാണ്. ഇതൊക്കെയായിട്ടും ശത്രുതക്ക് ഒരു കുറവുമില്ല. തീവ്രമായ സംസ്ഥാന വികാരത്തിന് വളം വെച്ച് കൊടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ നയം തന്നെയാണ് ഈ അവസ്ഥക്ക് കാരണം. പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിന് പിറകേ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അരങ്ങേറിയ സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത് നോക്കിയാല്‍ ഇത് മനസ്സിലാകും. സി എ എ പ്രകാരം പുറത്തു നിന്ന് കൊണ്ടുവരാന്‍ പോകുന്ന ഒരാളെയും സ്വീകരിക്കാനാകില്ലെന്ന് ആക്രോശിച്ചായിരുന്നു അവിടെ പ്രക്ഷോഭം. ഒടുവില്‍ ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐ എല്‍ പി) അനുവദിക്കാമെന്ന് പ്രഖ്യാപിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കുന്ന സംവിധാനമാണ് ഐ എല്‍ പി.

ഇപ്പോള്‍ ഇതേ പ്രാദേശികത ആറ് പോലീസുകാരുടെ ജീവനെടുത്ത സംഘര്‍ഷമായി വളരുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പകച്ചു നില്‍ക്കുകയാണ്. കശ്മീരില്‍ നടപ്പാക്കിയതും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നടപ്പാക്കാനായി കരുക്കള്‍ നീക്കുന്നതുമായ വിഭജന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ബി ജെ പി നേതാക്കള്‍. മിസോറം- അസം സംസ്ഥാനങ്ങളോട് സംയമനം പാലിക്കണമെന്ന് പറയാനുള്ള ആത്മബലം അവര്‍ക്കുണ്ടാകില്ല. സുപ്രീം കോടതിയാണ് ഇവിടെ ഇടപെടേണ്ടത്. കോടതിയുടെ മേല്‍നോട്ടത്തില്‍ അതിര്‍ത്തി തര്‍ക്കത്തിന് രമ്യമായ പരിഹാരമുണ്ടാകണം. കേന്ദ്ര സര്‍ക്കാര്‍ അതിന് വഴിയൊരുക്കണം.

---- facebook comment plugin here -----

Latest