Connect with us

Kerala

'പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ല'; ലീഗിലെ തര്‍ക്കത്തില്‍ കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യം വെച്ച് എം കെ മുനീര്‍ എംഎല്‍എ

Published

|

Last Updated

കോഴിക്കോട്  | മുസ്ലിം ലീഗില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണകരമാക്കുമെന്ന് എം കെ മുനീല്‍ എംഎല്‍എ. ചര്‍ച്ചകള്‍ ഓരോ പാര്‍ട്ടിയെയും കൂടുതല്‍ സമ്പന്നമാക്കുമെന്നും ലീഗിലെ ആഭ്യന്തര കലഹം സംബന്ധിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു . പാര്‍ട്ടിയില്‍ ഇപ്പോള്‍ ഗുണപരമല്ലാത്ത ഒന്നും നടക്കുന്നില്ല. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണകരമാക്കും

ഉന്നതാധികാര സമിതിയില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളെ കുറിച്ചുള്ള ചോദ്യത്തിന് , ഒരു ബോഡിക്കകത്ത് പലരും പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ അവസാനം എടുക്കുന്ന തീരുമാനം കൂട്ടായതീരുമാനമാണ് എന്നായിരുന്നു മുനീറിന്റെ മറുപടി.പാര്‍ട്ടിയില്‍ ജനാധിപത്യത്തിന് പോറലേറ്റിട്ടില്ല. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ലെന്നും പരോക്ഷമായി കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കും വിധം മുനീര്‍ പ്രതികരിച്ചു.

ഉന്നതാധികാര സമിതിയേക്കാള്‍ പ്രാധാന്യമുള്ളത് പ്രവര്‍ത്തക സമിതിക്കാണ്. 14ന് പ്രവര്‍ത്തക സമിതി ചേരും. ഈ സമിതിയിലേക്കുള്ള അജണ്ട നിശ്ചയിക്കുന്നതിനും ഭാവിയില്‍ പാര്‍ട്ടി എങ്ങനെ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കുന്നതിനും വേണ്ടിയാണ് സമിതി ചേര്‍ന്നത്. അന്തിമമായി തീരുമാനം എടുക്കുന്നത് പ്രവര്‍ത്തക സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ചന്ദ്രികയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് എം കെ മുനീര്‍ സമ്മതിച്ചു. ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിശോധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കും. ചന്ദ്രികയെ മുസ്ലിം ലീഗ് കൈവിടില്ല. എന്നാല്‍ ചന്ദ്രികയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മുനീര്‍ പറഞ്ഞു.

Latest