Connect with us

Kerala

ഹൈദരലി തങ്ങള്‍ക്കും മകനും സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണം: കെ ടി ജലീല്‍

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ മുഈനലി തങ്ങള്‍ പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തില്‍, മുഈനലി തങ്ങള്‍ക്കും പിതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണമെന്ന് മുന്‍ മന്ത്രി ഡോ. കെ ടി ജലീല്‍. മുഈനലി തങ്ങളെ കേട്ടാല്‍ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഇതുവരെ ഒരക്ഷരം ഉരിയാടിയതായി കണ്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റ് ഇങ്ങനെ:

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ മകന്‍ മുഈനലിയെ ഏല്‍പിച്ചതായി സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്റെ കോപ്പിയാണ് ഇമേജായി നല്‍കിയിരിക്കുന്നത്. ഇന്നലെ കോഴിക്കോട് ലീഗാഫീസില്‍ ചന്ദ്രികയുടെ ബാധ്യതകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വലിഞ്ഞുകയറി ചെന്നതല്ല സയ്യിദ് മുഈനലി തങ്ങള്‍ എന്ന് വ്യക്തമാക്കുന്ന രേഖയാണ് ഇത്. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞത് ആരും ഉത്തരവാദിത്തം ഏല്‍പിക്കാതെയാണ് മുഈനലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് എന്നാണ്.

മുഈനലി തങ്ങളെ കേട്ടാല്‍ അറപ്പുളവാക്കുന്ന തെറിയഭിഷേകം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഗുണ്ടക്കെതിരെ ഒരു ലീഗ് നേതാവും ഇതുവരെ ഒരക്ഷരം ഉരിയാടിയതായി കണ്ടില്ല. ഈ സാഹചര്യത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സമാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകന്‍ മുഈനലി തങ്ങള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ ഒരുക്കണം.

Latest