Connect with us

Editorial

വളര്‍ന്നുവരണം പുതിയ തൊഴില്‍ സംസ്‌കാരം

Published

|

Last Updated

‘ആടിനെ വളര്‍ത്തിയാല്‍ സ്റ്റാറ്റസ് പോകുമോ?” ഹൈക്കോടതിയുടേതണ് ചോദ്യം. പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ നിയമനം നിഷേധിച്ചതിനെതിരെ ഒരു ഉദ്യോഗാര്‍ഥി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് തൊഴിലിനോടുള്ള കേരളീയ സമൂഹത്തിന്റെ മനോഭാവത്തെ കോടതി വിമര്‍ശിച്ചത്. ബിരുദം നേടിയാല്‍ നമ്മുടെ യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ ഇതര ജോലിയെന്നത് ചിന്തിക്കാന്‍ പോലുമാകുന്നില്ല. കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു മനോനിലയെന്ന് ജസ്റ്റിസ് എ ബദറുദ്ദീനും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസും ഉള്‍പ്പെട്ട കോടതി ബഞ്ച് നിരീക്ഷിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ജി ഡി പി കുറഞ്ഞ സാഹചര്യമാണുള്ളത്. എല്ലാവര്‍ക്കും ജോലി നല്‍കാന്‍ സര്‍ക്കാറുകള്‍ക്കാകില്ല. സര്‍ക്കാർ ജോലി ജീവിതത്തിന്റെ അവസാനമല്ല. മറ്റു ജോലികള്‍ ചെയ്യാനും യുവാക്കള്‍ സന്നദ്ധമാകണം. യൂറോപ്യന്‍ മാതൃകയിലുള്ള സംരംഭങ്ങള്‍ മാത്രമല്ല, നമ്മുടെ ഗ്രാമീണ സംരംഭങ്ങളും പരിഗണിക്കണമെന്നും കോടതി ഉത്‌ബോധിപ്പിച്ചു.

ഇതിനിടെ കുടുംബശ്രീ മുൻ എക്സിക്യൂട്ടിവ് ഡയറക്ടര്‍ എസ് ഹരികിഷോറും തൊഴിലിനോടുള്ള കേരളീയ മനോഭാവം മാറേണ്ടതിന്റെ ആവശ്യകത ഉണര്‍ത്തുകയുണ്ടായി. നമ്മള്‍ മലയാളികള്‍ വിദേശത്തേക്ക് തൊഴില്‍ തേടി പോയാല്‍ എന്ത് ജോലിയും ചെയ്യും. അതേ ജോലി നാട്ടില്‍ ചെയ്യാന്‍ ആരും തയ്യാറല്ല. തൊഴില്‍ മനോഭാവത്തില്‍ നമ്മള്‍ വിദേശികളെ കണ്ടു പഠിക്കണം. വിദേശത്ത് എല്ലാ തൊഴിലാളികള്‍ക്കും അവര്‍ ചെയ്യുന്ന തൊഴില്‍ മേഖലയോട് മതിപ്പാണ്. ലണ്ടനില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഹോട്ടലില്‍ വെയ്റ്ററായി ജോലിയെടുക്കാന്‍ പോകാന്‍ ആളുകള്‍ക്ക് യാതൊരു മടിയുമില്ല. അവിടെ തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കാന്‍ വന്നാലും അവര്‍ക്ക് ചമ്മല്‍ അനുഭവപ്പെടാറില്ല. തൊഴില്‍ സംബന്ധിച്ച തെറ്റായ മനോഭാവമാണ് ദശലക്ഷക്കണക്കിന് അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യാന്‍ ഇടയാക്കിയത്. ഏത് തൊഴിലിനും മഹത്വവും അന്തസ്സും കാണുന്ന മനോഭാവം കേരളത്തിലും സംജാതമാകണം. മത്സര പരീക്ഷകളേക്കാള്‍ തൊഴില്‍ നേടാനും സ്വന്തമായി സംരംഭം തുടങ്ങാനും സഹായകമാകുന്ന മാര്‍ഗങ്ങളിലേക്ക് പോകുന്ന പുതു തലമുറയെയാണ് മറ്റു ചില സംസ്ഥാനങ്ങളില്‍ കാണാനായതെന്നും കേരളീയര്‍ ഇവരെ മാതൃകയാക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.

ഒന്നുകില്‍ സര്‍ക്കാര്‍ ജോലി, അല്ലെങ്കില്‍ വിദേശജോലി എന്നതാണ് പൊതുവെ കേരളീയരുടെ പൊതു മനോഭാവം. അതിനായി പി എസ് സിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ് യുവാക്കളില്‍ നല്ലൊരു വിഭാഗവും. കാര്‍ഷികം, വ്യവസായം, ഐ ടി തുടങ്ങി വിവിധ മേഖലകളില്‍ ധാരാളം ജോലികള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. ഉത്സാഹിച്ചാല്‍ നല്ല വരുമാനം നേടിയെടുക്കാകുന്നതാണ് ഇതിലൂടെയെല്ലാം. എന്നാല്‍ ആ ഭാഗത്തേക്കൊന്നും നമ്മുടെ യുവസമൂഹം കണ്ണുതുറക്കുന്നേ ഇല്ല. പി എസ് സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും സര്‍ക്കാര്‍ ജോലി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് മാസം മുമ്പ് സെക്രട്ടേറിയറ്റിനു മുമ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുകയുണ്ടായി. പി എസ് സി റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടുള്ള സമരവേദിയിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ ക്യാന്‍ തുറന്ന് മണ്ണെണ്ണ ശരീരത്തില്‍ ഒഴിക്കാന്‍ ശ്രമിക്കവെ, പോലീസ് എത്തി ക്യാന്‍ പിടിച്ചു മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ജോലിക്ക് സമൂഹം കല്‍പ്പിക്കുന്ന അമിത പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച വെള്ളക്കോളര്‍ സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് ഈ മനോഭാവവും ചെളിപുരളുന്നവര്‍ താഴേക്കിടയിലുള്ളവരും അമാന്യരുമെന്ന ചിന്താഗതിയും. “ഞാനോ ഇങ്ങനെ അധഃപതിച്ചു, എന്റെ കുട്ടിയെങ്കിലും നന്നാകട്ടെ എന്ന് കരുതി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തു” എന്ന് മറ്റുള്ളവരോട് പറയുന്നതില്‍ അഭിമാനം കാണുന്നവരാണല്ലോ നമ്മില്‍ പലരും. വിവാഹം ആലോചിക്കുമ്പോള്‍ വരന്റെ സര്‍ക്കാര്‍ ജോലിക്ക് പ്രഥമ പരിഗണന നല്‍കുന്നതിന്റെ പിന്നിലും ഈ മനോഭാവം തന്നെ. ഇതിനു മാറ്റം വരണമെങ്കില്‍ ഗുമസ്തരെ സൃഷ്ടിക്കാന്‍ മാത്രം ഉതകുന്ന ഇംഗ്ലീഷുകാരന്റെ വിദ്യാഭ്യാസ രീതിയില്‍ നിന്ന് മാറണം. കൃഷിയുള്‍പ്പെടെ ഇതര ജോലികള്‍ക്ക് മാന്യതയും അന്തസ്സും കാണുന്ന, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന തലമുറകളെ സൃഷ്ടിക്കാന്‍ സഹായകമാകുന്ന വിദ്യാഭ്യാസ രീതിയിലേക്കും പാഠ്യപദ്ധതിയിലേക്കും മാറണം. ശക്തരായ ഒരു അധ്യാപക സ്രോതസ്സ് ഉണ്ടാക്കുകയാണ് ഇതിന് ആദ്യമായി വേണ്ടത്. ലക്ഷ്യബോധമുള്ള അധ്യാപകര്‍ക്കേ ലക്ഷ്യബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ.

കാര്‍ഷിക സംസ്‌കൃതിയുടേതായിരുന്നു കേരളത്തിന്റെ പൂര്‍വകാല ചരിത്രം. നമ്മുട വികസന കാഴ്ചപ്പാടിലുണ്ടായ മാറ്റമാണ് സംസ്ഥാനത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ പിന്നീട് മാറ്റങ്ങളുണ്ടാക്കിയത്. ഇതോടെയാണ് കേരളം അവശ്യ വസ്തുക്കള്‍ക്കെല്ലാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട തരത്തില്‍ ഒരു ഉപഭോഗ സംസ്ഥാനമായി മാറിയത.് സര്‍ക്കാര്‍ ജോലിക്കു വേണ്ടി വര്‍ഷങ്ങളുടെ കാത്തുനില്‍പ്പ് നടത്തുന്ന യുവാക്കള്‍ കാര്‍ഷിക രംഗത്തേക്ക് ഇറങ്ങിത്തിരിച്ചാല്‍ ഇതിനൊരു മാറ്റം സൃഷ്ടിക്കാനും കേരളത്തിന് നഷ്ടമായ കാര്‍ഷിക സംസ്‌കൃതി തിരിച്ചു പിടിക്കാനും സാധിക്കും. കൊവിഡ് കാലം ഭക്ഷ്യരംഗത്ത് സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെ ആവശ്യകത നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഐ ടി, നിര്‍മാണ രംഗങ്ങളിലുമുണ്ട് സംസ്ഥാനത്ത് തൊഴില്‍ സാധ്യത ഏറെ. ഇലക്ട്രോണിക്‌സ് വ്യവസായ മേഖലകളില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ നിത്യജീവിതത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വന്‍ സ്വാധീനമാണുള്ളത്. മൊബൈല്‍ വിപ്ലവവും കൊവിഡിനെ തുടര്‍ന്ന് വ്യാപകമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ഇലക്ട്രോണിക്‌സ്, ഐ ടി മേഖലകളിലെ തൊഴില്‍ സാധ്യത പിന്നെയും വര്‍ധിപ്പിച്ചു. കൊവിഡിനെ തുടര്‍ന്ന് അതിഥി തൊഴിലാളികളില്‍ നല്ലൊരു പങ്കും നാടുവിട്ടതോടെ നിര്‍മാണ മേഖലയിലും തൊഴില്‍ സാധ്യത കൂടി. ഈ മേഖലയില്‍ മെച്ചപ്പെട്ട വേതനവും ലഭിക്കുന്നുണ്ട് ഇപ്പോള്‍. സ്ഥിരമായി ഈ രംഗത്ത് ജോലി ചെയ്യുന്ന ഒരാള്‍ക്ക് ഗള്‍ഫില്‍ ജോലി ചെയ്ത് ലഭിക്കുന്നതിനു സമാനമായ വരുമാനം ഇവിടെ തന്നെ ലഭിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹൈക്കോടതി ഉണര്‍ത്തിയതു പോലെ സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന നിലപാടില്‍ നിന്ന് മാറി മാന്യമായ ഏത് ജോലിയും ചെയ്യുന്ന ഒരു സ്ഥിതിയിലേക്ക്, അത്തരമൊരു തൊഴില്‍ സംസ്‌കാരത്തിലേക്ക് കേരളീയ സമൂഹം വളരേണ്ടിയിരിക്കുന്നു.

Latest