Connect with us

Kerala

ട്രാവന്‍കൂര്‍ സ്പിരിറ്റ് തട്ടിപ്പ് കേസിലെ ഏഴാം പ്രതി പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

തിരുവല്ല | പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് തട്ടിപ്പ് കേസിലെ ഏഴാം പ്രതിയെ അറസ്റ്റ് ചെയ്ത് കേരളത്തിലെത്തിച്ച് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മഹാരാഷ്ട്ര സ്വദേശി ആബ എന്ന് വിളിക്കുന്ന സതീഷ് ബാല്‍ ചന്ദ്വാനിയെയാണ് ഇന്നലെ ഉച്ചയോടെ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. 16 വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പ്രതിയുമായി മധ്യപ്രദേശിലെത്തി തെളിവെടുപ്പ് നടത്തുന്നതടക്കമുള്ള നടപടികള്‍ക്കായാണ് ഇത്രയധികം ദിവസം കസ്റ്റഡി നല്‍കിയിരിക്കുന്നത്.

കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ പുളിക്കീഴ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. പ്രതിക്ക് വേണ്ടി അഡ്വക്കേറ്റുമാരായ അഭിലാഷ് ചന്ദ്രന്‍, നിഷ കൃഷ്ണ എന്നിവര്‍ ഹാജരായി. സതീഷ് ബാല്‍ചന്ദിനൊപ്പമിരുത്തി ചോദ്യം ചെയ്യുന്നതിനായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ നന്ദകുമാര്‍, സിജോ തോമസ്, അരുണ്‍ കുമാര്‍ എന്നിവര്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കിയതായി ഡിവൈ എസ് പി പറഞ്ഞു. മധ്യപ്രദേശിലെ സേന്തുവയില്‍ പിടിയിലായ സതീഷ് ബാല്‍ ചന്ദിനെ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ട്രെയിന്‍ മാര്‍ഗം തിരുവല്ലയില്‍ എത്തിച്ചത്. മദ്യ നിര്‍മാണത്തിനായി മധ്യപ്രദേശില്‍ നിന്നും ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് ടാങ്കറുകളില്‍ എത്തിച്ച സ്പിരിറ്റില്‍ നിന്നും 20386 ലിറ്റര്‍ മധ്യപ്രദേശിലെ സേന്തുവയില്‍ മറിച്ചു വിറ്റ കേസില്‍ പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സതീഷ് ബാല്‍ ചന്ദ്വാനിയെ അറസ്റ്റ് ചെയ്തത്.