Connect with us

National

46 ജില്ലകളില്‍ ടിപിആര്‍ പത്തിന് മുകളില്‍; പരിശോധനയും വാക്‌സിനേഷനും ഊര്‍ജിതമാക്കാന്‍ കേന്ദ്ര നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ 46 ജില്ലകളില്‍ കൊവിഡ് സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ പരിശോധനയും വാക്‌സിനേഷന്‍ നടപടികളും ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ള ജില്ലകളിലാണ് ഊര്‍ജിത നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. പത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്കുള്ള 46 ജില്ലകളും അഞ്ചിനും പത്തിനും ഇടയില്‍ പോസിറ്റിവിറ്റി നിരക്കുള്ള 53 ജില്ലകളുമാണ് നിലവിലുള്ളത്.

കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് കൊവിഡ് വ്യാപനം ശക്തമായി തുടരുന്നത്. ഈ ജില്ലകളില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45-60 വയസ്സിനിടയിലുള്ളവര്‍ക്കും സമ്പൂര്‍ണ വാക്‌സിനേഷന്‍ സാധ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഈ പ്രായക്കാര്‍ക്കിടയിലാണ് കൊവിഡ് കൂടുതല്‍ അപകടകാരിയെന്നതിനാലാണ് ഈ വിഭാഗത്തെ കൂടുതല്‍ ശ്രദ്ധിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വാക്‌സിനേഷന്‍, പ്രതിരോധ നടപടികളില്‍ അലംഭാവമുണ്ടായാല്‍ സ്ഥിതി കൂടുതല്‍ വഷളാകാന്‍ ഇടയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ടിപിആര്‍ കൂടിയ ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നത് തടയുകയും ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുകയും ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളില്‍ 80 ശതമാനവും ഹോം ഐസൊലേഷനിലാണ്. അതിനാല്‍ തന്നെ വൈറസിന്റെ കണ്ണി തകര്‍ക്കാന്‍ അത്തരം കേസുകള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നേതൃത്വത്തില്‍ നടത്തിയ അവലോകന യോഗത്തില്‍ നടപടികള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest