Connect with us

Kerala

കള്ളപ്പണം; ബി ജെ പി പ്രവര്‍ത്തകരിലും അണികളിലും കടുത്ത നിരാശ

Published

|

Last Updated

കോഴിക്കോട് | കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് പാര്‍ട്ടിയുടെ ആത്മവിശ്വാസം തകര്‍ത്തെന്നും മുഖ്യ പ്രതിപക്ഷത്തെപ്പോലെ കേരളത്തില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി പതിന്മടങ്ങ് പിന്നോട്ടുപോയെന്നും ജില്ലാ കമ്മിറ്റികളില്‍ നിന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ ബി ജെ പി ജനറല്‍ സെക്രട്ടറിമാര്‍ ജില്ലകളില്‍ എത്തുമ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും ഉണ്ടാക്കിയ കടുത്ത നിരാശയാണ് പ്രകടമാകുന്നത്. ധാര്‍മികതയിലും മൂല്യങ്ങളിലും വിശ്വസിച്ചു പാര്‍ട്ടിയിലെത്തിയ വലിയൊരു വിഭാഗം കടുത്ത മനോവേദനയിലാണെന്ന് ജില്ലാ കമ്മിറ്റികള്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടിക്കുവേണ്ടി നിയമ വിരുദ്ധമായി കുഴല്‍പ്പണം കടത്തിയതു സംബന്ധിച്ച് മറ്റ് അന്വേഷണം ആവശ്യമാണെന്ന കുറ്റപത്രത്തിലെ പരാമര്‍ശം വരും നാളുകളില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതവും പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യുന്നു. കള്ളപ്പണത്തിനെതിരെ പൊരുതുന്ന പാര്‍ട്ടി എന്ന പേരും രാജ്യസ്നേഹത്തില്‍ കെട്ടിപ്പടുത്ത പ്രതിച്ഛായയും തകര്‍ന്നതായി പാര്‍ട്ടി ഗ്രൂപ്പ് ഭേദമില്ലാതെ വിലയിരുത്തുന്നു.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പു മുതല്‍ കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് വന്‍തോതില്‍ കുഴല്‍പ്പണം കൊണ്ടുവന്നതിന്റെ വിവരങ്ങളാണു പുറത്തു വരുന്നത്. പാര്‍ട്ടിയുടെ പേരില്‍ കൊണ്ടുവന്ന ഈ പണമത്രയും ഗ്രൂപ്പിനെ ശക്തിപ്പെടുത്താനും നേതാക്കള്‍ വ്യക്തിപരമായ സുഖഭോഗങ്ങള്‍ക്കും ധനസമ്പാദനത്തിനും ഉപയോഗിച്ചു എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കള്ളപ്പണക്കേസ് നിയമ വഴിയിലൂടെ പ്രതിരോധിക്കുമെന്നു പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുമ്പോഴും നാണക്കേടില്‍ നിന്നു തലയൂരാന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും അണികളും.

തിരഞ്ഞെടുപ്പു തോല്‍വിയെക്കാള്‍ നാണക്കേടുണ്ടാക്കിയതു തിരഞ്ഞെടുപ്പിന് എത്തിച്ച പണം ക്വട്ടേഷന്‍ സംഘം തട്ടിയെടുത്തെന്ന പരാതിയാണ്. കേരളത്തില്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അഭിമുഖീകരിച്ചിട്ടില്ലാത്ത നാണക്കേടിലേക്കാണ് ഇതു പാര്‍ട്ടിയെ എത്തിച്ചതെന്നാണു വിമര്‍ശനം. ഇത്രയേറെ കോടികള്‍ ഒഴുക്കിയിട്ടും ഒന്നും കിട്ടാത്ത താഴെ തട്ടിലുള്ള പ്രവര്‍ത്തകരാണ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പണം ലഭിക്കാതെ ഇനി ഒരു പ്രവര്‍ത്തനത്തിനും ഇല്ലെന്നു പ്രവര്‍ത്തകര്‍ പരസ്യമായി പ്രതികരിച്ച സ്ഥലങ്ങളുമുണ്ട്. അധ്വാനിക്കാന്‍ തങ്ങളും പണംതട്ടാന്‍ ചിലരും എന്ന അവസ്ഥ ഇനി നടക്കില്ല എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

തിരഞ്ഞെടുപ്പില്‍ മത്സരിച്ച പല സ്ഥാനാര്‍ഥികള്‍ക്കും പണം എത്ര വന്നെന്നോ എവിടെയൊക്കെ ചെലവാക്കിയെന്നോ അറിയില്ല. ആര്‍ എസ് എസ് ചുമതലപ്പെടുത്തിയവരാണ് പണം കൈകാര്യം ചെയ്യുന്നത് എന്നായിരുന്നു തിരഞ്ഞെടുപ്പു സമയത്ത് നേതൃത്വം പറഞ്ഞത്. ധര്‍മരാജന്‍ ഉള്‍പ്പെടെ കള്ളപ്പണക്കടത്തില്‍ ഉള്‍പ്പെട്ടവരെല്ലാം സുരേന്ദ്രന്റെയും വി മുരളീധരന്റെയും അടുപ്പക്കാരാണെന്ന ആരോപണം പി കെ കൃഷ്ണദാസ്, എം ടി രമേശ് പക്ഷം ശക്തമാക്കിയിട്ടുണ്ട്.

പണം കൊണ്ടുവന്നതും കവര്‍ന്നതുമെല്ലാം പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണെന്നും ഒത്തുകളിയാണെന്നും പ്രവര്‍ത്തകര്‍ സംശയിക്കുന്നു. നേരത്തെ ഇത്തരത്തില്‍ പണം കൊണ്ടുവന്നപ്പോള്‍ ഇതേ രീതിയില്‍ 4.40 കോടി സേലത്തു വച്ച് ഇതേ പ്രതികള്‍ കവര്‍ന്നെന്നും കുറ്റപത്രത്തിലുണ്ട്.
കുറ്റപത്രത്തെ അടിസ്ഥാനമാക്കി കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കോടതിയുടെ നിര്‍ദേശം വന്നാല്‍ ബി ജെ പി കൂടുതല്‍ പ്രതിരോധത്തിലാവും. കേന്ദ്ര അധികാരം ഉപയോഗിച്ച് അന്വേഷണ ഏജന്‍സികളെ വരുതിയില്‍ നിര്‍ത്തിയാലും മാനക്കേടിനു കുറവുണ്ടാവില്ല. വന്ന പണം എങ്ങോട്ടു പോയെന്ന ചോദ്യത്തിന് ഉത്തരം കൃത്യമായി കൊടുക്കാന്‍ നേതൃത്വം ബുദ്ധിമുട്ടും. ഒരു ചില്ലിക്കാശിന്റെയും കണക്കു കണ്ടിട്ടില്ലെന്നാണു സംസ്ഥാന ട്രഷറര്‍ കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞത്. ബി ജെ പി നേതാക്കളുടെ ഈ ഇടപാട് തങ്ങള്‍ക്കും പേരുദോഷമുണ്ടാക്കിയെന്ന് കഴിഞ്ഞ് ആര്‍ എസ് എസ് വാര്‍ഷിക ബൈഠക്കും വിലയിരുത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാന്‍ ബി ജെ പി സംസ്ഥാന ഭാരവാഹികളുടെ നിര്‍ദേശ പ്രകാരം 12 കോടി രൂപ എത്തിച്ചിരുന്നു എന്നും ധര്‍മരാജന്റെ മൊഴിയുണ്ട്. ബെംഗളൂരുവില്‍ നിന്നാണ് അന്നും പണം കൊണ്ടുവന്നത്. മൂന്നു തവണയായി തുക എത്തിച്ചത് ബി ജെ പി സംസ്ഥാന ഓഫിസിലെ ഗണേഷിന്റെ നിര്‍ദേശ പ്രകാരമാണ്. ബെംഗളൂരുവിലെ സ്വര്‍ണക്കച്ചവടക്കാര്‍ വഴി കോഴിക്കോട് പണമെത്തിച്ചു പാര്‍ട്ടിക്കു കൈമാറുന്ന സമാന്തര സംവിധാനവും ഉണ്ടായിരുന്നതായി മൊഴിയില്‍ വ്യക്തമാണ്.

നേരത്തെ കേരള രാഷ്ട്രീയത്തില്‍ വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത് യഥാര്‍ഥ പ്രതിപക്ഷം ചമയാനുള്ള ബി ജെ പിയുടെ ആര്‍ജവം ഈ കള്ളപ്പണക്കടത്തോടെ ചോര്‍ന്നുപോയി എന്നാണു പാര്‍ട്ടി വിലയിരുത്തുന്നത്. ഇനിമേലില്‍ കെ സുധാകരന്‍ ഏതു വിഷയം ഉയര്‍ത്തിയാലും കള്ളപ്പണത്തിനു മുമ്പില്‍ തട്ടിത്തകര്‍ന്നു പോകുമെന്നും അവര്‍ പറയുന്നു.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്