Connect with us

Kerala

ചെന്നിത്തലക്ക് ഡല്‍ഹിയില്‍ പദവി ഒരുക്കാന്‍ കെ സി വേണുഗോപാലിനെ വെട്ടാൻ നീക്കം

Published

|

Last Updated

കോഴിക്കോട് | ദേശീയ രാഷ്ട്രീയത്തില്‍ സുപരിചിതനായ രമേശ് ചെന്നിത്തല ഡല്‍ഹി രാഷ്ട്രീയത്തില്‍ തിരിച്ചെത്തുന്നതു തടയാനുള്ള കെ സി വേണുഗോപാലിന്റെ നീക്കം അദ്ദേഹത്തിനു തന്നെ തിരിച്ചടിയാവുന്നു. ചെന്നിത്തല ഡല്‍ഹിയില്‍ സ്ഥാനാരോഹണം നടത്തുന്നതിനു മുമ്പ് സംഘടനാ ജനറല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് കെ സി വോണുഗോപാലിനെ മാറ്റിയേക്കുമെന്നാണു വിവരം. സംഘടനാ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വേണുഗോപാല്‍ പരാജയപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വേണുഗോപാലിന്റെ ഇടപെടല്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നം രൂക്ഷമാക്കിയെന്ന പരാതിയിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടി.

കോണ്‍ഗ്രസ് വിട്ട യുവ രക്തവും രാഹുല്‍ ബ്രിഗേഡിന്റെ കരുത്തുമായിരുന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിച്ചതോടെ കോണ്‍ഗ്രസിലെ യുവാക്കളെല്ലാം പല അവസരങ്ങള്‍ നോക്കിയേക്കാമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ഇതാണ് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം ഇടപെട്ടത് വേണുഗോപാലിനെ ഹൈക്കമാന്റിന്റെ അപ്രീതിക്കു പാത്രമാക്കിയിരുന്നു. കെ സി വേണുഗോപാലിനെ പോലൊരാള്‍ രാഹുല്‍ ഗാന്ധിയുടെ വലംകൈയ്യായി ഡല്‍ഹിയില്‍ ഉള്ളപ്പോള്‍ പാര്‍ട്ടി വൈസ് പ്രസിഡന്റായി ഡല്‍ഹിയിലേക്കു വരുന്നതിലുള്ള അനൗചിത്യം ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഒരു രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയിലുള്ള ഒരു പ്രതിച്ഛായയും ഇല്ലാതെ ഡല്‍ഹിയിലെ സുപ്രധാന പദവിയില്‍ തുടരുന്ന വേണുഗോപാല്‍ പരാജയമാണെന്നു കേരളത്തിലെ മുതിര്‍ന്ന ചില നേതാക്കളും രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചു എന്നാണു വിവരം.

ഹിന്ദി ബെല്‍ട്ടിലെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ള നേതാവ് എന്ന നിലയില്‍ ചെന്നിത്തലയെ സുപ്രധാന പദവിയില്‍ എത്തുക്കുന്നതിനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ നടത്തുന്നത്. കേരളത്തിലുള്ള നേതാക്കള്‍ മാത്രമാണ് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ കൂടെ നില്‍ക്കുക എന്നു രാഹുല്‍ കരുതുന്നു. ഹിന്ദി ബെല്‍ട്ടില്‍ നിന്നുള്ള നേതാക്കള്‍ എപ്പോഴാണ് കാലുമാറുക എന്നു പ്രവചിക്കാന്‍ കഴിയില്ലെന്നാണ് അടുത്തകാലത്തെ ചില മാറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ കെ സി വേണുഗോപാലിന്റെ സംഭാവന ശുഷ്‌കമായിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ ജനിച്ച് ആലപ്പുഴ പ്രവര്‍ത്തന കേന്ദ്രമാക്കിയ നേതാവാണ് വേണുഗോപാല്‍. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും വേണുഗോപാലിന്റെ രാഷ്ട്രീയ വളര്‍ച്ചക്കു വഴിയൊരുക്കി. കെ എസ് യു വഴി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വേണു ഗോപാല്‍ 1987-ല്‍ സംസ്ഥാന പ്രസിഡന്റായി. 1992 മുതല്‍ 2000 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. 1996-ല്‍ ആദ്യമായി ആലപ്പുഴയില്‍ നിന്ന് എം എല്‍ എയായി. പിന്നീട് 2001, 2006 വര്‍ഷങ്ങളില്‍ വിജയം ആവര്‍ത്തിച്ചു. 2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായി.

2009-ല്‍ ആദ്യമായി ലോക്സഭയില്‍ അംഗമായതോടെയാണ് കെ സി വേണുഗോപാല്‍ ഡല്‍ഹി രാഷ്ട്രീയം നേരില്‍ കാണുന്നത്. 2011 മുതല്‍ 2014 വരെ കേന്ദ്ര മന്ത്രിയാതോടെ ഹൈക്കമാന്റിന്റെ അടുപ്പക്കാരനാവാന്‍ കഴിഞ്ഞു. അതു വഴി 2014-ല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി. 2014ല്‍ വീണ്ടും പാര്‍ലിമെന്റിലെത്തി. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ അംഗമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നുറപ്പായ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് സുശക്തരായ നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. ഗുലാം നബി ആസാദ്, മുകുള്‍ വാസ്നിക്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കൊപ്പം രമേശ് ചെന്നിത്തലയേയും വര്‍ക്കിംഗ് പ്രസിഡന്റാക്കാനാണു നീക്കം.

ഇന്ധിരാ ഗാന്ധിയുടെ കാലം മുതല്‍ കുടുംബവുമായി ആഴത്തിലുള്ള ബന്ധവും ചെന്നിത്തലയെ കൊണ്ടുവരുന്നതില്‍ രാഹുല്‍ ഹൈക്കമാന്റ് മാനദണ്ഡമാക്കുന്നുണ്ട്. 1984ലെ എന്‍ എസ് യു ദേശീയ സമ്മേളനത്തിലെ മൂന്ന് മണിക്കൂര്‍ നീണ്ട ഹിന്ദി പ്രസംഗത്തോടെയാണ് ചെന്നിത്തല ഇന്ദിരാഗാന്ധിക്കു പ്രിയങ്കരനായത്. തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ മികച്ച അനുഭവ സമ്പത്തുനേടാനുള്ള നിരവധി അവസരങ്ങള്‍ ചെന്നിത്തലക്കു കൈവന്നു. 1982ല്‍ എന്‍ എസ് യു ദേശീയ അധ്യക്ഷനായതു മുതല്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇടപെട്ട അനുഭവ സമ്പത്താണു ചെന്നിത്തലയുടെ കൈമുതല്‍.

രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതു വരെ ഒന്നിലേറെ വര്‍ക്കിങ്ങ് പ്രസിഡന്റുമാരെ വെച്ചു പാര്‍ട്ടിയെ ഊര്‍ജ്ജ്വസ്വലമാക്കുകയാണു ലക്ഷ്യം. അധ്യക്ഷയായി സോണിയ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ വര്‍ക്കിങ്ങ് പ്രസിഡന്റുമാരെ ഏല്‍പ്പിക്കാനാണ് ആലോചന.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest