Connect with us

Articles

ഭരണകൂടം ഒളിക്കുന്നതും നീതിപീഠം കാണാത്തതും

Published

|

Last Updated

കൊവിഡിന്റെ മൂന്നാം തരംഗ ഭീതിയിലാണ് രാജ്യവും ലോകവുമിപ്പോള്‍. ഏറെക്കുറെ സമ്പൂര്‍ണ അടച്ചുപൂട്ടലിനൊടുവില്‍ രാജ്യത്തെ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് വരുന്ന ഘട്ടത്തിലാണ് അടുത്ത ഭീഷണി ഉയര്‍ന്നിരിക്കുന്നത്. നേരത്തേ രാജ്യതലസ്ഥാനമടക്കം പലവിധ നിയന്ത്രണങ്ങള്‍ക്ക് വിധേയമായപ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രവര്‍ത്തനങ്ങള്‍ അഭംഗുരം മുന്നോട്ടുപോയിക്കൊണ്ടിരുന്നു. സെന്‍ട്രല്‍ വിസ്ത അത്രമേല്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട സാഹചര്യമുണ്ടോയെന്നാരാഞ്ഞ് ചില ഹരജികള്‍ ഡല്‍ഹി ഹൈക്കോടതിയിലെത്തിയിരുന്നു. അതെന്തായാലും നിലംപൊത്താറായ ഒരു പാര്‍ലിമെന്റ് മന്ദിരത്തിനകത്തല്ല നമ്മുടെ ജനപ്രതിനിധികള്‍ സഭ സമ്മേളിക്കുന്നതെന്ന് നമുക്കറിയാം. ശ്വാസം മുട്ടിയ ജനത ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ക്ക് വേണ്ടി പരക്കംപാഞ്ഞ കൊവിഡ് രണ്ടാം തരംഗത്തിന്റെ കൊടുമുടിയിലും വിഘ്‌നം സംഭവിക്കാതെ മുന്നോട്ടുപോകേണ്ട ഒരനിവാര്യതയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയെന്ന മര്‍ക്കടമുഷ്ടി കേന്ദ്ര സര്‍ക്കാറിന് മാത്രമാണുള്ളത്.

ഡല്‍ഹിയിലെ പാര്‍ലിമെന്റ് മന്ദിരത്തിന്റെയും മറ്റു പൈതൃക കെട്ടിടങ്ങളുടെയും ആധുനികവത്കരണമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ലക്ഷ്യമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഭാഷ്യം. പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതും കാര്യക്ഷമമായ ഭരണ നിര്‍വഹണത്തിനായി ഏകീകൃത ഭരണകേന്ദ്രം രൂപപ്പെടുത്തുന്നതുമാണതെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. സെന്‍ട്രല്‍ വിസ്ത പദ്ധതി സുതാര്യമല്ലെന്നും രാജ്യത്തിന്റെ ചരിത്രപരവും സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവുമായ പൈതൃകത്തെ ഭാവിയില്‍ സവിശേഷമായി അടയാളപ്പെടുത്തുന്ന ഒരു പ്രൊജക്ട് എന്ന നിലയില്‍ അഭിപ്രായ രൂപവത്കരണത്തില്‍ പൊതുജന പങ്കാളിത്തം ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരെ നേരത്തേ സുപ്രീം കോടതിയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരി അഞ്ചിലെ ഒന്നിനെതിരെ രണ്ടിന്റെ ഭൂരിപക്ഷ വിധിയില്‍ പ്രസ്തുത ഹരജികള്‍ സുപ്രീം കോടതി തള്ളുകയാണുണ്ടായത്.

 

പാര്‍ലിമെന്റ് ഹൗസിന് മാറ്റം വരുത്തുന്ന പ്രൊജക്ട് മറ്റേത് വികസന നിര്‍മാണ പദ്ധതി പോലെയുമല്ല. ഭരണഘടനാമുഖം ആരംഭിക്കുന്ന “നമ്മള്‍ ഇന്ത്യയിലെ ജനങ്ങളു”ടെ ചരിത്ര പൈതൃകത്തെ സ്വാംശീകരിക്കുകയും കൈമാറുകയും ചെയ്യുന്ന ഒരു സ്മാരകമാണ് പാര്‍ലിമെന്റ് മന്ദിരം. നീണ്ട സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെയും ജനകീയ വിപ്ലവങ്ങളുടെയും ഗതകാലം പറയാനുള്ള രാജ്യങ്ങളുടെ ഭരണ സിരാകേന്ദ്രങ്ങളെ അത്തരത്തില്‍ പൊതുസ്വത്തായാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ചരിത്രവും പാരമ്പര്യവും തദ്ദേശീയ ജനതയുടെ പൊതുവായ അവകാശമാണ് എന്നതാണ് അതിനടിസ്ഥാനം. കേവലം ഭരണ തലസ്ഥാനത്തിന്റെ ആധുനികവത്കരണ നടപടി എന്നതിനപ്പുറം ഹെറിറ്റേജിന്റെ നേരവകാശികളായ രാജ്യത്തെ പൗരന്‍മാരുടെ ജനാധിപത്യപരമായ പങ്കാളിത്തം, സുതാര്യത തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളുടെ ബലത്തില്‍ നീതിന്യായ പരിശോധന നടക്കേണ്ടത് തന്നെയാണ് സെന്‍ട്രല്‍ വിസ്തയില്‍. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടത് മാത്രവുമല്ലത്. എന്നാല്‍ സൂക്ഷ്മമായ നീതിന്യായ പരിശോധന ഉണ്ടായില്ല സെന്‍ട്രല്‍ വിസ്തയില്‍ എന്നത് ദൗര്‍ഭാഗ്യകരമാണ്. അതേസമയം കേന്ദ്ര സര്‍ക്കാറിന്റെ ഭരണപരമായ നയതീരുമാനമാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്ടെന്നും അത് ഏതെങ്കിലും മൗലികാവകാശത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടാന്‍ ഹരജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും വിശദീകരിച്ചാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ സുതാര്യതയെ മുന്‍നിര്‍ത്തി സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ പരമോന്നത നീതിപീഠം തീര്‍പ്പാക്കിയത്.

സവിശേഷ പ്രാധാന്യമുള്ള പദ്ധതിയെ പ്രതി പാര്‍ലിമെന്റില്‍ ചര്‍ച്ച വേണ്ടതായിരുന്നു. എന്നാല്‍ ഭരണഘടനാ മൂല്യങ്ങളോടും പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ പാലിക്കേണ്ട മര്യാദകളോടും എപ്പോഴും മുഖംതിരിഞ്ഞുനില്‍ക്കുന്ന ഭരണകൂടം സെന്‍ട്രല്‍ വിസ്തയില്‍ പാര്‍ലിമെന്റില്‍ പോലും ചര്‍ച്ചക്ക് ഇടംനല്‍കിയില്ലെന്നത് പരമോന്നത നീതിപീഠത്തിന്റെ ശ്രദ്ധയില്‍ വന്നതുമില്ല. ഇന്ത്യയുടെ സമ്പന്നമായ ചരിത്ര പൈതൃകത്തില്‍ അഭിമാനിക്കുന്ന വലിയ പൗരസമൂഹത്തില്‍ രാജ്യം ഭരിക്കുന്നവരുടെ ഇടം വേലിപ്പുറത്താണ്. അതുതന്നെയാണ് ചരിത്രത്തിന്റെ അട്ടിമറി സെന്‍ട്രല്‍ വിസ്തക്ക് പിന്നിലെ അജന്‍ഡകളുടെ ഭാഗമാണെന്ന വിമര്‍ശം അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുമ്പോഴും സംവാദങ്ങള്‍ക്ക് പോലും അവസരം നല്‍കാതെ നിസ്സങ്കോചം മുന്നോട്ടുപോകാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ചരിത്ര പൈതൃക സംരക്ഷണത്തിന്റെ വിശാല വീക്ഷണകോണിലേക്ക് വളരാതെ അത് മന്ദിരം മോടിപിടിപ്പിക്കുന്നതാണെന്ന് നീതിപീഠം അടിവരയിട്ടതോടെ ഭരണകൂടത്തിന് ചരിത്രത്തിന് മേല്‍ അട്ടിമറി നടത്താന്‍ കളമൊരുങ്ങിയിരിക്കുകയാണ്.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഏപ്രില്‍ മാസത്തില്‍ ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി രാജ്യതലസ്ഥാനത്ത് അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ചുരുക്കം ചില സഞ്ചാരങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. ഡല്‍ഹി നഗരത്തില്‍ വേണ്ട അത്യാവശ്യ സേവനങ്ങളില്‍ ഇളവുകള്‍ പരിമിതപ്പെടുത്തിയപ്പോഴും തുടര്‍ന്നുകൊണ്ടിരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികള്‍ ഡല്‍ഹി ഹൈക്കോടതിയിലെത്തി. ദേശീയ പ്രാധാന്യമുള്ള അനിവാര്യ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്തയുടെ എല്ലാ പദ്ധതികളുമെന്നും ഭാവിയില്‍ പാര്‍ലിമെന്റ് പ്രവര്‍ത്തിക്കേണ്ട ഇടമാണതെന്നുമാണ് പൗരന്‍മാരുടെ ആരോഗ്യസുരക്ഷയെ കരുതി സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി വിധിപ്രസ്താവം നടത്തിയത്. ദേശീയ പ്രാധാന്യമുള്ള പദ്ധതി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന ഹരജിക്കാര്‍ക്ക് ദുരുദ്ദേശ്യമാണുള്ളതെന്നും നിക്ഷിപ്ത താത്പര്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ ശരിയായ പൊതു താത്പര്യ ഹരജികളല്ലെന്നു കൂടെ വിലയിരുത്തി ഒരു ലക്ഷം രൂപ കോടതിച്ചെലവിലേക്ക് വകയിരുത്തിയാണ് ഡല്‍ഹി ഹൈക്കോടതി ഹരജികള്‍ നിരാകരിച്ചത്. തുടര്‍ന്ന് തങ്ങള്‍ക്കെതിരെ ദുരുദ്ദേശ്യം ആരോപിച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹരജിക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. എന്നാല്‍ ഡല്‍ഹി നഗരത്തിലെ 16 പദ്ധതികളില്‍ ഒന്ന് മാത്രം തിരഞ്ഞെടുത്തതെന്തുകൊണ്ടാണെന്ന് ഹരജിക്കാര്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട പരമോന്നത നീതിപീഠം ജൂണ്‍ 29ന് പ്രസ്തുത അപ്പീല്‍ തള്ളുകയുണ്ടായി.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ സുതാര്യതയും ജനാധിപത്യപരമായി പാലിക്കേണ്ട നടപടിക്രമങ്ങളും പ്രമേയമാക്കി ഭരണഘടനാ കോടതികളിലെത്തിയ ഹരജികളില്‍ സൂക്ഷ്മമായ നീതിന്യായ പരിശോധനക്ക് കോടതികള്‍ മുതിര്‍ന്നില്ല എന്ന വിമര്‍ശം നിലനില്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലും മറ്റും നടന്നുകൊണ്ടിരിക്കുന്ന, ചരിത്രപരമായ നിര്‍മിതികളുടെ നവീകരണമെന്ന പേരില്‍ നടമാടുന്ന നശീകരണ പ്രവര്‍ത്തനങ്ങളുടെയും സ്ഥലനാമങ്ങള്‍ മാറ്റുന്നതിലൂടെയടക്കം സാധ്യമാക്കാന്‍ ശ്രമിക്കുന്ന ചരിത്രത്തിലേക്കുള്ള പുതിയ തള്ളിക്കയറ്റങ്ങളുടെയും മറ്റൊരു മുഖമാണ് സെന്‍ട്രല്‍ വിസ്തയുടെ സൂക്ഷ്മ വായനയില്‍ തെളിഞ്ഞുകാണുന്നതെന്ന് അക്കാദമീഷ്യന്‍മാരും നിയമവിദഗ്ധരും നിരീക്ഷിക്കുന്നുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ അനാവശ്യ ഝടുതിയും സുതാര്യതയില്ലാത്ത ഇടപെടലുകളും അത്തരം വിലയിരുത്തലുകളെ ബലപ്പെടുത്തുന്നുമുണ്ട്. ഫാസിസ്റ്റ് ഭരണകൂട മോഹങ്ങളിലുള്ള സങ്കുചിത രാഷ്ട്ര നിര്‍മിതിയിലെ മുഖ്യ ഭാഗധേയമല്ല സെന്‍ട്രല്‍ വിസ്ത എന്നാര് കണ്ടു. അങ്ങനെയെങ്കില്‍ സെന്‍ട്രല്‍ വിസ്തയെ പ്രശ്‌നവത്കരിച്ച വ്യവഹാരങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യാത്തതിന്റെ പേരില്‍ നമ്മുടെ നീതിപീഠങ്ങള്‍ ക്രൂശിക്കപ്പെടില്ലേ.